| Friday, 12th September 2025, 8:35 am

ട്രംപിന്റെ 50 ശതമാനം താരിഫ് ഭീഷണിയും പാളി; കുലുങ്ങാതെ ബ്രസീല്‍, ഉറ്റ സുഹൃത്ത് ബോള്‍സനാരോ ജയിലിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: മുന്‍ പ്രസിഡന്റും വലതുപക്ഷ നേതാവുമായ ജെയര്‍ ബോള്‍സനാരോയുടെ ശിക്ഷാവിധിയില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഞെട്ടിക്കുന്ന വിധിയെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ട്രംപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് ബോള്‍സനാരോ.

‘എന്നോട് പ്രവര്‍ത്തിച്ചതിന് സമാനമായാണ് അവര്‍ ബോള്‍സനാരോയോടും പ്രവര്‍ത്തിക്കുന്നത്’ എന്നാണ് വിധിയില്‍ ട്രംപ് പ്രതികരിച്ചത്. ഈ വിധി തീര്‍ത്തും നിരാശാജനകമാണെന്നും ട്രംപ് പറഞ്ഞു.

നേരത്തെ ബ്രസീലിനെതിരെ വിസ നിയന്ത്രണങ്ങളടക്കമുള്ള ഉപരോധ നടപടികളിലേക്ക് അമേരിക്ക കടന്നിരുന്നു.

ബോള്‍സോനാരോയുടെ പേരില്‍ ഇതാദ്യമായല്ല യു.എസ് ബ്രസീലിനെതിരെ നടപടിയെടുക്കുന്നത്. ബൊള്‍സൊനാരോക്കെതിരെ ബ്രസീല്‍ ഭരണകൂടം നടത്തുന്ന നിയമനടപടികള്‍ അന്യായമാണെന്നും വേട്ടയാടലിന് തുല്യമാണെന്നും പറഞ്ഞ്, ബ്രസീലിന് മേല്‍ ട്രംപ് 50 ശതമാനം താരിഫ് ചുമത്തിയിരുന്നു.

നിലവിലെ ഭരണകൂടത്തിന്റെ ഗുരുതരമായ അനീതികള്‍ തിരുത്തുന്നതിന് 50% താരിഫ് അനിവാര്യമാണെന്നും യു.എസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ബ്രസീല്‍ നിയമവിരുദ്ധവുമായ സെന്‍സര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും ട്രംപ് ആരോപിച്ചിരുന്നു.

ബോള്‍സനാരോയ്‌ക്കെതിരായ ശിക്ഷാ നടപടി ബ്രസീലിന് മേല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കുമെന്ന സൂചനയും ട്രംപ് നല്‍കുന്നുണ്ട്. ബ്രസീലിന് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ചുമത്തുമോ എന്ന ചോദ്യത്തിന് ട്രംപ് കൃത്യമായ മറുപടി നല്‍കിയിരുന്നില്ല.

അതേസമയം, തീരുവ ലഘൂകരണത്തിനായി ബ്രസീല്‍ പ്രസിഡന്റ് വ്യാപാര സംഘടനയായ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനെ സമീപിച്ചിരുന്നു.

ബ്രസീലിനോട് മാത്രമല്ല, വെനസ്വലെയടക്കമുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളോടുള്ള നിലപാടുകള്‍ അമേരിക്ക കടുപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം മയക്കുമരുന്ന് കടത്ത് ആരോപിച്ച് യു.എസ് വെനെസ്വേലന്‍ കപ്പലുകളെ ആക്രമിച്ചിരുന്നു. കൂടാതെ, കഴിഞ്ഞ മാസം വെനെസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് 50 മില്യണ്‍ ഡോളര്‍ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

ട്രംപിന് പുറമെ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയും ബോള്‍സനാരോയ്‌ക്കെതിരായ വിധിയെ അപലപിച്ച് രംഗത്തെത്തി. വേട്ടയാടലിന് തുല്യമെന്നായിരുന്നു റൂബിയോയുടെ പ്രതികരണം.

സൈനിക അട്ടിമറി ഗൂഢാലോചന കേസിലാണ് ബോള്‍സനാരോ ശിക്ഷിക്കപ്പെടുന്നത്. ജനാധിപത്യം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ബോള്‍സോനാരോ പ്രവര്‍ത്തിച്ചു എന്നതിന് നിരവധി തെളിവുകളുണ്ടെന്ന് ജസ്റ്റിസ് കാര്‍മെന്‍ ലൂസിയ നിരീക്ഷിച്ചു.

നിലവില്‍ ബോള്‍സനാരോ വീട്ടുതടങ്കലിലാണ്. സുപ്രീം കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് ബോള്‍സനാരോ വീട്ടുതടങ്കലില്‍ കഴിയുന്നത്. സോഷ്യല്‍ മീഡിയ നിരോധനം ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.

ഇടത് നേതാവായ ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട 2022ലെ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷവും അധികാരത്തില്‍ തുടരാന്‍ അട്ടിമറി നടത്തിയെന്ന ആരോപണത്തില്‍ വിചാരണ നേരിടുന്നതിനിടയിലായിരുന്നു വീട്ടുതടങ്കല്‍.

ലുല സര്‍ക്കാരിനെതിരായ ഗൂഢാലോചനയടക്കമുള്ള അഞ്ച് കുറ്റങ്ങളാണ് ബോള്‍സോനാരോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. അഞ്ച് ജഡ്ജിമാരില്‍ നാല് പേരും ബോള്‍സോനാരോ കുറ്റക്കാരനാണെന്ന് കണ്ടെത്തി.

Content Highlight: Donald Trump to use tariffs as a weapon to interfere in the verdict against Bolsonaro

We use cookies to give you the best possible experience. Learn more