അറിയാതിരുന്ന രണ്ടു കാര്യങ്ങളാണ് സമീപ ദിവസങ്ങളില്‍ വെളിപ്പെട്ടത്.
ഒന്ന്: നമ്മുടെ തലസ്ഥാനത്തെ അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലെ ഡിപ്ലോമാറ്റിക് ചാനലിലൂടെ നിര്‍ബാധം സ്വര്‍ണക്കടത്തു നടന്നു. കസ്റ്റംസിനോ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കോ പിടിക്കാനാവാതെ പലവട്ടം തുടര്‍ന്നു. രാജ്യത്തിന്റെ സമ്പദ് ഘടനയും സാമൂഹിക സുരക്ഷിതത്വവും അപകടപ്പെടുത്തുന്ന നിലയിലേക്ക് വളര്‍ന്നു. എംബസിയിലും സര്‍ക്കാറിലും പദവികള്‍ വഹിക്കാനും സ്വാധീനം ചെലുത്താനും ശേഷിയുള്ള തട്ടിപ്പുകാര്‍ രൂപപ്പെട്ടു.
രണ്ട്. നമ്മുടെ സംസ്ഥാന ഭരണസിരാകേന്ദ്രത്തില്‍ പലവിധ ധനകാര്യ ഏജന്‍സികളും കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പുകളും കോര്‍പറേറ്റ് ദല്ലാളരും പിടിമുറുക്കിയിരിക്കുന്നു. പിന്‍വാതില്‍ നിയമനങ്ങള്‍ മുതല്‍ വികസന പദ്ധതികള്‍ വരെ നിശ്ചയിക്കുന്നത് അത്തരക്കാരുടെ അരാഷ്ട്രീയ / അവിഹിത കൂട്ടുകെട്ടുകളാണ്. അവരുടെ ഉപജാപ വൃത്തത്തിലും നിയന്ത്രണത്തിലുമാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിപോലും എന്നു ഭയക്കേണ്ടി വന്നിരിക്കുന്നു. സ്വര്‍ണ കള്ളക്കടത്തും തട്ടിപ്പും നടത്തുന്നവരാണ് ഉന്നതോദ്യോഗസ്ഥരുടെ കൂട്ടുകാര്‍!
ഒന്നാമത്തെ അറിവ് ലോകത്തെ ഞെട്ടിച്ചു. ഡിപ്ലോമാറ്റിക് ബഗേജുകള്‍ സംബന്ധിച്ച അന്താരാഷ്ട്ര നിശ്ചയങ്ങളാണ് ലംഘിക്കപ്പെട്ടത്. വളരെ ഗൗരവതരമായ വിഷയമാണിത്. അതു കണ്ടെത്താന്‍ കഴിഞ്ഞത് അഭിമാനകരമാണ്. എന്നാല്‍ പലവട്ടം ആ ചാനലിലൂടെ സ്വര്‍ണം കടത്തി എന്ന കണ്ടെത്തലില്‍ നമ്മുടെ സുരക്ഷാ സംവിധാനത്തിലെ വിള്ളലുകളോ പഴുതുകളോ ആണ് പുറത്തായത്. ഏതായാലും അതെല്ലാം അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ദേശീയ അന്വേഷണ ഏജന്‍സിയെ നിയോഗിച്ചിരിക്കുന്നു. സ്വര്‍ണം കടത്തിയത് ആരൊക്കെയാണെന്നും ആര്‍ക്കൊക്കെ വേണ്ടിയാണെന്നും പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം. രാഷ്ട്രീയ ഇടപെടലുകളില്‍ അന്വേഷണങ്ങള്‍ സ്തംഭിച്ചുപോകുമോ എന്ന പതിവുശങ്ക ഇല്ലാതില്ല.
