| Thursday, 4th December 2025, 4:18 pm

ഞങ്ങള്‍ തോറ്റുകൊണ്ട് ജയിച്ചവരാണ്! 'പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയിലെന്ന് കേട്ടിട്ടില്ലേ': സൗമ്യ സരിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി ഡോ. സൗമ്യ സരിന്‍. കാലത്തിന് ഒരു കാവ്യനീതിയുണ്ടെന്നും അത് നടക്കുക തന്നെ ചെയ്യുമെന്നും സൗമ്യ സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ലൈംഗിക പീഡന കേസില്‍ കോടതി രാഹുലിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് സൗമ്യയുടെ പ്രതികരണം. പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. പി. സരിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സൗമ്യയുടെ എഫ്.ബി പോസ്റ്റ്.

എത്ര മൂടിയാലും സത്യം പുറത്തുവരിക തന്നെ ചെയ്യും. ഇവിടെയത് വളരെ വേഗത്തില്‍ ആയിപ്പോയെന്നും സൗമ്യ പറഞ്ഞു. ഇനിയും ഒരു നൂറ് തെരഞ്ഞെടുപ്പുകള്‍ തോറ്റാലും, ആരൊക്കെ എന്തൊക്കെ പറഞ്ഞധിക്ഷേപിച്ചാലും സരിന്‍ ചിരിച്ചുകൊണ്ടേയിരിക്കുമെന്നും സൗമ്യ കൂട്ടിച്ചേര്‍ത്തു.

പാലക്കാട് തെരഞ്ഞെടുപ്പ് ഫലം വന്നതുമുതല്‍ രാഹുലിന്റെ വീരചരിതം പറഞ്ഞ് തങ്ങളെ പച്ചയ്ക്ക് തെറി വിളിക്കുന്നവരോട്, അതേ ഭാഷയില്‍ മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല. ക്ഷമയോടെ കാത്തിരുന്നതാണെന്നും സൗമ്യ സരിന്‍ പറഞ്ഞു.

‘ഇങ്ങനെ ഒരു ദിവസം വരുമെന്ന് നല്ല ബോധ്യമുണ്ടായിരുന്നു. ‘പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍’ എന്ന് കേട്ടിട്ടില്ലേ. അത് സംഭവിക്കാതെ എവിടെ പോകാന്‍! എല്ലാവരും പറഞ്ഞ് പരത്തിയ പോലെ ‘എന്നെ സ്ഥാനാര്‍ത്ഥി ആക്കണം’ എന്നതായിരുന്നില്ല, മറിച്ച് ഈ വൃത്തികെട്ടവനെ ഒരു കാരണവശാലും പാലക്കാട്ടുകാരുടെ തലയില്‍ കെട്ടിവെക്കരുത് എന്നതായിരുന്നു സരിന്‍ മുന്നോട്ട് വെച്ച ഒരേ ഒരാവശ്യം,’ സൗമ്യ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇതിന് കിട്ടിയ മറുപടി എന്താണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അത്രയും പ്രതീക്ഷയറ്റാണ് കടുത്ത തീരുമാനങ്ങളിലേക്ക് പോകേണ്ടി വന്നത്. അത് തീര്‍ത്തും സരിന്റെ വ്യക്തിപരമായ തീരുമാനം ആയിരുന്നു. അതുകൊണ്ട് തന്നെ അതിലെ തെറ്റും ശരിയും ആപേക്ഷികവുമാണെന്നും സൗമ്യ പറഞ്ഞു.

ഒന്നിലും അഹങ്കരിക്കാതിരിക്കാനും ആരുടെ വീഴ്ചയിലും സന്തോഷിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പക്ഷെ ഇന്ന്, ഈ പ്രത്യേക സാഹചര്യത്തില്‍, രണ്ടും ലേശം ആവുന്നതില്‍ തെറ്റില്ലെന്ന് ആദ്യമായി തോന്നുന്നു. ഒരു തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതോ തോല്‍ക്കുന്നതോ അല്ല അത്യന്തികമായ ജയവും തോല്‍വിയുമെന്നും സൗമ്യ ചൂണ്ടിക്കാട്ടി.

ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ നമ്മള്‍ ജയിച്ചുകൊണ്ട് തോല്‍ക്കും. അല്ലെങ്കില്‍ തോറ്റു കൊണ്ട് ജയിക്കും. തങ്ങള്‍ ഇന്ന് ഇവിടെ തോറ്റുകൊണ്ട് ജയിച്ചവരാണെന്നും സൗമ്യ സരിന്‍ പറഞ്ഞു.

Content Highlight: Dr. Soumya Sarin responds after Congress expels Rahul Mamkootathil

We use cookies to give you the best possible experience. Learn more