സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിന്റെ തെളിവ് എവിടെയെന്ന് ഹേമരാജിന്റെ മാതാവ് ചോദിക്കുന്നു. ഹേമരാജിന്റെ കൊലപ്പെടുത്തിയ ഭീകരരെ വധിച്ചുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇത് സര്‍ക്കാരിന്റെ അവകാശവാദമാണിത്
ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ പേരില്‍ വോട്ടുപിടിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി രക്തസാക്ഷിയായ സൈനികരുടെ കുടുംബം. 2013 ജനുവരിയില്‍ കൊലചെയ്യപ്പെട്ട ഹേമരാജ് സിങ്ങിന്റേതടക്കമുള്ള സൈനികരുടെ ബന്ധുക്കളാണ് ബി.ജെ.പിക്കെതിരെ രംഗത്തെത്തിയത്.
ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സര്‍ക്കാരിനെതിരെ ഹേമരാജിന്റെ കുടുംബം തുറന്നടിക്കുന്നത്.
സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിന്റെ തെളിവ് എവിടെയെന്ന് ഹേമരാജിന്റെ മാതാവ് ചോദിക്കുന്നു. ഹേമരാജിന്റെ കൊലപ്പെടുത്തിയ ഭീകരരെ വധിച്ചുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇത് സര്‍ക്കാരിന്റെ അവകാശവാദമാണിത്. ഹേമരാജിന് വേണ്ടിയുള്ള പ്രതികാരമല്ല ഇത്.
സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ എത്ര പാക് സൈനികര്‍ കൊല്ലപ്പെട്ടെന്ന് നമുക്കാര്‍ക്കെങ്കിലും അറിയുമോ? സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷവും അവര്‍ നമ്മുടെ സൈനികരെ കൊല്ലുകയാണ്. എവിടെയാണ് പ്രതികാരം നടക്കുന്നതെന്നും ഹേമരാജിന്റെ മാതാവ് ചോദിക്കുന്നു.
യു.പിയിലെ മഥുര ജില്ലയിലുള്ള ഷേര്‍നഗറിലാണ് ഹേമരാജിന്റെ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്.
സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ രാഷ്ട്രീയ ആയുധമാക്കരുത്. തങ്ങളുടെ സഹോദരന്റെ ജീവത്യാഗത്തെ വോട്ടിന് വേണ്ടി ഉപയോഗിക്കരുത് 2016 ജൂലൈയില്‍ നൗഗാമില്‍ കൊല്ലപ്പെട്ട ബബ്‌ലുവിന്റെ സഹോദരന്‍ പറയുന്നു.
തെരഞ്ഞെടുപ്പില്‍ നോട്ടുനിരോധനമായിരിക്കും ഏറ്റവും വലിയ ചര്‍ച്ചാ വിഷയമെന്ന് ഹേമരാജിന്റെ അമ്മാവന്മാര്‍ പറയുന്നു. ഡിസംബര്‍ 31ന് പ്രധാനമന്ത്രി നടത്തിയ പ്രസംഗം കേട്ടിരുന്നു കര്‍ഷക ലോണുകള്‍ എഴുതിത്തള്ളുമെന്നാണ് കരുതിയത്. അതിനുപകരം സ്ത്രീകള്‍ക്ക് ആറായിരം രൂപ പ്രഖ്യാപിക്കുകയാണുണ്ടായത്. 18 കിലോമീറ്റര്‍ അകലെയുള്ള ബാങ്കിലേക്ക് സ്ത്രീകള്‍ എങ്ങനെ പോകുമെന്നാണ് കരുതുന്നതെന്നും ഇവര്‍ ചോദിക്കുന്നു.
കഴിഞ്ഞ തവണ ഞങ്ങള്‍ ബി.ജെ.പിക്ക് വോട്ടു ചെയ്തു. ഒരു അവസാന അവസരം കൂടി ഞങ്ങള്‍ നല്‍കിയേക്കും. പക്ഷെ നോട്ടുകള്‍ നിരോധിച്ചത് കൊണ്ട് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണെന്നും ഇവര്‍ പറയുന്നു.