വാഷിങ്ടണ്‍: നവംബര്‍ 3ന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ, തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളിലെ പൗരന്മാര്‍ക്ക് 235 കോടി ഡോളറിന്റെ നേരിട്ടുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
യു.എസ് കോണ്‍ഗ്രസിന്റെ നിയന്ത്രണം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നിലനിര്‍ത്താനാകുമോ എന്ന് നിര്‍ണയിക്കപ്പെടുന്ന തെരഞ്ഞെടുപ്പാണ് നവംബര്‍ 3 ന് നടക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച വിവിധ സാമ്പത്തിക ആനുകൂല്യങ്ങളും സഹായ പ്രഖ്യാപനങ്ങളും ചര്‍ച്ചയാകുന്നത്.
ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവരില്‍ ഏകദേശം 71 ശതമാനം പേരും യു.എസ് സെനറ്റിലേക്കോ ഗവര്‍ണര്‍ സ്ഥാനത്തേക്കോ മത്സരങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളിലാണ് താമസിക്കുന്നത്. ഇതില്‍ പല സംസ്ഥാനങ്ങളിലും ശക്തമായ മത്സരമാണ് നടക്കുന്നത്.
മുതിര്‍ന്ന പൗരന്മാര്‍ക്ക് 90 ഡോളര്‍
മെഡികെയര്‍ പാര്‍ട്ട് ബി പദ്ധതിയില്‍ അംഗങ്ങളായ 2.08 കോടി ആളുകള്‍ക്ക് 90 ഡോളര്‍ വീതം ഒറ്റത്തവണയായി നല്‍കുമെന്ന് ഒക്ടോബര്‍ 2 ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സര്‍ക്കാര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡികെയറിന്റെ ഭാഗമാണ് പാര്‍ട്ട് ബി.
വര്‍ധിച്ചുവരുന്ന ആരോഗ്യപരിചരണ ചെലവുകളുടെ ഭാരം കുറയ്ക്കുന്നതിനാണ് ഒറ്റത്തവണയായി ഈ തുക നല്‍കുന്നതെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. മെഡികെയര്‍ പദ്ധതിയുടെ മെച്ചപ്പെടുത്തലുകള്‍ക്കായി മാറ്റിവെച്ച 200 കോടി ഡോളറിന്റെ ഫണ്ടില്‍ നിന്നാണ് ഇതിനാവശ്യമായ തുക കണ്ടെത്തുക.
മുതിര്‍ന്ന പൗരന്മാരെ മാത്രം ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം പ്രഖ്യാപിക്കുന്ന രണ്ടാമത്തെ പ്രധാന ആനുകൂല്യമാണിത്. ഇടക്കാല തെരഞ്ഞെടുപ്പുകളില്‍ ഉയര്‍ന്ന തോതില്‍ വോട്ട് ചെയ്യുന്ന വിഭാഗമെന്ന നിലയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. കഴിഞ്ഞ വര്‍ഷം ട്രംപ് ഒപ്പുവെച്ച ‘One Big Beautiful Bill Act’ലും 65 വയസിന് മുകളിലുള്ളവര്‍ക്കുള്ള നികുതി ഇളവ് ഉള്‍പ്പെടുത്തിയിരുന്നു. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് നല്‍കിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു ഈ നികുതി ഇളവ്.
Obama care ഉപയോഗിക്കുന്നവര്‍ക്ക് 500 ഡോളര്‍
സര്‍ക്കാര്‍ നിയന്ത്രിക്കുന്ന Healthcare.gov പോര്‍ട്ടല്‍ വഴി ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നേടുന്ന 9.5 ലക്ഷം പേര്‍ക്ക് ഭരണകൂടം 500 ഡോളര്‍ വീതം നല്‍കിയിട്ടുണ്ട്. 2025 അവസാനത്തോടെ റിപ്പബ്ലിക്കന്‍ നിയന്ത്രണത്തിലുള്ള കോണ്‍ഗ്രസ് ചില സബ്‌സിഡി പദ്ധതികളുടെ കാലാവധി അവസാനിപ്പിച്ചതിനെ തുടര്‍ന്ന് ഇവരില്‍ പലരുടെയും ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വലിയ വര്‍ധനവുണ്ടായിരുന്നു.
മുന്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് ഈടാക്കിയതായി പറയുന്ന അമിത ഫീസിനുള്ള റീഫണ്ടായാണ് ഈ തുകയെ വൈറ്റ് ഹൗസ് വിശേഷിപ്പിക്കുന്നത്.
