| Tuesday, 12th August 2025, 1:40 pm

സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യക്കും ഇരട്ട വോട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തെരഞ്ഞെടുപ്പ് അട്ടിമറികൾ പുറത്തുവന്നുകൊണ്ടിരിക്കെ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്കും സഹോദരന്റെ ഭാര്യ റാണി സുഭാഷിനും ഇരട്ട വോട്ട്. കൊല്ലം, തൃശൂര്‍ മണ്ഡലങ്ങളിലാണ് ഇരുവര്‍ക്കും വോട്ടുകളുള്ളത്.

ലക്ഷ്മി നിവാസ് എന്ന സുരേഷ് ഗോപിയുടെ കുടുംബ വീടിന്റെ അഡ്രസ്സിലാണ് കൊല്ലം ലോക്സഭ മണ്ഡലത്തില്‍ ഇരവിപുരം നിയോജകമണ്ഡലത്തിലെ 84ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ പട്ടികയില്‍ ഇരുവരുടെയും പേരുകളുള്ളത്. സുരേഷ് ഗോപിയുടെ ഭാരത് ഹെറിറ്റേജ് വീടിന്റെ മേല്‍വിലാസത്തിലാണ് തൃശൂരില്‍ സുഭാഷ് ഗോപിയുടെയും ഭാര്യയുടെയും പേര് ചേര്‍ത്തിരിക്കുന്നത്.

സുരേഷ് ഗോപിയുടെ അനുയായിയായ കോട്ടയം സ്വദേശിക്കും തൃശൂരില്‍ വോട്ടുള്ളതായി കണ്ടെത്തി. കോട്ടയം പാലാ സ്വദേശികളായ ബിജു പുളിക്കകണ്ടത്തും ഭാര്യയുമാണ് തൃശൂരിലെ വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചത്. ആലത്തൂരിലെ ആര്‍.എസ്.എസ് നേതാവ് ഷാജി വരവൂരിനും വിവിധ മണ്ഡലങ്ങളില്‍ വോട്ടുണ്ടെന്ന് കണ്ടെത്തി.

ആഗസ്റ്റ് ഏഴിനായിരുന്നു  തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തിയത്. കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളെ മുന്‍നിര്‍ത്തിയാണ് രാഹുല്‍ ഗാന്ധി ഓഗസ്റ്റ് ഏഴിന് ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ സീറ്റിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ വന്‍തോതിലുള്ള വോട്ട് മോഷണം നടന്നുവെന്നായിരുന്നു രാഹുലിന്റെ പ്രധാന ആരോപണം.രാഹുലിന്റെ വെളിപ്പെടുത്തതിന് പിന്നാലെ തെരഞ്ഞെടുപ്പ് അട്ടിമറികൾ ഓരോന്നായി പുറത്തുവരികയാണ്.

അതേസമയം തൃശൂരിലെ വോട്ടര്‍പട്ടിക ക്രമക്കേടില്‍ സുരേഷ് ഗോപിക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി. സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപനാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

വിഷയത്തില്‍ വ്യാപക പരാതികളും പ്രതിഷേധങ്ങളും ഉയരുന്ന സാഹചര്യത്തിലും സുരേഷ് ഗോപി എം.പി ഇതുവരെയും പ്രതികരിച്ചിട്ടില്ല. ന്യൂദല്‍ഹില്‍ വെച്ച് വോട്ട് ക്രമക്കേടില്‍ മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും അദ്ദേഹം ഒന്നും പ്രതികരിക്കാതെ വാഹനത്തില്‍ കയറി പോകുകയായിരുന്നു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സുരേഷ് ഗോപിക്ക് എതിരെ വന്ന വ്യാജ വോട്ട് ആരോപണം ഉയര്‍ന്നുവന്നിരുന്നു. എല്‍.ഡി എഫിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന വി.എസ്. സുനില്‍കുമാറാണ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്. തൃശൂര്‍ മണ്ഡലത്തില്‍ വ്യാജ വോട്ടുകള്‍ ചേര്‍ത്ത് സുരേഷ് ഗോപിയുടെ വിജയം ഉറപ്പാക്കാന്‍ ബി.ജെ.പി ശ്രമിച്ചതായി എല്‍.ഡി.എഫ് ആരോപിച്ചു. ഇലക്ടറല്‍ റോളില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും, ഒരേ വിലാസത്തില്‍ നിരവധി വോട്ടര്‍മാരെ ചേര്‍ത്തതായും, മറ്റ് ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആളുകളെ വ്യാജമായി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും ആരോപണമുണ്ടായിരുന്നു.

Content Highlight: Double vote for Suresh Gopi’s brother and wife

We use cookies to give you the best possible experience. Learn more