| Thursday, 8th October 2026, 7:15 pm

ഡൊറോത്തി എനിക്ക് സ്പെഷ്യലും എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സിനിമയുമാണ്: കാർത്തിക് സുബ്ബരാജ്

അനുപമ കെ. സീത

തമിഴ് സിനിമയിൽ ഏറെ വിവാദങ്ങൾക്കിടയാക്കിയ ചിത്രമാണ് കാർത്തിക് സുബ്ബരാജിന്റെ ‘ഡൊറോത്തി’. അതേസമയം മലയാളി പ്രേക്ഷകരടക്കം ‘ഡൊറോത്തി’യെ ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു. ട്രാൻസ്‌ജെൻഡർ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ പ്രമേയം കൊണ്ടു തന്നെയാണ് ഒരു കൂട്ടം തമിഴ് പ്രേക്ഷകരെ സിനിമ അസ്വസ്ഥമാക്കിയത്.

കാർത്തിക് സുബ്ബരാജിന്റെ സിനിമ കരിയറിലെ പത്താമത്തെ ചിത്രമാണ് ‘ഡൊറോത്തി.’ ട്രാൻസ്‌ജെൻഡർ സമൂഹത്തെ കൃത്യമായ് അടയാളപ്പെടുത്താൻ ഡൊറോത്തിക്ക് കഴിഞ്ഞിട്ടുണ്ട്. സനന്ത്, കീർത്തി സുരേഷ്, റിഷികാന്ത്‌ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഡൊറോത്തി .Photo.Screen Grab/IMDb

ഡൊറോത്തി തനിക്ക് സ്പെഷ്യലാണെന്നും തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സിനിമയാണെന്നും പറയുകയാണ് കാർത്തിക് സുബ്ബരാജ്. ‘ഞാനെഴുതിയ എല്ലാ സിനിമകളും എനിക്ക് സ്പെഷ്യലാണ്. പക്ഷേ ഡൊറോത്തി എനിക്ക് കൂടുതൽ സ്പെഷ്യലാണ്. കാരണം കുറെ വർഷങ്ങളായി ഈ സിനിമയുടെ കഥ എന്റെ മനസ്സിലുണ്ട്. സ്ക്രിപ്റ്റ് എഴുതാൻ തുടങ്ങിയിട്ട് നാലഞ്ചു വർഷങ്ങളായി. ‘റെട്രോ’ക്കും, ‘ഡബിൾ എക്‌സി’നും, ‘മഹാനും’ മുമ്പേ ഡൊറോത്തിയുടെ ഐഡിയ എന്റെ മനസ്സിലുണ്ടായിരുന്നു.’ കാർത്തിക് സുബ്ബരാജ് പറഞ്ഞു.

കൊറോണക്ക് മുമ്പേ ‘മഹാൻ’ തുടങ്ങിയതുകൊണ്ട് അത് കഴിഞ്ഞിട്ട് ചെയ്യാമെന്ന് കരുതിയെന്നും അതിനു ശേഷം ഓരോ കാരണങ്ങളാൽ ‘ഡബിൾ എക്‌സും’,‘റെട്രോ’യും ചെയ്യേണ്ടി വന്നുവെന്നും കാർത്തിക് പറഞ്ഞു. പല നിർമാതാക്കളെയും സമീപിച്ചപ്പോൾ വലിയ താരങ്ങളെ വെച്ച് കൊമേഷ്യൽ സിനിമയാക്കാനാണ് പറഞ്ഞതെന്നും കാർത്തിക് കൂട്ടിച്ചേർത്തു.

ഡൊറോത്തിയിലെ രംഗം.Photo.Screen Grab/Youtube.com

അങ്ങനെ പോകാൻ തനിക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും കാർത്തിക് വ്യക്തമാക്കി. പിന്നീട് ഗോവ ഫിലിം ഫെസ്റ്റിവലിൽ വെച്ച് ഗുനീത് മോംഗയെ കണ്ടുമുട്ടുകയും കഥ കേട്ട് ഡൊറോത്തി നിർമ്മിക്കാൻ അവർ തയ്യാറായെന്നും കാർത്തിക് പറഞ്ഞു.

കാർത്തിക്കിന്റെ ധീരമായ പരീക്ഷണ ചിത്രമായിരുന്നു ഡൊറോത്തിയെന്നും മുൻനിര നായകന്മാരെ വെച്ച് പതിവുശൈലിയിൽ ഒരു മാസ് സിനിമ ചെയ്യാതെ ശക്തമായ ഒരു വിഷയത്തെ ആധാരമാക്കി ഒരു നല്ല ചിത്രം ഒരുക്കിയതിനു പ്രശംസിച്ചുകൊണ്ടുള്ള പ്രതികരണങ്ങളും കാർത്തിക്കിന് ലഭിക്കുന്നുണ്ട്. തമിഴ് സിനിമയിലെ പ്രമുഖ സംവിധായകൻ മാരി സെൽവരാജ്, വെട്രിമാരൻ, മണിരത്നം ഉൾപ്പടെ പലരും സിനിമയെ പ്രശംസിച്ചിരുന്നു.

Content Highlight: Dorothy’ is a special film for me, one that is close to my heart said Karthik Subbaraj

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more