ഒരു സിനിമയെ വിമർശിക്കുന്നത് പുതിയ കാര്യമല്ല. ഇഷ്ടപ്പെട്ടില്ലെങ്കിൽ വിമർശിക്കാം, സിനിമയുടെ രാഷ്ട്രീയം ചോദ്യം ചെയ്യാം, കഥയെയും അവതരണത്തെയും കുറിച്ച് അഭിപ്രായം പറയാം. എന്നാൽ ഒരു സിനിമയുടെ പ്രമേയം മാത്രം കാരണം സോഷ്യൽ മീഡിയയിൽ ബഹിഷ്‌കരണ ആഹ്വാനങ്ങൾ വരെ ഉയരുമ്പോൾ, അതിന് പിന്നിലെ കാരണങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ട്. കാർത്തിക് സുബ്ബരാജിന്റെ ‘ഡൊറോത്തി’ക്ക് സംഭവിക്കുന്നതും അതാണ്.
സെപ്റ്റംബർ 25ന് തിയറ്ററുകളിലെത്തിയ ‘ഡൊറോത്തി’യിലെ ക്വിയർ, ട്രാൻസ് ജീവിതമാണ് ഇപ്പോൾ പ്രധാനമായും സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്. റിലീസിന് പിന്നാലെ സിനിമയുടെ ചില രംഗങ്ങളും സംഭാഷണങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ സിനിമയ്ക്കെതിരെ വിമർശനങ്ങളും ട്രാൻസ്ഫോബിക് പ്രതികരണങ്ങളും ‘#ബോയ്‌കോട്ട് ഡൊറോത്തി’ ആഹ്വാനങ്ങളും ഉയർന്നു. അതേസമയം സിനിമയെ പിന്തുണച്ചും ഇത്തരം കഥകൾ സിനിമയിൽ പറയേണ്ടതുണ്ടെന്നും വാദിച് നിരവധി പേർ രംഗത്തെത്തി.
ഡൊറോത്തി. photo. IMDb
പക്ഷേ ഇവിടെ ഒരു കൗതുകകരമായ കാര്യമുണ്ട്. ‘ഡൊറോത്തി’ സംവിധാനം ചെയ്തത് കാർത്തിക് സുബ്ബരാജാണ്. തമിഴ് സിനിമയിൽ തന്നെ ഒരു പ്രത്യേക ബ്രാൻഡ് ഉണ്ടാക്കിയ സംവിധായകൻ. വലിയ താരങ്ങളെ വെച്ച് മാസ് സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകനിൽ നിന്ന് പ്രേക്ഷകർക്ക് പരിചിതമായ ഒരു സിനിമാ സങ്കൽപ്പമുണ്ട്. അത്തരമൊരു സംവിധായകൻ ക്വിയർ ഐഡന്റിറ്റിയും മസ്‌കുലാനിറ്റിയും ഇത്രയും നേരിട്ട് മുന്നിലേക്ക് കൊണ്ടുവരുന്ന സിനിമയുമായി എത്തുമ്പോൾ, അത് പലർക്കും പ്രതീക്ഷിക്കാത്ത മാറ്റമായിരിക്കും.
റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വന്ന ചില പ്രതികരണങ്ങളിലും ഇതിന്റെ സൂചന കാണാം. ‘ഇത് കാർത്തിക് സുബ്ബരാജിൽ നിന്ന് പ്രതീക്ഷിച്ചില്ല’ എന്ന തരത്തിലുള്ള പ്രതികരണങ്ങളും സിനിമയുടെ പ്രമേയത്തോടുള്ള എതിർപ്പിനൊപ്പം തന്നെ കാണപ്പെട്ടു. അതായത് വിമർശനം സിനിമയോട് മാത്രമല്ല, തങ്ങൾക്ക് പരിചിതമായിരുന്ന ഒരു സംവിധായകന്റെ സിനിമ കാഴ്ചപ്പാട് മാറിയതിനോടുള്ള പ്രതികരണവുമാകാം.
മാത്രവുമല്ല ‘ഡൊറോത്തി’യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സനന്തും റിഷികാന്തുമാണ്. ഇരുവരെയും പ്രേക്ഷകർക്ക് മുമ്പേ പരിചയമുള്ളത് മറ്റു തരത്തിലുള്ള കഥാപാത്രങ്ങളിലൂടെയാണ്. അതുകൊണ്ടുതന്നെ ഇവരിൽ നിന്ന് ക്വിയർ ബന്ധത്തെ കേന്ദ്രീകരിച്ചുള്ള ഇത്തരമൊരു കഥാപാത്രം പ്രതീക്ഷിക്കാത്തവരും ഉണ്ടാകാം.