എന്നാല്‍ Obamacare നെ ആശ്രയിക്കുന്ന 1.9 കോടി ആളുകള്‍ക്കും ഈ തുക ലഭിക്കില്ലെന്നതാണ് വസ്തുത. സബ്‌സിഡിയോടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നവരും സ്വന്തം ആരോഗ്യ ഇന്‍ഷുറന്‍സ് മാര്‍ക്കറ്റ് പ്ലേസ് (പോര്‍ട്ടല്‍) നടത്തുന്ന 20 സംസ്ഥാനങ്ങളിലെ ഉപഭോക്താക്കളും ഈ ആനുകൂല്യത്തിന് അര്‍ഹരല്ല.
അതേസമയം റോയിട്ടേഴ്സ് സര്‍ക്കാര്‍ വിവരങ്ങള്‍ വിശകലനം ചെയ്തതനുസരിച്ച്, സാമ്പത്തിക ആനുകൂല്യത്തിന് അര്‍ഹരായവരില്‍ ഏകദേശം 71 ശതമാനം പേരും യു.എസ് സെനറ്റിലേക്കോ ഗവര്‍ണര്‍ സ്ഥാനത്തേക്കോ മത്സരങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളിലാണ് താമസിക്കുന്നത്. ഇവയില്‍ പലയിടുത്തും കടുത്ത പോരാട്ടമാണ് നടക്കുന്നത്.
എല്ലാ മുതിര്‍ന്നവര്‍ക്കും 5,000 ഡോളര്‍ വാഗ്ദാനം
സെപ്റ്റംബര്‍ 9ന് അമേരിക്കയിലെ എല്ലാ പ്രായപൂര്‍ത്തിയായ പൗരന്മാര്‍ക്കും 5,000 ഡോളര്‍ വീതം നല്‍കുന്ന പദ്ധതിയുടെ പ്രഖ്യാപനം ട്രംപ് നടത്തിയിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നവംബറിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണം നിലനിര്‍ത്തുകയും പദ്ധതി നടപ്പാക്കുകയും ചെയ്താല്‍ ഏകദേശം 1.2 ട്രില്യണ്‍ ഡോളര്‍ ഇതിനായി ചെലവഴിക്കേണ്ടിവരും. ഫെഡറല്‍ ബജറ്റിന്റെ ഏകദേശം 16 ശതമാനത്തിന് തുല്യമായ തുകയാണിത്.
എന്നാല്‍ പദ്ധതി നടപ്പാക്കാന്‍ കോണ്‍ഗ്രസിന്റെ അംഗീകാരം ആവശ്യമാണ്. എന്നാല്‍ ട്രംപിന്റെ പ്രഖ്യാപനത്തിന് കോണ്‍ഗ്രസില്‍ ഇതുവരെ കാര്യമായ പിന്തുണ ലഭിച്ചിട്ടില്ല.
അലാസ്‌കയില്‍ വൈദ്യുതി ലൈനുകള്‍ക്കും പൈപ്പ്ലൈനിനും ഫണ്ട്
അലാസ്‌കയിലെ വൈദ്യുതി ലൈനുകളുടെ വികസനത്തിനായി ഒക്ടോബര്‍ 5ന് ട്രംപ് 15 കോടി ഡോളറിന്റെ പുതിയ ഫണ്ട്് പ്രഖ്യാപിച്ചു. അതേ ദിവസം വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് അലാസ്‌കയില്‍ മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഡാന്‍ സള്ളിവനുവേണ്ടി പ്രചാരണത്തിനെത്തിയിരുന്നു.
ഇതിന് ഒരാഴ്ച മുമ്പ് അലാസ്‌കയില്‍ ദ്രവീകൃത പ്രകൃതി വാതകത്തിനായുള്ള (LNG) പൈപ്പ്‌ലൈന്‍ പദ്ധതിയും ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ഇനിയും തീരുമാനിക്കാനുണ്ടെന്നാണ് വാന്‍സ് പറഞ്ഞത്.
നവംബര്‍ 3ന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ സാമ്പത്തിക പ്രഖ്യാപനങ്ങള്‍ വരുന്നത്. മുതിര്‍ന്ന പൗരന്മാരേയും ആരോഗ്യ ഇന്‍ഷുറന്‍സ് ഉപഭോക്താക്കളേയും ലക്ഷ്യമിട്ടുള്ള നേരിട്ടുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ക്ക് പുറമെയാണ് അലാസ്‌കയിലെ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള ഫണ്ടും ട്രംപ് പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി നികുതിദായകരുടെ പണം ഉപയോഗിച്ചുള്ള പരസ്യവും വിവാദത്തില്‍
ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ വിഭാഗങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, നികുതിദായകരുടെ പണം ഉപയോഗിച്ച് ട്രംപ് ഭരണകൂടം രാഷ്ട്രീയ സ്വഭാവമുള്ള ടെലിവിഷന്‍ പരസ്യങ്ങള്‍ നല്‍കിയെന്ന ആരോപണവും ശക്തമാകുന്നുണ്ട്.
