വാഷിങ്ടണ്‍: ഹാര്‍വാര്‍ഡ്, കൊളംബിയ യൂണിവേഴ്‌സിറ്റികള്‍ക്ക് പിന്നാലെ ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയെയും ലക്ഷ്യം വെച്ച് ട്രംപ് ഭരണകൂടം. ജൂത വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്നതില്‍ യൂണിവേഴ്‌സിറ്റി പരാജയപ്പെട്ടുവെന്നാണ് ഭരണകൂടത്തിന്റെ കണ്ടെത്തല്‍.
ജൂത, അമേരിക്കന്‍ – ഇസ്രഈലി വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും ബാധിക്കുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ യൂണിവേഴ്‌സിറ്റി യു.എസ് ഫെഡറല്‍ പൗരവകാശ നിയമം ലംഘിച്ചതായി ഭരണകൂടം ആരോപിച്ചു.
നിരവധി സംഭവങ്ങളില്‍ യൂണിവേഴ്‌സിറ്റി മനപൂര്‍വം നിസംഗത കാണിച്ചുവെന്ന് നീതി ന്യായ വകുപ്പിന്റെ നോട്ടീസില്‍ ആരോപിക്കുന്നു. രാജ്യ തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സര്‍വകലാശാലയാണ് ജോര്‍ജ് വാഷിങ്ടണ്‍. മുമ്പ് ആഴ്ചകള്‍ നീണ്ടുനിന്ന ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി പ്രതിഷേധ പ്രസ്ഥാനത്തിന് ഇവിടം വേദിയായിരുന്നു.
2024ലെ ഫലസ്തീന്‍ അനുകൂല കാമ്പസ് പ്രതിഷേധങ്ങളുടെ ഭാഗമായി നടന്ന പ്രകടനങ്ങളില്‍ ജൂതവിരുദ്ധതയെ ചെറുക്കുന്നതില്‍ യൂണിവേഴ്‌സിറ്റി പരാജയപ്പെട്ടുവെന്നും ആരോപണമുണ്ട്. ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളുടെ പേരില്‍ സ്ഥാപനത്തിന്റെ ഫെഡറല്‍ ധനസഹായം വെട്ടിക്കുറക്കാനാകും ട്രംപ് ഭരണകൂടത്തിന്റെ അടുത്ത ലക്ഷ്യം.
അതേസമയം തങ്ങള്‍ക്ക് നീതി ന്യായ വകുപ്പിന്റെ നോട്ടീസ് ലഭിച്ചുവെന്നും അത് പുനപരിശോധിക്കുകയാണെന്നും യൂണിവേഴ്‌സിറ്റി വക്താവ് ഷാനന്‍ മക്ലെന്‍ഡന്‍ പറഞ്ഞു. തങ്ങളുടെ ക്യാമ്പസുകളിലോ സിവില്‍ മാനുഷിക സമൂഹത്തിലോ ഒട്ടും സ്ഥാനമില്ലാത്ത ജൂത വിരുദ്ധതയെ തങ്ങള്‍ അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുമ്പ് ഹാര്‍വാര്‍ഡ് ക്യമ്പസില്‍ നടന്ന ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പ്രകോപിതനായി ട്രംപ് ഹാര്‍വാര്‍ഡിനായുള്ള ധനസഹായത്തില്‍ നിന്ന് മൂന്ന് ബില്യണോളം വരുന്ന ഗ്രാന്റുകള്‍ വെട്ടിക്കുറച്ചിരുന്നു. ആരോഗ്യ ഗവേഷണത്തിനായി നല്‍കി വരുന്ന ധനസഹായം ഉള്‍പ്പെടെയായിരുന്നു വെട്ടിക്കുറച്ചത്.
സമാനമായി ക്യാമ്പസിലെ ജൂതവിരുദ്ധതക്കെതിരെ നടപടിയെടുത്തില്ലെന്ന് കാണിച്ച് കൊളംബിയ യൂണിവേഴ്‌സിറ്റി ഫണ്ടിങ് ട്രംപ് ഭരണകൂടം വെട്ടിക്കുറച്ചിരുന്നു. യൂണിവേഴ്‌സിറ്റിക്ക് നല്‍കി വരുന്ന 400 മില്യണ്‍ ഡോളര്‍ ഫണ്ടും ഗ്രാന്റുകളുമായിരുന്നു ട്രംപ് ഭരണകൂടം റദ്ദാക്കിയത്.
Content Highlight: Donald Trump targets George Washington University after Harvard and Columbia