പ്രത്യേകിച്ച് റിഷികാന്തിന്റെ കാര്യത്തിൽ ഈ മാറ്റം കൂടുതൽ ശ്രദ്ധേയമാണ്. ‘ഡൊറോത്തി’ക്ക് മുമ്പ് പുറത്തിറങ്ങിയ ‘മോദ രാത്രി’ യിലൂടെ അദ്ദേഹത്തിന് പ്രേക്ഷകരിൽ നിന്ന് വലിയ പിന്തുണ ലഭിച്ചിരുന്നു. ആ സിനിമയ്ക്ക് ശേഷം രൂപപ്പെട്ട റിഷികാന്തിന്റെ പുതിയ ഓഡിയൻസ് ഇമേജിൽ നിന്ന് തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് ‘ഡൊറോത്തി’യിലേത്. അതുകൊണ്ട് തന്നെ ‘റിഷികാന്തിൽ നിന്ന് ഇങ്ങനെയൊരു കഥാപാത്രം പ്രതീക്ഷിച്ചില്ല’ എന്ന തരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സനന്തിന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചിട്ടുള്ളത്.
ഇവിടെ ഒരു പ്രധാന കാര്യം സംഭവിക്കുന്നത് എന്താണ് വെച്ചാൽ പ്രേക്ഷകർക്ക് നടനെയും കഥാപാത്രത്തെയും എല്ലായ്പ്പോഴും പൂർണമായി വേർതിരിച്ച് കാണാൻ കഴിയണമെന്നില്ല. തങ്ങൾക്ക് പരിചിതനായ നടനെ ഒരു പുതിയ രീതിയിൽ കാണുമ്പോൾ, പ്രത്യേകിച്ച് അയാളുടെ മസ്‌കുലാനിറ്റിയെക്കുറിച്ചുള്ള പതിവ് ധാരണകൾക്ക് വിരുദ്ധമായ കഥാപാത്രമാണെങ്കിൽ, അത് ചിലർക്ക് അസ്വസ്ഥതയുണ്ടാക്കാം.
ഡൊറോത്തി. photo. IMDb
റിഷികാന്ത് തന്നെ ‘ഡൊറോത്തി’ക്ക് പിന്നാലെ മസ്‌കുലാനിറ്റിയെക്കുറിച്ച് സംസാരിച്ചതും ഈ ചർച്ചയ്ക്ക് പ്രസക്തമാണ്. പുരുഷത്വം എന്നത് പുറത്ത് കാണിക്കുന്ന ശക്തിയോ ഷോ-ഓഫോ മാത്രമല്ലെന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ പ്രതികരണം, സിനിമ മുന്നോട്ടുവെക്കുന്ന മറ്റൊരു ചോദ്യത്തിലേക്കാണ് ശ്രദ്ധ കൊണ്ടുപോകുന്നത്. ഒരു പുരുഷ കഥാപാത്രം എങ്ങനെയായിരിക്കണം, എങ്ങനെ പെരുമാറണം, ആരെ സ്നേഹിക്കണം എന്നതിനെക്കുറിച്ച് സമൂഹത്തിനുള്ള ചില ഉറച്ച ധാരണകളുണ്ട്. ‘ഡൊറോത്തി’ അതിൽ നിന്നും വ്യത്യസ്തമാണ്.
സിനിമ കാണുന്നതിന് ശേഷമുള്ള വിമർശനവും സിനിമ കാണുന്നതിന് മുമ്പേ സോഷ്യൽ മീഡിയയിൽ രൂപപ്പെടുന്ന അഭിപ്രായവും ഒരുപോലെയല്ല. ‘ഡൊറോത്തി’യിലെ ക്വിയർ തീം സംബന്ധിച്ച വിവരങ്ങൾ റിലീസിന് മുമ്പേ തന്നെ ഓൺലൈനിൽ ചർച്ചയായിരുന്നു. പിന്നീട് ചില രംഗങ്ങളും സംഭാഷണങ്ങളും മാത്രം പുറത്തുവന്നതോടെ, സിനിമ മുഴുവനായി കാണാത്തവരിലും ചിത്രത്തെക്കുറിച്ച് ഒരു അഭിപ്രായം രൂപപ്പെട്ടിരിക്കാം.
