| Sunday, 5th April 2026, 7:49 pm

പടച്ചോന്റെ പണി പടച്ചോന്‍ എടുത്തോളും; ഈ ലെവലിലേക്ക് തരംതാഴരുതെന്ന് ലീഗിനോട് ഷിംന അസീസ്

ആദര്‍ശ് എം.കെ.

കോഴിക്കോട്: കാസര്‍ഗോഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂരിനെതിരായ വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫര്‍സാനയുടെ മുനാഫിഖ് പരാമര്‍ശത്തില്‍ പ്രതികരണവുമായി ഡോ. ഷിംന അസീസ്.

ആളുകളെ മുഅ്മിനും മുനാഫിഖും കാഫിറുമൊക്കെ ആക്കി തരം തിരിക്കുന്നത് മോശമാണെന്നും വര്‍ഗീയത പറഞ്ഞിട്ടല്ല വോട്ട് നേടേണ്ടത് എന്നും ഷിംന അസീസ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞു.

രാഷ്ട്രീയപരമായി മുസ്‌ലിം ലീഗിനോട് എതിര്‍പ്പുണ്ടെങ്കിലും മനുഷ്യനന്മയിലൂന്നി നന്നായി പ്രവര്‍ത്തിച്ചിട്ടുള്ള യഥേഷ്ടം ലീഗുകാരെ ഒരു മലപ്പുറത്തുകാരി എന്ന നിലയില്‍ അറിയാമെന്നും ഇതിന്റെയെല്ലാം തഴമ്പ് വിറ്റ് തിന്നുന്നത് പണിയെടുക്കാന്‍ വയ്യാത്ത മതവില്‍പനക്കാരും ഇന്നലത്തെ മഴയില്‍ മുളച്ച ലീഗുണ്ണികളുമാണെന്നും അവര്‍ വിമര്‍ശിച്ചു.

ഈ ലെവലിലേക്ക് ആരും താഴരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ലീഗിന് ഒരു ലെഗസി ഉണ്ട്, അവരുടേതായ ഒരു പ്രവര്‍ത്തനശൈലിയും ഉണ്ട്. രാഷ്ട്രീയപരമായി എതിര്‍പ്പുണ്ട്. മനുഷ്യനന്മയിലൂന്നി നന്നായി പ്രവര്‍ത്തിച്ചിട്ടുള്ള യഥേഷ്ടം ലീഗുകാരെ ഒരു മലപ്പുറത്തുകാരി എന്ന നിലയില്‍ അറിയാം.

ഈയിടെ വയനാട്ടില്‍ സര്‍ക്കാര്‍ വീടുകള്‍ നല്‍കിയപ്പോള്‍ അതിനെ സപ്പോര്‍ട്ട് ചെയ്ത കുഞ്ഞാലിക്കുട്ടി സാഹിബൊക്കെ അങ്ങേയറ്റം കുലീനമായ നിലപാടാണ് എടുത്തത്. ബഹുമാനമേയുള്ളൂ.

കൊവിഡ് സമയത്ത് ഏത് മുതുപാതിരാക്കും വിളിച്ചാല്‍ വിളിപ്പുറത്ത് തോളോടുതോള്‍ ചേര്‍ന്ന് നിന്ന്, ഗള്‍ഫ് രാജ്യങ്ങളിലെ എത്രയോ രോഗികള്‍ക്ക് യഥാസമയം ചികിത്സ നേടിക്കൊടുത്തും, പ്രവാസി നാട്ടിലെത്തുമ്പോള്‍ ഇവിടെ ട്രീറ്റ്മെന്റ് ലഭ്യത ഉറപ്പാക്കാന്‍ കോര്‍ഡിനേറ്റ് ചെയ്തുമൊക്കെ കൂടെ നിന്ന എണ്ണമറ്റ കെ.എം.സി.സി പ്രവര്‍ത്തകരെ നെഞ്ചിലൊരു പിടപ്പോടെയല്ലാതെ ഇന്നുമെനിക്ക് ഓര്‍ക്കാനാവില്ല.

അതിന്റെയൊക്കെ തഴമ്പ് വിറ്റ് തിന്നുന്നത് പണിയെടുക്കാന്‍ വയ്യാത്ത ഈ മതവില്‍പനക്കാരും ഇന്നലത്തെ മഴയില്‍ മുളച്ച ലീഗുണ്ണികളുമാണ്. എന്തൊരു മോശമാണ് ആളുകളെ മുഅ്മിനും മുനാഫിഖും കാഫിറുമൊക്കെ ആക്കി തരം തിരിക്കുന്ന തോന്നിവാസം! ഇവരാരാ…

എത്തിക്സോടെ രാഷ്ട്രീയം പറയട്ടെ, വോട്ട് നേടേണ്ടത് അങ്ങനെയാണ്, വര്‍ഗീയത പറഞ്ഞിട്ടല്ല. പടച്ചോന്റെ പണി പടച്ചോന്‍ എടുത്തോളും.

ഈ ലെവലിലേക്ക് തരംതാഴരുത്. ആരും.

അതേസമയം, മുനാഫിഖ് പരാമര്‍ശത്തില്‍ എല്‍.ഡി.എഫ് നിയമനടപടികളുമായി മുമ്പോട്ട് പോവുകയാണ്. മുള്ളേരിയയിലെ യു.ഡി.എഫ് കുടുംബ യോഗത്തിലായിരുന്നു കപട വിശ്വാസിയുടെ പണി എടുക്കുന്നവന്‍’ എന്ന പരാമര്‍ശവുമായി ആയിഷത്ത് ഫര്‍സാന പ്രസംഗിച്ചത്.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കല്ലട്ര മാഹിന്‍, ആയിഷത്ത് ഫര്‍സാന എന്നിവര്‍ക്കെതിരെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

എന്നാല്‍ തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയാണെന്നാണ് ആയിഷത്ത് ഫര്‍സാന പറഞ്ഞത്. തെറ്റായി ഒന്നും പറഞ്ഞിട്ടില്ല എന്നാണ് ഇവരുടെ ന്യായീകരണം.

മുനാഫിഖിന്റെ പണിയെടുക്കുന്നവന്‍ എന്നാണ് പറഞ്ഞത്. അത് കപട മതവിശ്വാസി എന്ന നിലക്കല്ല, വിശ്വാസ വഞ്ചന നടത്തി എന്ന അര്‍ത്ഥത്തിലാണ് അത് പറഞ്ഞത്. സ്ഥിരമായി ഈ വാക്ക് ആ അര്‍ത്ഥത്തില്‍ ഉപയോഗിക്കാറുണ്ടെന്നും ആയിഷത്ത് ഫര്‍സാന പറഞ്ഞു.

Content highlight: Dr Shimna Azeez slams Muslim League leader over Munafiq controversy

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more