ന്യൂദല്‍ഹി: അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന് തുറന്നടിച്ച് കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ്.
നിലവിലെ ചീഫ് ജസ്റ്റിസായ ദീപക് മിശ്ര സ്ഥാനമൊഴിയുമ്പോള്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ ആ സ്ഥാനത്തേക്ക് പരിഗണിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു മന്ത്രിയുടെ പ്രസ്താവന.
പുതിയ ചീഫ് ജസ്റ്റിസിനെ നിയമിക്കുന്ന വിഷയത്തിലെ കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യരുത്. അതിനുള്ള അവകാശം ആര്‍ക്കുമില്ല. കീഴ്വഴക്കമനുസരിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സ്ഥാനമൊഴിയുമ്പോള്‍ അദ്ദേഹം പേരുകള്‍ നിര്‍ദേശിക്കും. അതിനു ശേഷം മാത്രമേ അടുത്ത ചീഫ് ജസ്റ്റിസിന്റെ കാര്യം കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച ചെയ്യു. രവി ശങ്കര്‍ പ്രസാദ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കു ശേഷം വരുന്ന ഏറ്റവും മുതിര്‍ന്ന ജഡ്ജ് രഞ്ജന്‍ ഗൊഗോയിയാണ്. ഇതുവരെയുള്ള കീഴ്വഴക്കമനുസരിച്ച് ഇദ്ദേഹമാണ് അടുത്ത ചീഫ് ജസ്റ്റിസാകേണ്ടത്.
രാജ്യത്ത് ജനാധിപത്യം പ്രതിസന്ധിയിലാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് സുപ്രീം കോടതി ജസ്റ്റിസുമാര്‍ നടത്തിയ പത്രസമ്മേളനത്തില്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുമുണ്ടായിരുന്നു.
സുപ്രീം കോടതിയുടെ അധികാര പരിധികളില്‍ സര്‍ക്കാര്‍ കടന്നുകയറ്റം നടത്തുന്നുവെന്നും അന്ന് ജസ്റ്റിസുമാര്‍ ആരോപിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ തീരുമാനങ്ങളോടുള്ള എതിര്‍പ്പും ജനുവരി 12ന് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ഇവര്‍ വ്യക്തമാക്കിയിരുന്നു.
ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ചീഫ് ജസ്റ്റിസ് ആകുന്നതില്‍ മോദി സര്‍ക്കാരിന് എതിര്‍പ്പുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.