ഇതിനെതിരെ ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. നവംബര്‍ 3ന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കുക ലക്ഷ്യമിട്ടാണ് പരസ്യങ്ങള്‍ നല്‍കിയതെന്നാണ് ഡെമോക്രാറ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ഇതേ പരസ്യങ്ങള്‍ക്കെതിരെ ജനാധിപത്യ നിരീക്ഷണ സംഘടനയായ കോമണ്‍ കോസും പ്രത്യേകമായി കേസ് നല്‍കിയിട്ടുണ്ട്. പരസ്യങ്ങള്‍ പൊതുസേവന അറിയിപ്പുകളല്ലെന്നും രാഷ്ട്രീയ പ്രചാരണ സ്വഭാവമുള്ളവയാണെന്നും സംഘടന പറഞ്ഞു. കോണ്‍ഗ്രസ് അനുവദിച്ച ഫണ്ട് രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത് തടയുന്ന വ്യവസ്ഥകളുടെ ലംഘനമാണ് ഇതെന്നും പരാതികളില്‍ ചൂണ്ടിക്കാട്ടുന്നു.
അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ഗ്രസ് അനുവദിച്ച 2 കോടി ഡോളറാണ് പരസ്യങ്ങള്‍ക്കായി പുനര്‍വിനിയോഗിക്കാന്‍ ട്രംപ് വൈറ്റ് ഹൗസിന് നിര്‍ദേശം നല്‍കിയെന്നാണ് കേസുകളിലെ പ്രധാന ആരോപണം.
കുടിയേറ്റ നിയന്ത്രണ നടപടികള്‍ക്കായി ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന് അനുവദിച്ച 17.5 കോടി ഡോളറിന്റെ പാക്കേജില്‍ നിന്നാണ് ഈ തുക മാറ്റിവെച്ചതെന്നും പരാതികളില്‍ പറയുന്നു.
സെപ്റ്റംബറില്‍ സംപ്രേഷണം ആരംഭിച്ച പരസ്യങ്ങള്‍ക്കായി ഇതുവരെ 1.2 കോടി ഡോളറിലധികം ചെലവഴിച്ചതായാണ് മീഡിയ ട്രാക്കിങ് സ്ഥാപനമായ AdImpactന്റെ കണക്ക്. ട്രംപിനെ അനുകൂലിക്കുന്ന രാഷ്ട്രീയ സന്ദേശങ്ങളാണ് പരസ്യങ്ങളിലുള്ളതെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, രാജ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും അതിര്‍ത്തി സുരക്ഷയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുമാണ് പരസ്യങ്ങളെന്നാണ് ട്രംപിന്റെ വിശദീകരണം. മുന്‍ ഭരണകൂടങ്ങള്‍ നടത്തിയ പൊതുജന ബോധവത്കരണ പ്രചാരണങ്ങള്‍ക്ക് സമാനമാണ് ഇവയെന്നും അദ്ദേഹം വാദിച്ചു.
എന്നാല്‍ പരസ്യങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ, ഭാവിയിലെ ഇത്തരം പരസ്യങ്ങള്‍ക്കായി നികുതിദായകരുടെ പണം ഉപയോഗിക്കില്ലെന്ന് പറഞ്ഞ് തലയൂരുകയാണ് ട്രംപ്. നിലവിലെ പരസ്യങ്ങള്‍ക്കായി ഇതിനകം ചെലവഴിച്ച തുക തിരിച്ചുനല്‍കുമോ എന്ന കാര്യത്തിലാവട്ടെ അദ്ദേഹം വ്യക്തത വരുത്തിയിട്ടുമില്ല.
പരസ്യങ്ങളെക്കുറിച്ച് Reuters നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 86 ശതമാനം അമേരിക്കക്കാരും അവയ്ക്കായി പൊതുപണം ഉപയോഗിച്ചത് അനുചിതമാണെന്ന് അഭിപ്രായപ്പെടുന്നുണ്ട്. റിപ്പബ്ലിക്കന്‍ വോട്ടര്‍മാരില്‍ 80 ശതമാനത്തോളം പേരും പൊതുപണം ഇതിനായി ഉപയോഗിക്കുന്നതിനെ എതിര്‍ത്തതായും സര്‍വേ വ്യക്തമാക്കുന്നു.
Content Highlight: Dool In-Depth: Weeks Before the Election, Trump Announces $235 Million in Benefits for Key States and Citizens