| Saturday, 6th December 2025, 7:07 am

സമാധാന നൊബേല്‍ ഇല്ലെങ്കിലെന്താ, ഇരിക്കട്ടെ ഫിഫയുടെ സമാധാന പുരസ്‌കാരം; പ്രഥമ ജേതാവായി ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്: പ്രഥമ ഫിഫ സമാധാന പുരസ്‌കാര ജേതാവായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ജോണ്‍ എഫ്. കെന്നഡി സെന്ററില്‍ നടന്ന 2026 ലോകകപ്പിനുള്ള ഗ്രൂപ്പ് ഡ്രോയില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോ പുരസ്‌കാരം സമ്മാനിച്ചു. ട്രോഫിയും മെഡലും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം.

ലോകമെമ്പാടും സമാധാനം പുനസ്ഥാപിക്കാനുള്ള ഇടപെടലുകളാണ് ട്രംപിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്ന് ജിയാനി ഇന്‍ഫാന്റീനോ പറഞ്ഞു. പ്രത്യേക പ്രവര്‍ത്തനങ്ങളിലൂടെയും അടങ്ങാത്ത പ്രതിബദ്ധതയോടെയും ആളുകളെ സമാധാനത്തിലേക്ക് നയിക്കുന്നവര്‍ക്കാണ് പുരസ്‌കാരം നല്‍കുകയെന്ന് ഫിഫ വ്യക്തമാക്കി.

‘ഇത് നിങ്ങളുടെ സമ്മാനമാണ്, ഇത് നിങ്ങള്‍ക്കായുള്ള സമാധാന പുരസ്‌കാരമാണ്. ഒപ്പം നിങ്ങള്‍ പോകുന്നിടങ്ങളിലെല്ലാം ധരിക്കാന്‍ സാധിക്കുന്ന ഒരു മെഡലും സമ്മാനമായി നല്‍കുന്നു,’ ഫിഫ സമാധാന പുരസ്‌കാരം ട്രംപിന് സമ്മാനിച്ചുകൊണ്ട് ഇന്‍ഫന്റീനോ പറഞ്ഞു.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നാണെന്നാണ് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ട്രംപ് പറഞ്ഞത്. ദശലക്ഷങ്ങളുടെ ജീവന്‍ രക്ഷിക്കാനായ പ്രവര്‍ത്തനത്തിനാണ് അംഗീകാരം നല്‍കിയതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ട്രംപും ഇന്‍ഫാന്‍റീനോയും. Photo: Politics For You/x.com

ലോകമെമ്പാടുമുള്ള പല യുദ്ധങ്ങളും തന്റെ മധ്യസ്ഥ ശ്രമത്തിലൂടെ അവസാനിച്ചുവെന്ന സ്വയം അവകാശപ്പെടുന്ന ട്രംപ് ‘ലോകം ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതമായ സ്ഥലമാണെ’ന്നും പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് പറഞ്ഞു.

പുരസ്‌കാര പ്രക്രിയയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മ്യാന്‍മര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായി സോ സോ അധ്യക്ഷനായ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി കമ്മിറ്റി ഇനി വരും വര്‍ഷങ്ങളിലെ പുരസ്‌കാര ജേതാക്കള്‍ക്കുള്ള ചട്ടക്കൂട് രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്ത വര്‍ഷം ജൂണിലാണ് ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്റെ പുതിയ എഡിഷന്‍ അരങ്ങേറുന്നത്. അമേരിക്കയാണ് ബിഗ് ഇവന്റിന്റെ ആതിഥേയരില്‍ ഒരാള്‍. അമേരിക്കയ്ക്ക് പുറമെ കാനഡയും മെക്‌സിക്കോയും ലോകകപ്പിന് വേദിയാകും.

നേരത്തെ സമാധാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് താന്‍ അര്‍ഹനാണെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. അമേരിക്കന്‍ പ്രസിഡന്റായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടതുമുതല്‍ നൊബേലിനായി ട്രംപ് കരുനീക്കങ്ങളാരംഭിച്ചിരുന്നു.

ഡൊണാള്‍ഡ് ട്രംപ്. Photo: Wikipedia

ലോകത്തെ വിവിധ യുദ്ധം അവസാനിപ്പിക്കുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്തതായി അവകാശപ്പെട്ടുകൊണ്ടായിരുന്നു നൊബേല്‍ ആവശ്യമുയര്‍ത്തി ട്രംപും അനുയായികളും രംഗത്തെത്തിയത്. എന്നാല്‍ നൊബേല്‍ പുരസ്‌കാര വേദിയില്‍ ട്രംപിനെ പരിഗണിച്ചിരുന്നില്ല.

വെനസ്വലേയിലെ തീവ്ര വലത് നേതാവും ഇസ്രഈല്‍ അനുകൂലിയുമായ മരിയ കൊരീന മച്ചാഡോയ്ക്കാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്. നേരത്തെ ഹ്യൂഗോ ഷാവേസിനെതിരായ പരാജയപ്പെട്ട അട്ടിമറിയെ അകമഴിഞ്ഞ് പിന്തുണച്ച, 2018ല്‍ മഡൂറോയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ ബെഞ്ചമിന്‍ നെതന്യാവുവിനോട് ആവശ്യപ്പെട്ട നേതാവാണ് മച്ചാഡോ.

മരിയ കൊരീന മച്ചാഡോ | ഡൊണാള്‍ഡ് ട്രംപ്

തനിക്ക് ലഭിച്ച നൊബേല്‍ ട്രംപിന് സമര്‍പ്പിക്കുന്നുവെന്ന പ്രസ്താവനയ്ക്ക് പിന്നാലെ മച്ചാഡോ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Content Highlight: Donald Trump wins 1st FIFA Peace Prize

We use cookies to give you the best possible experience. Learn more