ഡൊറോത്തി. photo. IMDb
കാർത്തിക് സുബ്ബരാജ് തന്നെ ഈ പ്രതികരണങ്ങളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ ഹേറ്റ് ഒരു ചെറിയ വിഭാഗത്തിൽ നിന്നുള്ളതാണെന്നും തിയറ്ററിൽ സിനിമ കാണുന്ന പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്രവുമല്ല പ്രേക്ഷകരുടെ ഹൃദയത്തിലും അവർ മറ്റുള്ള മനുഷ്യരെ കാണുന്ന കാഴ്ചപ്പാടിലും ഒരു ചെറിയ മാറ്റമെങ്കിലും കൊണ്ടുവരുന്ന സിനിമ ചെയ്യണമെന്നാണ് താൻ എപ്പോഴും ആഗ്രഹിച്ചിരുന്നെന്നും 14 വർഷത്തിന് ശേഷം ‘ഡൊറോത്തി’ അത് സാധ്യമാക്കി എന്നും കാർത്തിക് പ്രതികരിച്ചിരുന്നു. സിനിമയെക്കുറിച്ച് അഭിപ്രായം പറയുന്നതിന് മുമ്പ് അത് കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്പോൾ സ്വാഭാവികമായും ‘ഡൊറോത്തി’ക്കെതിരെ ഇത്രയും നെഗറ്റീവ് പ്രതികരണം ഉണ്ടായത് എന്തുകൊണ്ടാണെന്ന് ഒറ്റ കാരണം കൊണ്ട് നമുക്ക് പറയാൻ കഴിയില്ല. കാർത്തിക് സുബ്ബരാജിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്ന സിനിമയും അവർക്ക് ലഭിച്ച സിനിമയും തമ്മിലുള്ള വ്യത്യാസം. സനന്തിനും റിഷികാന്തിനും പ്രേക്ഷകർ നേരത്തെ നൽകിയിരുന്ന ഇമേജ്. ‘മോദ രാത്രി’ക്ക് ശേഷം റിഷികാന്തിനോടുണ്ടായിരുന്ന പുതിയ പ്രതീക്ഷ. രണ്ട് പുരുഷ കഥാപാത്രങ്ങളുടെ ക്വിയർ ബന്ധം ചിലരിൽ ഉണ്ടാക്കിയ അസ്വസ്ഥത. പുരുഷത്വത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ പതിവ് ധാരണകൾ. അതിനൊപ്പം സോഷ്യൽ മീഡിയയിൽ സിനിമയെ ചുറ്റിപ്പറ്റി രൂപപ്പെട്ട വലിയ ചർച്ചയും. ഇവയെല്ലാം ചേർന്നാണ് ‘ഡൊറോത്തി’ ഒരു സിനിമ എന്നതിൽ നിന്ന് വലിയൊരു ചർച്ചയായി മാറിയത്.
അവസാനം ‘ഡൊറോത്തി’ ഉയർത്തുന്ന ചോദ്യം ഒന്ന് തന്നെയാണ് ഒരു ക്വിയർ കഥാപാത്രത്തെ കാണുന്നതാണോ ചിലരെ അസ്വസ്ഥരാക്കുന്നത്, അതോ പുരുഷൻ എങ്ങനെയായിരിക്കണം എന്നുള്ള പതിവ് ധാരണകളെ സിനിമ ചോദ്യം ചെയ്യുന്നതാണോ?
കാർത്തിക് സുബ്ബരാജ്,ഡൊറോത്തി. Photo. Screen Grab/ Youtube. IMDb
സിനിമയെ വിമർശിക്കാം. പക്ഷേ ക്വിയർ കഥാപാത്രങ്ങളോടുള്ള എതിർപ്പിനെ സിനിമാ വിമർശനമായി മാത്രം കാണാനാകില്ല. അതുകൊണ്ടുതന്നെ ‘ഡൊറോത്തി’യെ ചുറ്റിപ്പറ്റിയുള്ള ചർച്ച ഒരു സിനിമയെക്കുറിച്ചുള്ള ചർച്ച മാത്രമല്ല, നമ്മുടെ സിനിമാ കാഴ്ചപ്പാടുകളും നായക സങ്കൽപ്പങ്ങളും എത്രത്തോളം മാറാൻ തയ്യാറാണ് എന്നതിന്റെ കൂടി ചർച്ചയാണ്.
Content Highlight: ‘Dorothy’ and the controversies surrounding the film