| Tuesday, 28th February 2012, 9:20 am

ഡൗ കെമിക്കല്‍സ് ചാരപ്പണി നടത്തിയതായി വിക്കീലീക്‌സ്; ഡൗ കെമിക്കല്‍സിനെതിരെ കേന്ദ്രം കത്തയച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 1984ല്‍ കാല്‍ലക്ഷത്തോളം പേരുടെ മരണത്തിനിടയാക്കിയ ഭോപ്പാല്‍ ദുരന്തത്തിന് ഉത്തരവാദികളായ യൂണിയന്‍ കാര്‍ബൈഡിന്റെ ഉടമകളായ ഡൗ കെമിക്കല്‍സ് ചാരപ്പണി നടത്തിയ രേഖകള്‍ വിക്കീലീക്‌സ് പുറത്തുവിട്ടു. ഭോപ്പാല്‍ ദുരന്തത്തെ തുടര്‍ന്ന് അരങ്ങേറിയ സമരങ്ങളും നഷ്ടപരിഹാരത്തിനായി ജനങ്ങള്‍ നടത്തിവന്ന ശ്രമങ്ങളും നിരീക്ഷിക്കാനും സമരപ്രവര്‍ത്തകര്‍ക്കിടയില്‍ ചാരപ്പണി നടത്താനും അമേരിക്ക ആസ്ഥാനമായ ആഗോള സ്വകാര്യ രഹസ്യാന്വേഷണ ഏജന്‍സിയായ “സ്ട്രാറ്റ്‌ഫോറി”നെ ഡൗ കെമിക്കല്‍സിനെ ചുമതലപ്പെടുത്തിയ രേഖകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങളാണ് വിക്കീലീക്‌സ് പുറത്തുവിട്ടത്.

2004 ജൂലൈ മുതല്‍ 2011 ഡിസംബര്‍ വരെയുള്ള സന്ദേശങ്ങളാണ് വിക്കീലീക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്ട്രാറ്റ്‌ഫോറിന്റെ പ്രവര്‍ത്തനരീതി, കോര്‍പറേറ്റ് സര്‍ക്കാര്‍ ഇടപാടുകാര്‍ക്കായി വ്യക്തികളെ ലക്ഷ്യംവെക്കുന്ന രീതി, പ്രതിഫലം നല്‍കുന്ന രീതി, മാനസികാപഗ്രഥന രീതികള്‍ തുടങ്ങിയ വിവരങ്ങള്‍ ഇതില്‍പ്പെടുന്നു. അനോണിമസ് എന്നറിയപ്പെടുന്ന ഹാക്കര്‍മാരുടെ സംഘമാണ് വിക്കിലീക്‌സിനായി ഈ രേഖകള്‍ ചോര്‍ത്തിയെടുത്തത്.

പണം വാങ്ങി ഇടപാടുകാര്‍ക്കാവശ്യമായ രഹസ്യങ്ങള്‍ ചികയുന്ന സ്ട്രാറ്റ്‌ഫോറിന്റെ 50 ലക്ഷത്തോളം രഹസ്യ ഇമെയിലുകള്‍ പുറത്തുവിട്ടു കൊണ്ടാണ് വിക്കീലീക്‌സ് ഒരിടവേളക്കു ശേഷം വീണ്ടും ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. രഹസ്യാന്വേഷണ ഏജന്‍സിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയ വിക്കിലീക്‌സിന്റെ അവതാരം വലിയ വാര്‍ത്തയായിരിക്കുകയാണ്. വാര്‍ത്തയില്‍ ഡൗ കെമിക്കല്‍സ് ഉള്ളതിനാല്‍ വാര്‍ത്തയ്ക്ക് വലിയ രാഷ്ട്രീയ മാനവും കൈവന്നിരിക്കുന്നു.

ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ പേരില്‍ ഇന്ത്യയില്‍ വിചാരണ നേരിടുന്ന ഡൗ കെമിക്കല്‍സിനെ 2012 ലണ്ടന്‍ ഒളിമ്പിക്‌സിന്റെ മുഖ്യ സ്‌പോണ്‍സര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മാസങ്ങളായി വിവാദങ്ങളും വാര്‍ത്തകളും നിറഞ്ഞു നില്‍ക്കുന്നതിനിടെയാണ് ഡൗ കെമിക്കല്‍സിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന പുതിയ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.

സമരപ്രവര്‍ത്തകരുടെ ഓണ്‍ലൈനിലെ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും ചാരപ്പണിക്ക് വിധേയമായിരിക്കുന്നത്. ഒരു സ്വകാര്യ രഹസ്യാന്വേഷണ ഏജന്‍സി എങ്ങിനെയാണ് ഗവണ്‍മെന്റിനെയും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെയും വ്യക്തികളെയും ചാരപ്രവര്‍ത്തിയിലൂടെ വരുതിയിലാക്കുന്നുവെന്ന് രേഖകളിലൂടെ മനസ്സിലാക്കാമെന്ന് വിക്കീലീക്‌സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

വിക്കീലീക്‌സ് വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ലണ്ടന്‍ ഒളിംപിക്‌സ് സ്‌പോണ്‍സര്‍ സ്ഥാനത്തു നിന്നും ഡൗ കെമിക്കല്‍സിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഒളിംപിക് കമ്മിറ്റിക്ക് കത്തയച്ചു. ഡൗ കെമിക്കല്‍സ് സ്‌പോണ്‍സര്‍ ചെയ്യുന്ന ലണ്ടന്‍ ഒളിംപിക്‌സില്‍ നിന്നും ഇന്ത്യ പിന്മാറണമെന്നാവശ്യപ്പെട്ട് ഇന്ത്യയില്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ഡൗ കെമിക്കല്‍സിനെ പുറത്താക്കണമെന്ന് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷനും

ഡൗ കെമിക്കല്‍സിനെ പിന്തുണയ്ക്കാനാവില്ല: ഒളിമ്പിക് കമ്മീഷണര്‍ രാജിവെച്ചു

ഡൗ കെമിക്കല്‍സിനെ ഒഴിവാക്കുന്ന പ്രശ്‌നമില്ലെന്ന് ഒളിമ്പിക് സംഘാടക സമിതി

ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ചു; ഡൗ കെമിക്കല്‍സ് സ്‌പോണ്‍സര്‍ സ്ഥാനത്ത് തുടരും

Malayalam news

Kerala news in English

We use cookies to give you the best possible experience. Learn more