| Tuesday, 17th March 2026, 12:06 pm

ഡോക്ടര്‍ വന്ദന ദാസ് കൊലപാതക കേസ്; പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി

നിഷാന. വി.വി

തിരുവനന്തപുരം: ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി.

ശിക്ഷാ മറ്റന്നാള്‍ (വ്യാഴം ) വിധിക്കും. പ്രതിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളെല്ലാം തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് കോടതി വിധിയില്‍ പറയുന്നു.

കൊലപാതകം, വധശ്രമം, ഉദ്യോഗസ്ഥരെ ആക്രമിക്കല്‍, ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പരിക്കേല്‍പ്പിക്കുക, അന്യായമായി തടഞ്ഞ് വെക്കല്‍, തെളിവ് നശിപ്പിക്കല്‍, വധ ഭീഷണി മുഴക്കല്‍, ജോലിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പരിക്കേല്‍പ്പിക്കുക തുടങ്ങിയവടക്കമുള്ള എല്ലാ വകുപ്പുകള്‍ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായി കോടതി പറഞ്ഞു.

പ്രതിക്ക് മാനസിക വൈകല്യമുണ്ടെന്ന് വരുത്തി തീര്‍ക്കാനുളള ശ്രമങ്ങള്‍ പ്രതിഭാഗത്തിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ ഈ വാദം തെറ്റാണെന്നും പ്രതിക്ക് കുറ്റവാസനയുണ്ടെന്ന് തെളിക്കുകയും ചെയ്തു. 22 ഓളം തൊണ്ടി മുതലുകളും 200 ലധികം രേഖകളും കോടതിയില്‍ ഹാജരാക്കിയിരുന്നു.

വിധി പുറത്ത് വന്ന ശേഷം പ്രതികരിക്കാമെന്നും പരമാവധി ശിക്ഷ കിട്ടണമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു വന്ദന ദാസിന്റെ മാതാപിതാക്കളുടെ പ്രതികരണം.

പ്രതിക്ക് യാതൊരു തരത്തിലുള്ള മാനസിക വിഭ്രാന്തിയുമില്ലെന്ന് കുറ്റകൃത്യം നടന്ന് മൂന്നാം ദിവസം വിദഗ്ധ ഡോകടര്‍ സ്ഥിരീകരിച്ചിരുന്നുവെന്നും
മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശ പ്രകാരം വീണ്ടും പ്രതിയെ ഡോക്ടര്‍മാര്‍ കണ്ടുവെന്നും ഇതിലും പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പ്രോസിക്യൂട്ടര്‍ പ്രതികരിച്ചു.

എന്നാല്‍ മൂന്നാമത്തെ കൂടിക്കാഴ്ചയില്‍ തനിക്ക് സ്‌കീസോഫ്രീനിയ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും പ്രോസിക്യൂട്ടര്‍ ആരോപിച്ചു. പ്രതിക്കനുകൂലമായി കൂടെ ജോലി ചെയ്ത അധ്യാപകന്‍ മൊഴി നല്‍കിയെങ്കിലും അതിനെ ഖണ്ഡിക്കാന്‍ കഴിഞ്ഞുവെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

2023 മെയ് പത്തിനാണ് ഡോക്ടര്‍ വന്ദനാദാസ് കൊല്ലപ്പെട്ടത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് കൊലപാതകം നടന്നത്.

കാലിന് പരിക്കേറ്റ കുടുവട്ടൂര്‍ സ്വദേശിയായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആശുപത്രിയില്‍ എത്തിച്ചു. പ്രകോപിതനായ സന്ദീപ് പരിശോധന മുറിയില്‍ ഉണ്ടായിരുന്ന സര്‍ജിക്കല്‍ കത്രിക കൈക്കലാക്കി ആക്രമണം തുടങ്ങി. പൊലീസുകാരെ അടക്കം ആക്രമിച്ചു.

ഡോക്ടര്‍ വന്ദനാ ദാസിന് ഓടി രക്ഷപ്പെടാനായില്ല. കത്രിക കൊണ്ട് പ്രതി വന്ദനയെ കുത്തിക്കൊലപ്പെടുത്തി. ആശുപത്രിയില്‍ സന്ദീപ് നടത്തിയ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സ്‌കൂള്‍ അധ്യാപകനായിരുന്നു സന്ദീപ്.

സമൂഹത്തിന് മാതൃകയാകേണ്ടിയിരുന്നയാള്‍ നടത്തിയ ക്രൂരതയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

Content Highlight: Dr. Vandana Das murder case; Court finds accused Sandeep guilty

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more