| Friday, 1st August 2025, 10:53 am

അന്വേഷണ റിപ്പോര്‍ട്ട് അടിമുടി വ്യാജമെന്ന് ഡോ. ഹാരിസ്; ശസ്ത്രക്രിയ ഉപകരണങ്ങള്‍ കാണാതായെന്ന പുതിയ ആരോപണവുമായി ഉപസമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഉപകരണ ക്ഷാമം സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ ആരോഗ്യവകുപ്പില്‍ നിന്നുണ്ടായ നടപടിയില്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വികാരാധീനനായി ഡോ. ഹാരിസ്.

പരാതിപ്പെടാനുള്ള പേപ്പര്‍ പോലും പണം കൊടുത്ത് വാങ്ങേണ്ട ഗതികേടാണ് ഉണ്ടായതെന്നും അന്വേഷണ റിപ്പോര്‍ട്ട് അടിമുടി വ്യാജമാണെന്നും ഹാരിസ് പറഞ്ഞു.

താന്‍ എല്ലാ തെളിവുകളും നിരത്തിയിരുന്നെന്നും തനിക്കൊപ്പം ജോലി ചെയ്ത നാല് ഉദ്യോഗസ്ഥരാണ് അന്വേഷണ സമിതിയില്‍ ഉണ്ടായിരുന്നതെന്നും എന്നിട്ടും എന്തുകൊണ്ടാണ് ഇത്തരമൊരു റിപ്പോര്‍ട്ട് വന്നതെന്ന് മനസിലാകുന്നില്ലെന്നും ഹാരിസ് പറഞ്ഞു.

ഗൂഢാലോചന നടന്നത് എവിടെയാണെന്ന് വഴിയേ അറിയാമെന്നും അദ്ദേഹം പറഞ്ഞു. ബാത്ത് റൂമിന് ടൈല്‍സ് ഇടാനോ ബാത്ത് റൂം കെട്ടിത്തരാനോ അല്ല ആവശ്യപ്പെട്ടതെന്നും മറിച്ച് ശസ്ത്രിക്രിയാ ഉപകരണം വാങ്ങി നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നതെന്നും ഹാരിസ് പറഞ്ഞു.

ഞാന്‍ കൊടുത്ത കത്തുകളുടെ പകര്‍പ്പടക്കം പുറത്തുവന്നിട്ടുണ്ട്. ആ കത്ത് എന്തുകൊണ്ട് പരിഗണിച്ചില്ല എന്നറിയില്ല. കത്ത് എപ്പോഴും പ്രിന്റ് ചെയ്ത് കൊടുക്കാന്‍ പറ്റില്ല. ഒരര്‍ത്ഥത്തില്‍ ഗതികേടാണ്. പറയുന്നത് നാണക്കേടാണ്.

പലപ്പോഴും സ്വന്തം പോക്കറ്റില്‍ നിന്ന് പൈസ ചിലവാക്കി പേപ്പര്‍ വാങ്ങണം. കത്ത് അടിക്കാനുള്ള പേപ്പര്‍ വരെ ഞാന്‍ പൈസ കൊടുത്ത് വാങ്ങിയതാണ്. അവിടെ പ്രിന്റ് എടുക്കാനുള്ള പേപ്പര്‍ പോലും കിട്ടില്ല. ഞാന്‍ അഞ്ഞൂറ് പേപ്പര്‍ വരെ വാങ്ങി എന്റെ റൂമില്‍ വെച്ചിട്ടുണ്ട്.

വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ട് എന്താണെന്ന് എനിക്കറിയില്ല. ആ റിപ്പോര്‍ട്ടിന്റെ കോപ്പി എനിക്ക് കിട്ടിയിട്ടില്ല. അത് നിങ്ങള്‍ക്ക് അന്വേഷിക്കാം’, ഡോ. ഹാരിസ് പറഞ്ഞു.

അതേസമയം ഹാരിസിനോട് വിശദീകരണം തേടിയത് സ്വാഭാവിക നടപടി മാത്രമാണെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടം 1960 ന്റെ ലംഘനം ഉണ്ടായി എന്നുള്ള സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലുള്ള സ്വാഭാവികമായിട്ടുള്ള, ഡിപ്പാര്‍ട്‌മെന്റ് തല നടപടി ക്രമം മാത്രമാണ് ഇത്,’ എന്നായിരുന്നു വീണ ജോര്‍ജ് പറഞ്ഞത്.

അതേസമയം ഹാരിസിനെതിരെ പുതിയ കണ്ടെത്തലുമായി ഉപസമിതി രംഗത്തെത്തിയിട്ടുണ്ട്.

മെഡിക്കല്‍ കോളേജിലേക്ക് ശസ്ത്രിക്രിയയ്ക്കായി വാങ്ങിയ ഉപകരണത്തിന്റെ ഒരു ഭാഗം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ടെന്ന് വീണ ജോര്‍ജ് പറഞ്ഞു.

‘അത് നമ്മുടെ അന്വേഷണത്തില്‍ മാത്രം നില്‍ക്കുന്നതല്ല. വിദഗ്ധ സമിതി വേറൊരു അന്വേഷണം കൂടി നിര്‍ദേശിച്ചിട്ടുണ്ട്. അതില്‍ വകുപ്പ് തല അന്വേഷണം കൂടി നടത്തിയിട്ട് നടപടി സ്വീകരിക്കും,’ വീണ ജോര്‍ജ് പറഞ്ഞു.

Content Highlight: Dr Harris about Investigation report and Minister Veena George Comment

We use cookies to give you the best possible experience. Learn more