| Monday, 17th November 2025, 3:05 pm

തൃശൂരിലെ പോലെ എന്ത് കൃത്രിമത്വത്തിനാണ് തയ്യാറെടുക്കുന്നതെന്ന് ആര്‍ക്കറിയാം? ബി.ജെ.പിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കള്ളക്കളികള്‍ തടയണം: തോമസ് ഐസക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്.ഐ.ആര്‍ നടപ്പാക്കുന്നതിന് വേണ്ടി ബി.എല്‍.ഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് സി.പി.ഐ.എം കേന്ദ്രക്കമ്മിറ്റി അംഗം ഡോ. തോമസ് ഐസക്ക്.

കണ്ണൂരിലും രാജസ്ഥാനിലുമായി രണ്ട് ബി.എല്‍.ഒമാര്‍ ജീവനൊടുക്കിയ സാഹചര്യത്തിലാണ് തോമസ് ഐസക്കിന്റെ വിമര്‍ശനം.

കൂടാതെ, കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ബി.ജെ.പി മാത്രമാണ് ഇപ്പോള്‍ തന്നെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം വേണമെന്ന് വാദിക്കുന്നതെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നടന്നതുപോലെ എന്ത് കൃത്രിമത്വത്തിനാണ് അവര്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്നതെന്ന് ആര്‍ക്ക് അറിയാമെന്നും അദ്ദേഹം വിമര്‍ശിച്ചു.

ബി.ജെ.പിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കള്ളക്കളികള്‍ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെടാതിരിക്കണമെങ്കില്‍ തെരഞ്ഞെടുപ്പിന്റെ തിരക്കുകളെല്ലാം ഉണ്ടെങ്കിലും എസ്.ഐ.ആര്‍ പൂരിപ്പിക്കുന്നതിന് പ്രത്യേക സ്‌ക്വാഡുകള്‍ ഉണ്ടാക്കി ജനങ്ങളെ സഹായിച്ചേ തീരൂവെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പഞ്ചായത്ത് തെരഞ്ഞെടുപ്പടക്കം നടക്കുന്നതിനിടയില്‍ തിരക്കിട്ട് വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം നടത്തേണ്ടതുണ്ടോയെന്നും രണ്ടാഴ്ചകൂടി സമയം കൂടുതല്‍ നല്‍കിയിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് തിരക്കുകള്‍ ഒഴിഞ്ഞ് രാഷ്ട്രീയപ്രവര്‍ത്തകരുടെകൂടി സഹായത്തോടെ സമ്പൂര്‍ണ്ണ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാമായിരുന്നില്ലോയെന്നും തോമസ് ഐസക്ക് ചോദിച്ചു.

ഫോമുകളെല്ലാം വിതരണം ചെയ്തിട്ടുണ്ട്. പക്ഷേ, 10 ശതമാനംപോലും പൂരിപ്പിച്ച് തിരിച്ചു കിട്ടിയിട്ടില്ല. വീടുകളില്‍ച്ചെന്നാല്‍ പലപ്പോഴും ആളുകള്‍ കാണില്ല. മാത്രമല്ല, അങ്ങനെ വീട്ടില്‍ ഇല്ലാത്തവരെ Absent / Shift / Death. എന്നീ മൂന്ന് വിഭാഗത്തിലെ മാര്‍ക്ക് ചെയ്യൂ. അതിനൊരു കുഴപ്പമുണ്ടെന്നും മരണവും സ്ഥലം മാറ്റവും തിരിച്ചറിയാമെങ്കിലും ആബ്‌സെന്റ് മാര്‍ക്ക് ചെയ്യുന്ന വോട്ടറുടെ വോട്ടിന് എന്ത് സംഭവിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

തദ്ദേശഭരണ തെരഞ്ഞെടുപ്പുകളില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെ ബി.എല്‍.ഒമാരായി നിയമിക്കാന്‍ പാടില്ലായെന്ന് സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടതോടെ പുതിയതായി ബി.എല്‍.ഒമാരെ നിയോഗിക്കേണ്ടിവന്നു. അവര്‍ക്കു വേണ്ടത്ര പരിശീലനം കിട്ടിയില്ല.

