| Friday, 1st August 2025, 6:17 pm

ഉപകരണങ്ങള്‍ കാണാതായിട്ടില്ല; വിദഗ്ധ സമിതിയുടെ ആരോപണങ്ങള്‍ തള്ളി ഡോ. ഹാരിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ മനപൂര്‍വം നഷ്ടപ്പെടുത്തിയെന്ന ആരോപണം തള്ളി ഡോ. ഹാരിസ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഉപകരണം ക്ഷാമം സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ തനിക്കെതിരെ നടന്ന അന്വേഷണത്തിലെ കണ്ടെത്തലുകളില്‍ വാസ്ഥവമില്ലെന്നാണ് ഹാരിസ് പറയുന്നത്.

എല്ലാ ഉപകരണങ്ങളും അതത് വകുപ്പുകളിലുണ്ടെന്നും അന്വേഷണം നടക്കട്ടെയെന്നും ഡോ. ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. വിദഗ്ധ സമിതിക്ക് ശസ്ത്രക്രിയ മുറിയില്‍ കയറി പരിശോധന നടത്താനുള്ള അനുവാദമില്ലെന്നും ആരോപണങ്ങളില്‍ വാസ്ഥവമില്ലെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു.

വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും മാധ്യമങ്ങള്‍ക്ക് കൈമാറണമെന്നും അതില്‍ എന്തെങ്കിലും വിവാദമുണ്ടെങ്കില്‍ നേരിടാന്‍ തയ്യാറാണെന്നും ഹാരിസ് നേരത്തെ പറഞ്ഞിരുന്നു.

ഉപകരണങ്ങളുടെ ക്ഷാമമുണ്ടെന്നും അത് പരിഹരിക്കാനുള്ള നടപടികള്‍ മന്ദഗതിയിലാണെന്നും ഹാരിസ് പ്രതികരിച്ചിരുന്നു. മാത്രമല്ല ഇപ്പോഴും ആശുപത്രിയില്‍ വേണ്ടത്ര ഉപകരണങ്ങള്‍ ഇല്ലെന്നും ഒളിച്ചോടിപ്പോകേണ്ടതില്ലെന്നും നടപടികള്‍ നേരിടുമെന്നുമാണ് ഡോ. ഹാരിസ് വ്യക്തമാക്കിയത്.

അതേസമയം മെഡിക്കല്‍ കോളേജിലേക്ക് ശസ്ത്രക്രിയക്കായി വാങ്ങിയ ഉപകരണത്തിന്റെ ഒരു ഭാഗം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു.

Content Highlight: Dr. Harris denied the allegations that surgical instruments were missing in the expert committee report

We use cookies to give you the best possible experience. Learn more