അടൂര്‍: ഭര്‍ത്തൃഗൃഹത്തില്‍ ആഹാരം പോലും കൊടുക്കാതെ തടങ്കലിലാക്കിയിരുന്ന യുവതിയെ പൊലീസ് സഹായത്തോടെ ബന്ധുക്കള്‍ എത്തി മോചിപ്പിച്ച് ആശുപത്രിയിലാക്കി. അടൂര്‍ വടക്കടത്തുകാവ് പരുത്തിപ്പാറ വള്ളിച്ചരുവില്‍ റെജിയുടെ ഭാര്യ മോളിക്കുട്ടിയെയാണ് 20 ദിവസത്തോളം ആഹാരം പോലും കൊടുക്കാതെ മുറിക്കുള്ളില്‍ അടച്ചിട്ടിരുന്നത്. യുവതിയുടെ ഭര്‍ത്താവിനെയും ഭര്‍ത്തൃമാതാപിതാക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
സ്ത്രീധന തുകയുടെ പേരിലാണ് രണ്ടുകുട്ടികളുടെ അമ്മകൂടിയായ യുവതിക്ക് ഈ കൊടും പീഡനങ്ങള്‍ നേരിടേണ്ടി വന്നത്. യുവതിയെ ഭര്‍ത്തൃവീട്ടുകാര്‍ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. കമ്പിവടി കൊണ്ടുള്ള അടിയേറ്റ് മോളിക്കുട്ടിയുടെ കാലിലുണ്ടായ മുറിവ് പഴുത്ത് പുഴുക്കള്‍ പുറത്തേക്ക് വരാന്‍ തുടങ്ങിയിരുന്നു.
മോളിക്കുട്ടി തടവിലാണെന്ന വിവരം നാട്ടുകാര്‍ ബന്ധുക്കളെ അറിയിച്ചതനുസരിച്ച് സഹോദരി വല്‍സമ്മ പൊലീസിനൊപ്പം ഇന്നലെ രാവിലെ റെജിയുടെ വീട്ടില്‍ എത്തിയതാണ് അവര്‍ക്ക് രക്ഷയായത്. മോളിക്കു്ടിയിപ്പോള്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയിലെത്തിക്കുന്ന സമയത്ത് സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു മോളിക്കുട്ടി.
വിവരമറിഞ്ഞ് കൂടുതല്‍ പൊലീസ് റെജിയുടെ വീട്ടില്‍ എത്തി റെജി, പിതാവ് രാജു (54), മാതാവ് കുഞ്ഞുമോള്‍ (49) എന്നിവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മോളിക്കുട്ടിയുടെ രണ്ടു കുട്ടികളെ പൊലീസ് വല്‍സമ്മയ്‌ക്കൊപ്പം വിട്ടു.