| Tuesday, 3rd June 2025, 12:48 pm

മുസ്‌ലിം വിരുദ്ധത മാത്രം പറയുന്ന കൃഷ്ണരാജിന്റെ നിയമനത്തിന് പിന്നില്‍ വോട്ട് കച്ചവടം; ലീഗും കോണ്‍ഗ്രസും മറുപടി പറയണം: കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തീവ്ര ഹിന്ദുത്വവാദി അഡ്വ. കൃഷ്ണരാജിനെ ഹൈക്കോടതിയില്‍ സ്റ്റാന്റിങ് കൗണ്‍സിലായി നിയമിച്ച വഴിക്കടവ് പഞ്ചായത്ത് യു.ഡി.എഫ് ഭരണ സിമിതിയെ വിമര്‍ശിച്ച് തവനൂര്‍ എം.എല്‍.എയും മുന്‍ മന്ത്രിയുമായ ഡോ: കെ.ടി. ജലീല്‍. അഡ്വ. കൃഷ്ണരാജ് നിലമ്പൂരിലെ വോട്ടുകച്ചവടത്തിന്റെ ഇടനിലക്കാരനോ എന്ന ചോദ്യത്തോടെയുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.ടി. ജലീലിന്റെ വിമര്‍ശനം.

കൃഷ്ണരാജിന്റെ നിയമനത്തില്‍ ലീഗും കോണ്‍ഗ്രസും മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സന്ദര്‍ഭം കിട്ടിയാല്‍ ‘മുസ്‌ലിം വിരുദ്ധത’ ഛര്‍ദ്ദിക്കുന്ന ഒരാളെ എന്തിനാണ് ലീഗും-കോണ്‍ഗ്രസ്സും ഭരിക്കുന്ന പഞ്ചായത്തിന്റെ സ്റ്റാന്റിങ് കൗണ്‍സിലായി നിയമിച്ചതെന്ന പ്രസക്തമായ ചോദ്യത്തിന് ലീഗ്-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ മറുപടി പറഞ്ഞേ പറ്റൂവെന്നാണ് കെ.ടി. ജലീല്‍ പറഞ്ഞത്.

വഖഫ് ഭേദഗതി നിയമനം എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് തീവ്ര വലതുപക്ഷ സംഘടനയായ കാസ നല്‍കിയ ഹരജി ഹൈക്കോടതിയില്‍ വാദിക്കുന്ന ആളാണ് കൃഷ്ണരാജെന്നും, അത്തരം ഒരാളെ മുസ്‌ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിന്റെ സ്റ്റാന്റിങ് കൗണ്‍സിലായി നിയമിച്ചത് ഞെട്ടിക്കുന്നതാണെന്നും കെ.ടി ജലീല്‍ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂര്‍ മണ്ഡലത്തിലാണ് വഴിക്കടവ് പഞ്ചായത്തെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഈ നിയമനം ബി.ജെ.പി വോട്ട് ക്യാന്‍വാസ് ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലമ്പൂരിലെ സംഘപരിവാര്‍ അനുകൂല വോട്ടുകള്‍ സമാഹരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ നിയമനമെന്ന ആരോപണം ലീഗ് അണികള്‍ക്കിടയില്‍ തന്നെ ശക്തമായുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബാബരിമസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം പണിതതിനെയും, നിരവധി പള്ളികള്‍ക്കും ദര്‍ഗ്ഗകള്‍ക്കും നേരെ അവകാശവാദമുന്നയിച്ച് വര്‍ഗീയ കാലുഷ്യത്തിന് ഒരുമ്പെടുന്നതിനെയും, പൗരത്വ ഭേദഗതിയിലൂടെ മുസ്‌ലിങ്ങളെ ഇന്ത്യന്‍ അതിര്‍ത്തി കടത്താനുള്ള നീക്കത്തെയും പിന്തുണച്ച വ്യക്തിയാണ് അഡ്വ. കൃഷ്ണരാജെന്നും കെ.ടി. ജലീല്‍ കുറ്റപ്പെടുത്തുന്നു. ഇത്തരം ഒരാളെയാണ് ‘നല്ല വക്കീല്‍’ എന്ന വ്യാജേന ലീഗിന് ഭരണ പങ്കാളിത്തമുള്ള പഞ്ചായത്ത് അവരുടെ വക്കീലായി നിയമിച്ചതെന്നും കെ.ടി. ജലീല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് യു.ഡി.എഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്ത് പഞ്ചായത്തുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാന്‍ അഡ്വ. കൃഷ്ണരാജിനെ ഹൈക്കടോതിയില്‍ കൗണ്‍സിലായി നിയമിച്ചത്. നേരത്തെയുണ്ടായിരുന്ന മുസ്‌ലിം ലീഗ് അനുഭാവിയായ അഭിഭാഷകനെ മാറ്റിയാണ് കൃഷ്ണരാജിനെ നിയമിച്ചത്.

കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ വഖഫ് ഭേദഗതി നിയമം എത്രയും വേഗം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ‘കാസ’ നല്‍കിയ ഹര്‍ജിയില്‍, ഹൈക്കോടതിയില്‍ വാദിക്കുന്ന അഡ്വ: കൃഷ്ണരാജിനെ മുസ്ലിംലീഗ് പ്രസിഡണ്ട് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്തിന്റെ സ്റ്റാന്റിംഗ് കൗണ്‍സില്‍ ആക്കിയത് ഞെട്ടിക്കുന്നതാണ്.

നിയമസഭാ ഉപതെരഞ്ഞെട് നടക്കുന്ന നിലമ്പൂര്‍ മണ്ഡലത്തിലാണ് വഴിക്കടവ് പഞ്ചായത്ത്. വാ തുറന്നാല്‍ വര്‍ഗ്ഗീയ വിഷം ചീററുന്ന കൃഷ്ണ രാജിനെ നിയമിച്ചത് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കാരുടെ വോട്ട് ക്യാന്‍വാസിംഗ് ലക്ഷ്യമാക്കിയാണെന്ന കാര്യത്തില്‍ സംശയമില്ല.

സന്ദര്‍ഭം കിട്ടിയാല്‍ ‘മുസ്ലിംവിരുദ്ധത’ ഛര്‍ദ്ദിക്കുന്ന ഒരാളെ എന്തിനാണ് ലീഗും-കോണ്‍ഗ്രസ്സും ഭരിക്കുന്ന പഞ്ചായത്തിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായി നിയമിച്ചതെന്ന പ്രസക്തമായ ചോദ്യത്തിന് ലീഗ്-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ മറുപടി പറഞ്ഞേ പറ്റൂ.

ബാബരിമസ്ജിദ് പൊളിച്ച് തല്‍സ്ഥാനത്ത് രാമക്ഷേത്രം പണിതതിനെയും, നിരവധി പള്ളികള്‍ക്കും ദര്‍ഗ്ഗകള്‍ക്കും നേരെ അവകാശവാദമുന്നയിച്ച് വര്‍ഗ്ഗീയ കാലുഷ്യത്തിന് ഒരുമ്പെടുന്നതിനെയും, പൗരത്വ ഭേദഗതിയിലൂടെ മുസ്ലിങ്ങളെ ഇന്ത്യന്‍ അതിര്‍ത്തി കടത്താനുള്ള നീക്കത്തെയും, ശക്തമായി പിന്തുണക്കുന്ന ഒരാളെ ‘നല്ല വക്കീല്‍’ എന്ന വ്യാജേന ലീഗിന് ഭരണ പങ്കാളിത്തമുള്ള പഞ്ചായത്ത് അവരുടെ വക്കീലായി നിയമിച്ചത്, നിലമ്പൂരില്‍ സംഘി വോട്ടു കച്ചവടത്തിന്റെ ഇടനിലക്കാരനാണെന്ന നിലയിലാണ് ഈ നിയമനമെന്ന ആരോപണം ലീഗണികള്‍ക്കിടയില്‍ ശക്തമാണ്.

നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസിലെ പ്രഥമ കുറ്റാരോപിത സ്വപ്‌ന സുരേഷിനെ കാള കെട്ടിച്ച് കൊണ്ടു നടന്നതും ഇതേ വക്കീലായിരുന്നു.

content highlights: Dr. K.T. Jaleel  criticized appointing radical Hindutva Adv. Krishnaraj as a standing counsel in the High Court,  by the UDF lead vazhikkadav panchayath 

We use cookies to give you the best possible experience. Learn more