രണ്ടാമത്തെ അറിവ് സംസ്ഥാന സര്‍ക്കാര്‍ തലത്തിലുള്ളതാണ്. അതിലെ പാകപ്പിഴകള്‍ അന്വേഷിക്കാന്‍മാത്രം ഉണ്ടെന്ന് സംസ്ഥാന സര്‍ക്കാറിന് തോന്നുന്നില്ല. വ്യാജസര്‍ട്ടിഫിക്കറ്റും വ്യാജ രേഖകളും സ്വീകരിച്ചുള്ള നിയമനവും സര്‍ക്കാര്‍ മുദ്രയും പദവിയും ദുരുപയോഗം ചെയ്തുള്ള അവരുടെ അഴിഞ്ഞാട്ടവും മുഖ്യമന്ത്രിയുടെ വലംകൈയോളം നീളുന്ന സ്വാധീനവും ഒരു ആഭ്യന്തര അന്വേഷണത്തിനു വിധേയമാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
സ്പ്രിംഗ്‌ളര്‍/ കെ പി എം ജി ഇടപാടുകള്‍ വിവാദമായപ്പോള്‍ കണ്‍സള്‍ട്ടന്‍സി /കോര്‍പറേറ്റ് ഇടപെടലുകള്‍ ഭരണത്തിന്റെ ഉന്നതകേന്ദ്രങ്ങളില്‍ എത്രത്തോളമുണ്ടെന്നു കണ്ടതാണ്. ആ സ്വാധീനത്തിന്റെ ആഴവും പ്രേരണയും അന്വേഷിക്കേണ്ടതുണ്ട്. സ്പ്രിംഗ്‌ളറിനെയും പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പറിനെയും പോലുള്ള ഏജന്‍സികളുടെ വരവ് സംശയാസ്പദമായാണ് പല ഭരണ / പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കോര്‍പറേറ്റ് ദല്ലാളരും പ്രതിനിധികളും ഉദ്യോഗസ്ഥരും ഇടതുപക്ഷ ഭരണത്തില്‍ ഇടപെടുന്നതു കാണുമ്പോള്‍ അത്ഭുതം തോന്നുന്നു.
ഡിപ്ലോമാറ്റിക് ചാനലിലൂടെയുള്ള സ്വര്‍ണ കള്ളക്കടത്തും സംസ്ഥാന ഭരണ കേന്ദ്രത്തിലെ നയരൂപീകരണ നടത്തിപ്പ് അധിനിവേശവും ആപത്ക്കരമാണ്. രണ്ടും ഒരുപോലെയാണ് എന്നൊന്നും പറയുന്നില്ല. ആ താരതമ്യത്തിനു വേണ്ട ശേഷി എനിക്കില്ല. രണ്ടിലും അന്വേഷണം നടക്കേണ്ടതുണ്ട്. ആദ്യത്തേത് ഗൗരവതരമായ കുറ്റമായി എളുപ്പം കാണാനാവും. എന്നാല്‍ നവലിബറല്‍ നയനടത്തിപ്പിന്റെ ഭാഗമായി കടന്നു കയറിയ സ്വകാര്യവത്ക്കരണ, കോര്‍പറേറ്റ് വത്ക്കരണ മുഖംമൂടിയുള്ളതിനാല്‍ രണ്ടാമത്തേതിലെ പിശക് എളുപ്പം തിരിച്ചറിയപ്പെടില്ല.
എങ്കിലും വ്യാജരേഖ ചമയ്ക്കലും പിന്‍വാതില്‍ നിയമനവും സര്‍ക്കാര്‍ ഖജനാവിന്റെ ദുരുപയോഗവും ഉന്നതോദ്യോഗസ്ഥരുടെ പദവി ദുരുപയോഗവും കുറ്റകരമാണെന്നു ബോധ്യപ്പെടാന്‍ എന്തു പ്രയാസമാണുള്ളത്?
അത്രയും ബോധ്യപ്പെട്ടാല്‍ ഒരന്വേഷണത്തിന് ഉത്തരവിടാന്‍ എന്തു തടസ്സമാണുള്ളത്? ഏതെല്ലാം ബാഹ്യ ഏജന്‍സികള്‍ അന്വേഷിക്കുമ്പോഴും വകുപ്പുതല ക്രമക്കേടു സംബന്ധിച്ച ആരോപണങ്ങളില്‍ ആഭ്യന്തര അന്വേഷണം പതിവുള്ളതാണല്ലോ. അതിപ്പോള്‍ മറന്നു പോകുന്നത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രിയ്ക്കും സര്‍ക്കാറിനും അവരുടെ മുന്നണിക്കും അതു വിശദീകരിക്കാനുള്ള ബാധ്യതയുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