| Wednesday, 25th April 2018, 3:37 pm

ഡോ. കഫീല്‍ ഖാന് ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അലഹബാദ്: ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ അഭാവത്തെതുടര്‍ന്ന് എഴുപത് കുട്ടികള്‍ ശ്വാസം കിട്ടാതെ മരിച്ച സംഭവത്തില്‍ കുറ്റക്കാരനെന്ന് മുദ്രകുത്തി അധികൃതര്‍ ജയിലിലാക്കിയ ബി.ആര്‍.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ കഫീല്‍ഖാന് ഒടുവില്‍ ജാമ്യം. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഗൊരഘ്പൂരിലെ ബാബാ റാഘവ് ദാസ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ പിടയുന്നത് കണ്ടപ്പോള്‍ പുറത്തുനിന്നും ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് മരണസംഖ്യ കുറക്കാന്‍ ശ്രമിച്ച് ഹീറോ ആകാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഡോ. കഫീല്‍ ഖാനെ ജയിലിലാക്കിയിരുന്നത്.

ആഗസ്റ്റ് 2017ല്‍ അറസ്റ്റിലായ അദ്ദേഹത്തിന് എട്ടു മാസങ്ങള്‍ക്ക് ശേഷവും ജാമ്യം ലഭിച്ചിരുന്നില്ല. കൃത്യം നടന്ന 2017 ആഗസ്റ്റ് 10ന് താന്‍ ഔദ്യോഗികമായി ലീവിലായിരുന്നിട്ട് കൂടി കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായി പ്രവര്‍ത്തിച്ചത് കഫീല്‍ ഖാന്‍ പറഞ്ഞിരുന്നു.

അതേസമയം ജയിലില്‍ കഴിയുന്ന തന്റെ ഭര്‍ത്താവിന് പ്രാഥമിക ചികിത്സകള്‍ വരെ നിഷേധിച്ചിരിക്കുയാണെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ ഭാര്യയും രംഗത്തെത്തിയിരുന്നു.

കഫീല്‍ ഖാന്റെ ആരോഗ്യനില വഷളായികൊണ്ടിരിക്കയാണെന്നും ജയിലധികൃര്‍ അദ്ദേഹത്തിന് വേണ്ട ചികിത്സ നല്‍കാന്‍ തയ്യാറാകുന്നിലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞത്.

കഴിഞ്ഞ മാര്‍ച്ചില്‍ സ്ട്രോക്ക് ഉണ്ടായ അദ്ദേഹത്തിന് മതിയായ ചികിത്സകള്‍ ജയിലില്‍ നിന്നും ലഭിക്കുന്നില്ല. കൃത്യമായ ചികിത്സകള്‍ ഉറപ്പാക്കാന്‍ അദ്ദേഹത്തെ ലക്നൗവിലേക്ക് മാറ്റണമെന്ന് ജയിലധികൃതര്‍ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഇതേവരെ അത് പാലിക്കാന്‍ ജയില്‍ ഡിപ്പാര്‍ട്ട്മെന്റ് തയ്യാറായിട്ടില്ലെന്നും അവര്‍ ആരോപിച്ചു.

ഓക്‌സിജന്‍ സിലിണ്ടറുകളുടെ അഭാവം മൂലം കുട്ടികള്‍ ശ്വാസം കിട്ടാതെ പിടഞ്ഞപ്പോള്‍ പുറത്ത് നിന്നു സിലിണ്ടറുകള്‍ എത്തിച്ച് മരണസംഖ്യ കുറച്ച വ്യക്തിയായിരുന്നു ഡോ കഫീല്‍ ഖാന്‍.

എന്നാല്‍ സംഭവത്തിനു പിന്നാലെ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക സംഘം കഫീല്‍ ഖാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബി.ആര്‍.ഡി ആശുപത്രിയില്‍ നിന്നും ഓക്സിജന്‍ സിലിണ്ടര്‍ തന്റെ സ്വകാര്യ ക്ലിനിക്കിലേക്ക് കടത്തിയെന്നാരോപിച്ചായിരുന്നു കഫീല്‍ ഖാനെതിരായ അന്വേഷണ സംഘത്തിന്റെ നടപടി

Latest Stories

We use cookies to give you the best possible experience. Learn more