| Friday, 29th August 2025, 11:09 pm

കമല ഹാരിസിനുള്ള സീക്രട്ട് സര്‍വീസ് സുരക്ഷ പിന്‍വലിച്ച് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസ് മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിനുള്ള സീക്രട്ട് സര്‍വീസ് സുരക്ഷ പിന്‍വലിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്ഥാനമൊഴിയുന്ന വൈസ് പ്രസിഡന്റുമാര്‍ക്ക് സാധാരണയായി സ്ഥാനമൊഴിഞ്ഞതിന് ശേഷം ആറ് മാസത്തെ സീക്രട്ട് സര്‍വീസ് സുരക്ഷ ലഭിക്കാറുണ്ട്.

അപ്രകാരം ജൂലായ് മാസമായിരുന്നു കമലയ്ക്കുള്ള സുരക്ഷയുടെ കാലാവധി അവസാനിക്കേണ്ടത്. എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പിട്ട ഒരു നിര്‍ദേശ പ്രകാരം കമല ഹാരിസിനുള്ള സുരക്ഷയുടെ കാലാവധി രഹസ്യമായി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയിരുന്നു. തുടര്‍ന്ന് 2026 ജനുവരി വരെയായിരുന്നു സുരക്ഷയുടെ കാലാവധി ഉണ്ടായിരുന്നത്.

ഇപ്പോള്‍ ട്രംപ് ഭരണകൂടം ഈ സുരക്ഷ പിന്‍വലിച്ചതോടെ സെപ്റ്റംബര്‍ ഒന്നു മുതല്‍ കമല ഹാരിസിന് അധിക സുരക്ഷയുണ്ടാവില്ല. ഇത് സംബന്ധിച്ച് കമലയ്ക്ക് യു.എസ് ഭരണകൂടം ഒരു കത്ത് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

നിയമപരമായി കമല ഹാരിസിന് അര്‍ഹതപ്പെട്ട ആറ് മാസത്തെ സുരക്ഷ ഒരു വര്‍ഷത്തേക്ക് നീട്ടാന്‍ മാത്രം ആശങ്കാജനകമായ ഒന്നും നിലവില്‍ കണ്ടെത്തിയിട്ടില്ലെന്നാണ് ട്രംപ് ഭരണകൂടം വ്യക്തമാക്കിയത്.

സെപ്റ്റംബര്‍ 23ന് കമല ഹാരിസിന്റെ ഓര്‍മകുറിപ്പായ ‘107 ഡേഴ്‌സ്’ പുറത്തിറങ്ങുന്നതിന് മുന്നോടിയായി ഹൈ പുസ്തക പര്യടനം നടക്കാനിരിക്കുകയായിരുന്നു. ആ സമയത്ത് തന്നെയാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്.

Content Highlight: Donald Trump withdraws Secret Service protection for Kamala Harris

We use cookies to give you the best possible experience. Learn more