തിരുവനന്തപുരം: അനുമതിയില്ലാതെ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതിന് മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ഡോ. ബി. അശോകിന് സസ്പെന്‍ഷന്‍. സൈനികക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ അദ്ദേഹം കേരള കാര്‍ഷിക സര്‍വകലാശാല വി.സി.യുടെ ചുമതലയും വഹിച്ചുവരികയായിരുന്നു.
അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതും സര്‍ക്കാര്‍ നയങ്ങളെ ചാനല്‍ ചര്‍ച്ചകളിലടക്കം വിമര്‍ശിച്ചതുമാണ് നടപടിക്ക് ആധാരമെന്ന് ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.
കേരളശബ്ദം വാരികയില്‍ ‘സൈബര്‍ ഫാസിസം അരിച്ചുകയറുന്ന സുഷിരങ്ങള്‍ അടയ്ക്കുക’ എന്ന തലക്കെട്ടില്‍ അദ്ദേഹം എഴുതിയ ലേഖനം സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു.
തുടര്‍ഭരണം വ്യക്തികളിലും കക്ഷികളിലും ഫാസിസ്റ്റ് മനോഭാവം ഉണ്ടാക്കും എന്നും വോട്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ലേഖനത്തിലെഴുതിയിരുന്നു. നടന്‍ മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണം, മന്ത്രി വീണ ജോര്‍ജിനെതിരെ പ്രതിഷേധിച്ചവരെ കൈകാര്യം ചെയ്ത രീതി എന്നിവയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെയും ലേഖനത്തില്‍ പരാമര്‍ശിച്ചിരുന്നു.
എം.ടി. വാസുദേവന്‍ നായര്‍, കവി സച്ചിതാനന്ദന്‍ എന്നിവരുടെ തുറന്നെഴുത്തുകളെ ഉദ്ധരിച്ചുകൊണ്ട്, ജനാധിപത്യം സംരക്ഷിക്കാന്‍ വോട്ടര്‍മാരുടെ ഇടപെടല്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സസ്പെന്‍ഷന്‍ നടപടിക്ക് പിന്നാലെ, സര്‍ക്കാര്‍ മാറുന്ന സമയമായതിനാല്‍ തല്‍ക്കാലം നിയമനടപടികള്‍ക്ക് പോകുന്നില്ലെന്ന് ഡോ. ബി. അശോക് പ്രതികരിച്ചു. എന്നാല്‍, പദവിയിലിരിക്കുന്ന ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിക്കുന്നത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
Content highlight: Dr. B. Ashok IAS suspended for speaking to media without permission