| Sunday, 8th February 2026, 1:38 pm

ഇനി കളികള്‍ ജോര്‍ദാനില്‍, തീപാറുന്ന ആക്ഷന് വേണ്ടി എന്‍.ടി.ആര്‍. വിദേശത്തേക്ക്, എതിരെ നില്‍ക്കാന്‍ ടൊവിനോയും?

അമര്‍നാഥ് എം.

തെലുങ്ക് സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഡ്രാഗണ്‍. സൂപ്പര്‍താരം ജൂനിയര്‍ എന്‍.ടി.ആറിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ട് അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വന്‍ ബജറ്റിലൊരുങ്ങുന്ന ആക്ഷന്‍ ത്രില്ലറിന്റെ പുതിയ അപ്‌ഡേറ്റാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച.

ചിത്രത്തിന്റെ പുതിയ ഷെഡ്യൂളിനായി അണിയറപ്രവര്‍ത്തകര്‍ ജോര്‍ദാനിലേക്ക് തിരിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസമാണ് ജൂനിയര്‍ എന്‍.ടി.ആര്‍ അടക്കമുള്ള താരങ്ങള്‍ വിദേശത്തേക്ക് പറന്നത്. ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാനാണ് ജോര്‍ദനിലേക്ക് പുറപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

40 ദിവസത്തെ ഷൂട്ടാണ് ജോര്‍ദാനില്‍ പ്ലാന്‍ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്‍.ടി.ആറിനൊപ്പം മലയാളികളുടെ സ്വന്തം ടൊവിനോയും ഈ ഷെഡ്യൂളിലുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. അടുത്തിടെ പുറത്തുവന്ന ടൊവിനോയുടെ വര്‍ക്കൗട്ട് വീഡിയോ ഡ്രാഗണ് വേണ്ടിയാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

നായകനൊപ്പം കട്ടക്ക് നില്‍ക്കുന്ന വില്ലന്‍ വേഷമാകും ടൊവിനോക്കെന്നാണ് റിപ്പോര്‍ട്ട്. മലയാളി താരങ്ങള്‍ക്ക് മികച്ച വേഷങ്ങള്‍ മാത്രം നല്‍കുന്ന പ്രശാന്ത് നീല്‍ ടൊവിനോക്കും നല്ല കഥാപാത്രത്തെയാകും നല്‍കുകയെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്. ടൊവിനോ- എന്‍.ടി.ആര്‍ സീനുകള്‍ തന്നെയാകും ഡ്രാഗണിന്റെ പ്രധാന ഹൈലൈറ്റ്. ബിജു മേനോനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ടൊവിനോ തോമസ്. Photo: Industryhit.com

രണ്ട് ഭാഗങ്ങളിലായിട്ടാകും ചിത്രം ഒരുങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. ആദ്യഭാഗം 2027 ജനുവരിയില്‍ തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. ചിത്രത്തിനായി ജൂനിയര്‍ എന്‍.ടി.ആര്‍ നടത്തിയ മേക്ക് ഓവര്‍ ആരാധകരെപ്പോലും ഞെട്ടിച്ചിരുന്നു. ശരീരഭാരം വലിയ രീതിയില്‍ കുറച്ചുകൊണ്ടാണ് താരക് സിനിമാലോകത്തെ ഞെട്ടിച്ചത്. ഇതിനിടെ താരകിന് പരിക്കേറ്റത് മൊത്തം ഷൂട്ടിന്റെയും താളം തെറ്റിച്ചു. പരിക്കില്‍ നിന്ന് മുക്തനായ താരം അടുത്തിടെയാണ് ആരോഗ്യം വീണ്ടെടുത്തത്.

ഡ്രാഗണ്‍ ആദ്യഭാഗം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ പ്രശാന്ത് നീല്‍ സലാറിന്റെ രണ്ടാം ഭാഗത്തിലേക്ക് കടക്കുകയുള്ളൂ. കെ.ജി.എഫിലൂടെ കന്നഡ ഇന്‍ഡസ്ട്രിയുടെ ഗതിമാറ്റിയ പ്രശാന്ത് ഇപ്പോള്‍ തെലുങ്കിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. തെലുങ്കിലെ മുന്‍നിര നിര്‍മാതാക്കളായ മൈത്രി മൂവീ മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Dragon movie next schedule in Joradan featuring Jr Ntr and Tovino

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more