ഒരുമാസത്തിനുള്ളില്‍ ഒരു ബി.എല്‍.ഒയ്ക്ക് 600 മുതല്‍ 1500 വരെ വോട്ടര്‍മാരുടെ വിവരങ്ങള്‍ ഫോമില്‍ പൂരിപ്പിച്ച് അപ്‌ലോഡ് ചെയ്യാന്‍ കഴിയില്ലായെന്നു വ്യക്തമാണ്. കാരണം ഭൂരിപക്ഷം വോട്ടര്‍മാര്‍ക്കും തനിച്ച് ഫോം പൂരിപ്പിക്കാന്‍ അറിയില്ലെന്നും ബി.എല്‍.ഒമാരുടെ ജോലി സമ്മര്‍ദം വര്‍ധിപ്പിക്കുന്നതിന്റെ കാരണങ്ങളെ കുറിച്ച് തോമസ് ഐസക്ക് വിശദീകരിച്ചു.

ബൂത്ത് ലെവല്‍ ഏജന്റുമാര്‍ സജീവമാകണം. പൂരിപ്പിക്കേണ്ട മുഴുവന്‍ വോട്ട് ഫോറങ്ങളും അപ്‌ലോഡ് ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ ഒരു ശക്തിയേയും അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു പ്രതീക്ഷ സുപ്രീം കോടതിയിലാണ്. വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനുള്ള സമയമെങ്കിലും നീട്ടിനിശ്ചയിക്കാന്‍ സുപ്രീം കോടതിക്കു കനിവുണ്ടാകുമോയെന്നും തോമസ് ഐസക്ക് ചോദിച്ചു.

