| Friday, 30th May 2025, 11:41 am

'എന്നെക്കാള്‍ വലിയ തോല്‍വി താങ്കളുടേത്, ഏഴ് തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വഴിയാധാരമായതല്ലേ'; കെ.മുരളീധരനെതിരെ ഡോ. ജോ ജോസഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കെ. മുരളീധരനെതിരെ വിമര്‍ശനവുമായി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ്. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്‌തെങ്കിലും അത് തന്നെ വഴിയാധാരമാക്കിയ പരാജയമായിരുന്നില്ലെന്നും താങ്കളുടെ തോല്‍വിയാണ് തന്നെ വിഷമിപ്പിച്ചതെന്നുമായിരുന്നു ജോ ജോസഫ് മുരളീധരനെതിരെ നടത്തിയ പരാമര്‍ശത്തില്‍ പറയുന്നത്.

ഏഴ് തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വഴിയാധാരമായ ആളല്ലേ താങ്കളെന്നും അവസാനത്തെ തോല്‍വിയാണ് സങ്കടമുണ്ടാക്കിയതെന്നും ജോ ജോസഫ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. എം.എല്‍.എ ആകാത്ത ഏക മന്ത്രിയാണെന്നും നിയമസഭയെ ഒരിക്കല്‍ പോലും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലല്ലോയെന്നും ജോ ജോസഫ് മുരളീധരനുള്ള മറുപടിയില്‍ പറയുന്നു.

‘ഞാന്‍ തെരഞ്ഞെടുപ്പില്‍ തോറ്റതിനെയാണ് ഉദ്ദേശിച്ചതെങ്കില്‍ ശരിയാണ്, ആ രാഷ്ട്രീയ പോരാട്ടത്തില്‍ ഞങ്ങള്‍ തോറ്റു ( ട്വന്റി20 യുടെ അസാന്നിധ്യം, ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച് കാശ് നഷ്ടപ്പെടുന്ന അവസ്ഥ, എസ്.ഡി.പി.ഐ ജമാഅത്തെ ഇസ്‌ലാമി അടക്കം എല്ലാ വര്‍ഗീയശക്തികളുടെയും ഐക്യം- ഇതൊക്കെ ആരും മറന്നിട്ടില്ല).

എന്നാല്‍ അങ്ങ് തെരഞ്ഞെടുപ്പ് തോല്‍വിയിലൂടെ അക്ഷരാര്‍ത്ഥത്തില്‍ വഴിയാധാരമായത് ഏഴ് തവണയാണ്. ലോക്‌സഭയിലേക്ക് നാലു പ്രാവശ്യം. നിയമസഭയിലേക്ക് മൂന്നു പ്രാവശ്യം. 1996 ല്‍ കോഴിക്കോട് ലോക്‌സഭാ സീറ്റില്‍ 38703 വോട്ടിന് എം.പി വീരേന്ദ്രകുമാറിനോട് തോറ്റ് ‘വഴിയാധാരമാകലു’കളുടെ തുടക്കം. 1998 ല്‍ തൃശ്ശൂര്‍ ലോക്‌സഭാ സീറ്റില്‍ സ. വി. വി രാഘവനോട് 18403 വോട്ടിന് തോറ്റു വീണ്ടും വഴിയാധാരമായി. 2009 ല്‍ വയനാട് ലോക്‌സഭാ സീറ്റില്‍ എം. ഐ ഷാനവാസിനോട് അങ്ങ് തോറ്റു വഴിയാധാരമായത് 311040 വോട്ടിനാണ്. ഈ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ അങ്ങ് തോറ്റ് വഴിയാധാരമായത് 84,663 വോട്ടിനാണ്,’ ജോ ജോസഫ് കുറിച്ചു.

കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥയില്‍ പിന്നില്‍ കിടന്നിരുന്ന ബി.ജെ,പിയെ അധികാരത്തിന്റെ സപ്രമഞ്ചകട്ടിലില്‍ കിടത്താനായി ആഞ്ഞു പരിശ്രമിച്ച താങ്കളുടെ സ്ഥാനം മൂന്നാമതാണെന്നും തന്റെ തോല്‍വിയെക്കാള്‍ വിഷമിപ്പിച്ചത് മുരളീധരന്റെ അവസാനത്തെ തോല്‍വിയാണെന്നും ജോ ജോസഫ് പറഞ്ഞു.

‘നിയമസഭയില്‍ അങ്ങ് തോറ്റു വഴിയാധാരമായത് നാല് തവണ. 2004ല്‍ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പില്‍ അങ്ങ് എ. സി മൊയ്തീനോട് തോറ്റു വഴിയാധാരമായത് ഓര്‍മയുണ്ടാകുമല്ലോ? 2006ഇല്‍ കൊടുവള്ളിയില്‍ സ. പി.ടി. എ റഹിമിനോട് തോറ്റു വഴിയാധാരമായത് 7506 വോട്ടിനാണ്. 2021 അങ്ങ് നേമത്ത് തോറ്റു വഴിയാധാരമായത് 19313 വോട്ടിനാണ്. കേരളത്തിലെ നാല് ജില്ലകളിലായി പല പ്രാവശ്യം തോറ്റു വഴിയാധാരമായിരിക്കുന്നത് ഒരുപക്ഷേ അങ്ങ് മാത്രമായിരിക്കും.

2004ല്‍ മന്ത്രി ആയതിനുശേഷം നടന്ന വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പില്‍ മുരളീധരന്‍ തോറ്റു വഴിയാധാരമായതിനേക്കാള്‍ ദയനീയമായ മറ്റൊരു വഴിയാധാരമാകല്‍ കേരള രാഷ്ട്രീയ ചരിത്രത്തിലില്ലെന്നും ആ തോല്‍വിയിലൂടെ സൃഷ്ടിച്ച നാല് റെക്കോഡുകള്‍ 21 വര്‍ഷത്തിനു ശേഷവും ആര്‍ക്കും തകര്‍ക്കാന്‍ സാധിച്ചിട്ടില്ലെന്നും ജോ ജോസഫ് കൂട്ടിച്ചേര്‍ത്തു.

കൂടാതെ താന്‍ സാമ്പത്തികമായോ പ്രൊഫഷണലിയോ വഴിയാധാരമായി എന്നാണ് കരുതുന്നതെങ്കില്‍ വസ്തുതകള്‍ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. സഹോദരി പത്മജയുടെ ബി.ജെ.പി പ്രവേശനവും മുരളീധരന്റെ രാഷ്ട്രീയ കക്ഷിയുടെ വഴിയാധാരമാകലുമെല്ലാം ജോ ജോസഫ് വിശദമായ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ഇന്നലെയാണ് ജോ ജോസഫിനെ പരാമര്‍ശിച്ച് കെ.മുരളീധരന്‍ സംസാരിച്ചത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി ഡോ. ഷിനാസ് അഹമ്മദിനെ പരിഗണിക്കുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തൃക്കാക്കരയില്‍ ഒരു ഡോക്ടറെ പരീക്ഷിച്ചിരുന്നല്ലോയെന്നും ഐ.എം.എ ഇടപെടണമെന്നും വഴിയാധാരമാക്കിയില്ലേയെന്നടക്കമായിരുന്നു മുരളീധരന്റെ പരിഹാസം.

Content Highlight: Dr. Joe Joseph against K. Muraleedharan

We use cookies to give you the best possible experience. Learn more