| Monday, 15th September 2025, 5:02 pm

ലോകഃയുടേത് പരമബോറന്‍ കഥ; നിര്‍മാതാവ് മമ്മൂട്ടിയുടെ മകനായതുകൊണ്ട് പലരും സത്യം പറയുന്നില്ല; ബഹിഷ്‌കരണാഹ്വാനവുമായി ബി. ഇക്ബാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കല്യാണി പ്രിയദര്‍ശന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര’ക്കെതിരെ വിമര്‍ശനവുമായി കേരള സര്‍വകലാശാല മുന്‍ വി.സി. ഡോ. ബി. ഇക്ബാല്‍. മലയാള സിനിമക്ക് യക്ഷിബാധ പിടിപ്പെട്ടിരിക്കുകയാണെന്ന് ബി. ഇക്ബാല്‍ പറയുന്നു.

ലോകഃയുടെ നിര്‍മാതാവ് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനായതുകൊണ്ടാണ് പലരും സത്യം പറയാന്‍ മടിക്കുന്നതെന്നും ഇക്ബാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ദുല്‍ഖര്‍… ഇത് വലിയൊരു കൊലച്ചതിയായി പോയെന്നും മലയാള സൂപ്പര്‍സ്റ്റാറുകളെ പിടികൂടിയിട്ടുള്ള മെഗാബജറ്റ് മാനിയ ദുല്‍ഖറിനെയും ബാധിച്ചുവെന്നും ഇക്ബാല്‍ പറഞ്ഞു.

ഭീഭത്സം, അരോചകം, അസഹ്യം എന്നൊക്കെ മാത്രം വിശേഷിപ്പിക്കാന്‍ കഴിയുന്ന നല്ലൊരു തിരക്കഥപോലുമില്ലാത്ത ഒരു പരമബോറന്‍ യക്ഷികഥയാണ് ലോകഃയുടേതെന്നും ഇക്ബാല്‍ കുറ്റപ്പെടുത്തി.

കടമറ്റത്ത് കത്തനാര്‍ മുതല്‍ ഡ്രാക്കുള വരെ എത്രയോ യക്ഷിസിനിമകള്‍ കണ്ടുമടുത്ത പ്രേക്ഷകര്‍ക്ക് മേല്‍, ദുല്‍ഖറിനെ പോലൊരു യുവ പ്രതിഭയില്‍ നിന്നും ഇങ്ങനെയൊരു അന്ധവിശ്വാസ ജടിലമായ സിനിമ പ്രതീക്ഷിച്ചില്ലെന്നും ഇക്ബാല്‍ പറയുന്നു.

സിനിമയുടെ അവസാനത്തില്‍ രക്ഷപ്പെട്ടുവെന്ന് കരുതി ശ്വാസമെടുത്തപ്പോള്‍ ‘ചാത്തന്‍മാര്‍ ഇനിയും വരും’ എന്ന്. അത് ‘ലോകഃ’ പീഡന ശൈലിയില്‍ തുടര്‍ സിനിമകളുണ്ടാകുമെന്ന ഭീഷണിയാണെന്നും ഇക്ബാല്‍ ആരോപിച്ചു. ലോകഃയ്ക്ക് പുറമെ ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ ‘കത്തനാര്‍’നെയും ഇക്ബാല്‍ വിമര്‍ശിക്കുന്നുണ്ട്.

സിനിമാ പ്രേമികളെ പുതിയ തലത്തിലുള്ള യക്ഷിപീഡനം കാത്തിരിക്കുന്നുവെന്നാണ് കത്തനാരെ കുറിച്ച് ബി. ഇക്ബാല്‍ പറഞ്ഞത്. ഇത്തരം സിനിമകളെ നേരിടാനുള്ള ചികിത്സാ മാര്‍ഗം എന്നത് ഗാന്ധിയന്‍ സമരരീതിയായ ബഹിഷ്‌കരണമാണെന്നും ഡോ. ബി. ഇക്ബാല്‍ പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ലോകഃ നിര്‍മിച്ചിരിക്കുന്നത്. വേഫറര്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണിത്.

മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍, തുടരും എന്നീ സിനിമകള്‍ക്ക് ശേഷം ഈ വര്‍ഷം 200 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രം കൂടിയാണ് ലോകഃ. ഇന്ത്യയിലെ മുഴുവന്‍ സിനിമാ ഇന്‍ഡസ്ട്രികളിലും മികച്ച പ്രതികരണമാണ് ലോകഃ നേടുന്നത്.

Content Highlight: Dr. B. Ekbal criticized Lokah movie

We use cookies to give you the best possible experience. Learn more