ഡോ.ടി.എം. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

“SIR, രണ്ട് ജീവനുകൾ പോയി”. കണ്ണൂരിൽ ബിഎൽഒ അനീഷ് ജോർജ്ജ് ജോലി സമ്മർദ്ദത്താൽ ജീവനൊടുക്കി. രാജസ്ഥാനിൽ മുകേഷ് ജംഗിദ് എന്ന ബിഎൽഒ ട്രെയിനിനു മുന്നിൽചാടി ആത്മഹത്യ ചെയ്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ബിഎൽഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്. എന്തിനു വേണ്ടി?
പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നവേളയിൽതന്നെ വോട്ടർ പട്ടികയുടെ തീവ്രപരിഷ്കരണം നടത്തേണ്ടതുണ്ടോ? നടത്തിയാൽതന്നെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന അന്ന് വോട്ടർ പട്ടിക പുതുക്കിയ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് ശഠിക്കേണ്ടതുണ്ടോ? രണ്ടാഴ്ചകൂടി സമയം കൂടുതൽ നൽകിയിരുന്നെങ്കിൽ തെരഞ്ഞെടുപ്പിന്റെ തിരക്കുകൾ ഒഴിയുമ്പോൾ രാഷ്ട്രീയപ്രവർത്തകരുടെകൂടി സഹായത്തോടെ സമ്പൂർണ്ണ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ കഴിയുമായിരുന്നില്ലേ?
ഇപ്പോൾ നമ്മൾ മനസിലാക്കുന്നു, എങ്ങനെയാണ് ബീഹാറിൽ 65 ലക്ഷം വോട്ടർമാർ പട്ടികയ്ക്ക് പുറത്തു പോയതെന്ന്. ഇങ്ങനെ പുറത്തായ വോട്ടർമാരുടെ പേരുവിവരം പരിശോധിക്കുമ്പോൾ ന്യൂനപക്ഷ സമുദായങ്ങളിലും ചില പ്രദേശങ്ങളിലും അവർ കേന്ദ്രീകരിക്കുന്നൂവെന്നുള്ളതിൽ തങ്ങൾക്ക് ഹിതകരമല്ലാത്ത വോട്ടർമാരെ പുറത്താക്കുന്നതിനുള്ള രാഷ്ട്രീയ ഗൂഡാലോചന മണക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജപിയുടെ ചട്ടുകമായി അധപതിക്കരുത്.
കഴിഞ്ഞ ദിവസം ഞാൻ ഒരു ബിഎൽഒയുമായി അദ്ദേഹത്തിന്റെ അനുഭവങ്ങൾ ചർച്ച ചെയ്യുകയുണ്ടായി. ഫോമുകളെല്ലാം വിതരണം ചെയ്തിട്ടുണ്ട്. പക്ഷേ, 10 ശതമാനംപോലും പൂരിപ്പിച്ച് തിരിച്ചു കിട്ടിയിട്ടില്ല. വീടുകളിൽച്ചെന്നാൽ പലപ്പോഴും ആളുകൾ കാണില്ല. മാത്രമല്ല, അങ്ങനെ വീട്ടിൽ ഇല്ലാത്തവരെ മൂന്നായിട്ടേ മാർക്ക് ചെയ്യാനാകൂ. Absent / Shift / Death. മരണവും സ്ഥലം മാറ്റവും തിരിച്ചറിയാം. എന്നാൽ Absent-ഓ? അവരുടെ വോട്ടിന് എന്ത് സംഭവിക്കും? നല്ലപങ്ക് വോട്ടർമാർ Absent ആകാനുള്ള സാധ്യതയുണ്ട്.
ഒരുമാസത്തിനുള്ളിൽ ഒരു ബിഎൽഒയ്ക്ക് 600 മുതൽ 1500 വരെ വോട്ടർമാരുടെ വിവരങ്ങൾ ഫോമിൽ പൂരിപ്പിച്ച് അപ്പ്ലോഡ് ചെയ്യാൻ കഴിയില്ലായെന്നു വ്യക്തമാണ്. കാരണം ഭൂരിപക്ഷം വോട്ടർമാർക്കും തനിച്ച് ഫോം പൂരിപ്പിക്കാൻ അറിയില്ല. പ്രത്യേകിച്ച് 2002-ലെ വോട്ടർപട്ടികയിലെ വിവരങ്ങൾ അപൂർവ്വം പേർക്കേ പൂരിപ്പിക്കാനാകൂ. അതുമുഴുവൻ ഓൺലൈനായി വിവരം ശേഖരിച്ച് ബിഎൽഒ തന്നെ പൂരിപ്പിക്കണം. മൂന്ന് വട്ടമെങ്കിലും ഓരോ വീടും സന്ദർശിക്കണം. തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത് ഫോമുകളെല്ലാം ഏതാണ്ട് വിതരണം ചെയ്തുകഴിഞ്ഞൂവെന്നാണ്. ഇത് വലിയൊരു തമാശയാണ്. ഫോം വിതരണം ചെയ്യുന്നതിലല്ല, പൂരിപ്പിക്കുന്നതാണ് കടമ്പ.
കേരളത്തിലെ ബിഎൽഒമാർക്ക് മറ്റൊരു പരാധീനതയുണ്ട്. തദ്ദേശഭരണ തെരഞ്ഞെടുപ്പുകളിൽ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെ ബിഎൽഒമാരായി നിയമിക്കാൻ പാടില്ലായെന്ന് സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷൻ ഉത്തരവിട്ടതോടെ പുതിയതായി ഒട്ടേറെ ബിഎൽഒമാരെ കണ്ടെത്തി നിയോഗിക്കേണ്ടിവന്നു. അവർക്കു വേണ്ടത്ര പരിശീലനം നൽകിയിട്ടുണ്ടോയെന്നും സംശയമാണ്.
കേരളത്തിലെ രാഷ്ട്രീയ പാർടികളിൽ ബിജെപി മാത്രമാണ് ഇപ്പോൾ തന്നെ വോട്ടർ പട്ടിക തീവ്രപരിഷ്കരണം വേണമെന്ന് വാദിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നടന്നതുപോലെ എന്ത് കൃത്രിമത്വത്തിനാണ് അവർ തയ്യാറെടുത്തുകൊണ്ടിരിക്കുന്നതെന്ന് ആർക്ക് അറിയാം?
ബിജെപിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കള്ളക്കളികൾ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെടാതിരിക്കണമെങ്കിൽ തെരഞ്ഞെടുപ്പിന്റെ തിരക്കുകളെല്ലാം ഉണ്ടെങ്കിലും SIR പൂരിപ്പിക്കുന്നതിന് പ്രത്യേക സ്ക്വാഡുകൾ ഉണ്ടാക്കി ജനങ്ങളെ സഹായിച്ചേ തീരൂ. ബൂത്ത് ലെവൽ ഏജന്റുമാർ സജീവമാകണം. പൂരിപ്പിക്കേണ്ട മുഴുവൻ വോട്ട് ഫോറങ്ങളും അപ്പ്ലോഡ് ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ ഒരു ശക്തിയേയും അനുവദിക്കരുത്.
ഒരു പ്രതീക്ഷ സുപ്രിംകോടതിയിലാണ്. വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനുള്ള സമയമെങ്കിലും നീട്ടിനിശ്ചയിക്കാൻ സുപ്രിംകോടതിക്കു കനിവുണ്ടാകുമോ?
Content Highlight: Dr. Thomas Isaac about BLO’s Work Pressure and Election Commission
We use cookies to give you the best possible experience. Learn more