| Sunday, 9th September 2012, 9:27 am

ധവള വിപ്ലവത്തിന്റെ പിതാവ്‌ ഡോ.വര്‍ഗീസ് കുര്യന്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: മലയാളിയും ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവുമായ ഡോ. വര്‍ഗീസ് കുര്യന്‍ അന്തരിച്ചു. 90 വയസായിരുന്നു.  ഞായറാഴ്ച പുലര്‍ച്ചെ 1.30 ന് ഗുജറാത്തിലെ നദിയാദില്‍ ആയിരുന്നു അന്ത്യം. കോഴിക്കോട് സ്വദേശിയാണ്. ശവസംസ്‌കാരം വൈകീട്ട് നാലിന് ഗുജറാത്തിലെ ആനന്ദില്‍ നടക്കും.

ഇന്ത്യന്‍ ക്ഷീര വികസന ബോര്‍ഡിന്റെ സ്ഥാപകനും ആദ്യ ചെയര്‍മാനുമാണ് വര്‍ഗ്ഗീസ് കുര്യന്‍. ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ പാല്‍ ഉത്പാദക രാജ്യമായി മാറ്റിയതില്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഇദ്ദേഹം. []

ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഗുജറാത്തില്‍ ആരംഭിച്ച ക്ഷീരോല്പ്പാദക സഹകരണ പ്രസ്ഥാനങ്ങളാണ് ഭാരതത്തില്‍ ധവള വിപ്ലവത്തിന് നാന്ദി കുറിച്ചത്. നബാര്‍ഡിന്റെ  ആഭിമുഖ്യത്തില്‍ 1970 കളില്‍ ആരംഭിച്ച ഓപറേഷന്‍ ഫ്‌ളഡ്‌ എന്ന ഗ്രാമ വികസന പദ്ധതിയാണ് ഭാരതത്തിലെ ധവള വിപ്ലവത്തിന് തുടക്കം കുറിച്ചത്.

ഗുജറാത്ത് കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ രൂപവത്കരിച്ച അദ്ദേഹം അമുല്‍ എന്ന പാല്‍ഉത്പന്ന ബ്രാന്റിന് തുടക്കം കുറിക്കുകയും അതിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്തു.

കോട്ടയത്ത് പുത്തന്‍പുരയ്ക്കല്‍ ഡോ. കുര്യന്റെ മകനായ ഡോ. വി. കുര്യന്‍ 1921 നവംബര്‍ 26ന് കോഴിക്കോട്ടാണ് ജനിച്ചത്. ചെന്നൈയിലെ ഗിണ്ടി എന്‍ജിനീയറിങ് കോളജില്‍നിന്ന് ബിരുദവുമായി 1944ല്‍ പുറത്തുവന്ന കുര്യന്‍ ബിഹാറിലെ ജാംഷെഡ്പൂരില്‍ ടാറ്റ അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനി (ടിസ്‌കോ)യിലാണ് സേവനമാരംഭിച്ചത്.

രമണ്‍ മാഗ്‌സെസെ പുരസ്‌കാരം (1963), പദ്മശ്രീ (1965), പദ്മഭൂഷണ്‍ (1966), കൃഷി രത്‌ന പുരസ്‌കാരം (1986), വാട്‌ലര്‍ പീസ് പ്രൈസ് (1986), വേള്‍ഡ് ഫുഡ് പ്രൈസ് (1989), ഇന്റര്‍നാഷനല്‍ പേഴ്‌സണ്‍ ഓഫ് ദ് ഇയര്‍(1993), പദ്മ വിഭൂഷണ്‍ (1999) തുടങ്ങി ഒട്ടേറെ ദേശീയ  രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ വ്യക്തിയാണ് കുര്യന്‍.

Latest Stories

We use cookies to give you the best possible experience. Learn more