| Wednesday, 12th November 2025, 12:07 pm

വിപിൻ വിജയന്റെ പരാതി ഒറ്റപ്പെട്ട സംഭവമല്ല; ഡോ.സി.എൻ വിജയകുമാരിക്കെതിരെ മുമ്പും പരാതികൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ സംസ്കൃതം മേധാവി ഡോ.സി.എൻ വിജയകുമാരിക്കെതിരെ മുമ്പും പരാതികൾ ഉയർന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. വിപിൻ വിജയൻറെ പരാതി ഒറ്റപ്പെട്ട സംഭവമല്ലെന്നും മുമ്പും സമാനമായ പരാതികൾ അധ്യാപികയ്‌ക്കെതിരെ ഉണ്ടായിട്ടുണ്ടെന്നുമാണ് വിവരം.

സംസ്കൃത വിഭാഗം ഗവേഷക വിദ്യാർത്ഥികൾക്ക് മുൻ എച്ച്.ഒ.ഡി അനുവദിച്ച റൂം വിജയകുമാരി തിരിച്ചു ചോദിച്ചിരുന്നെന്നും റൂം നൽകിയില്ലെങ്കിൽ മാർക്കിനെ പോലും ബാധിക്കുമെന്ന് പറഞ്ഞിരുന്നതായും ഗവേഷക വിദ്യാർത്ഥികൾ രജിസ്ട്രാർക്ക് നൽകിയ പരാതിയിൽ പറയുന്നു.

2024 സെപ്റ്റംബറിലാണ് ഗവേഷക വിദ്യാർത്ഥികൾ പരാതി നൽകിയത്. ഗവേഷക വിദ്യാർത്ഥികൾക്ക് അനുവദിച്ച റൂം തനിക്ക് വേണമെന്നായിരുന്നു വിജയകുമാരിയുടെ ആവശ്യം.

എന്നാൽ ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന വിദ്യാർത്ഥികളുടെ വാക്കുകൾ വിജയകുമാരി ചെവികൊണ്ടില്ല. പി.എസ്.സി അഭിമുഖങ്ങളിൽ പങ്കെടുക്കുന്ന ആളാണ് താനെന്നും ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ മാർക്കിനെയടക്കം ബാധിക്കുമെന്നുമായിരുന്നു അധ്യാപികയുടെ ഭീഷണി.

അധ്യാപകരുടെയും ഗൈഡിന്റെയും മുന്നില്‍ വെച്ച് പലതവണ സംസ്‌കൃതം മേധാവി തനിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന് ഗവേഷക വിദ്യാര്‍ത്ഥിയായ വിപിന്‍ വിജയൻ കഴിഞ്ഞ ദിവസം പരാതിപ്പെട്ടിരുന്നു.

സോഷ്യല്‍മീഡിയയിലൂടെ ആക്ഷേപം ഉന്നയിച്ച വിപിന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് വിജയകുമാരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

പുലയന്മാര്‍ സംസ്‌കൃതം പഠിക്കേണ്ടെന്ന് പറഞ്ഞ് പലതവണ തന്നെ അധിക്ഷേപിച്ചു. എം.എയും എം.എഡും വിദ്യാഭ്യാസ യോഗ്യതയുള്ള തന്നെ സംസ്‌കൃതം എഴുതാനും വായിക്കാനും അറിയാത്തയാളെന്ന് ആക്ഷേപിച്ച് റിപ്പോര്‍ട്ട് നല്‍കി. തന്റെ പ്രബന്ധം റദ്ദാക്കാനായി നീക്കങ്ങള്‍ നടത്തിയെന്നുമാണ് വിപിന്‍ വിജയന്റെ പരാതിയില്‍ പറയുന്നത്.

Content Highlight: Reports suggest that complaints have been filed against Dr. C.N. Vijayakumari,  Karyavattom campus, in the past

We use cookies to give you the best possible experience. Learn more