| Thursday, 24th July 2025, 12:40 pm

ചൈനയില്‍ ഫാക്ടറികള്‍ നിര്‍മിക്കുന്നു, ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്‍കുന്നു; ഇനിയത് നടക്കില്ല: യു.എസ് ടെക് ഭീമന്മാര്‍ക്ക് മുന്നറിയിപ്പുമായി ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കന്‍ ടെക് ഭീമന്മാര്‍ക്കെതിരെ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക നല്‍കുന്ന സ്വാതന്ത്ര്യം ഇവര്‍ ദുരുപയോഗം ചെയ്യുകയാണെന്നും ചൈനയില്‍ ഫാക്ടറികള്‍ പണിയുകയും ഇന്ത്യന്‍ തൊഴിലാളികളെ നിയമിക്കുകയുമാണെന്നും ട്രംപ് ആരോപിച്ചു.

വാഷിംഗ്ടണില്‍ നടന്ന ഉച്ചകോടിയില്‍ സംസാരിക്കവെയായിരുന്നു ടെക് ഭീമന്‍മാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ട്രംപ് എത്തിയത്. തന്റെ ഭരണത്തിന് കീഴില്‍ ‘ആ ദിവസങ്ങള്‍ ഇനിയുണ്ടാവില്ല’ എന്നായിരുന്നു ട്രംപ് പറഞ്ഞത്.

‘വളരെക്കാലമായി, അമേരിക്കയുടെ ടെക് വ്യവസായത്തിന്റെ ഭൂരിഭാഗവും ഒരു സമൂലമായ ആഗോളവാദത്തെ പിന്തുടരുകയായിരുന്നു. അതിന്റെ ഫലം അനുഭവിക്കേണ്ടി വന്നത് ദശലക്ഷക്കണക്കിന് വരുന്ന അമേരിക്കക്കാരാണ്. അവര്‍ യഥാര്‍ത്ഥത്തില്‍ വഞ്ചിക്കപ്പെടുകയായിരുന്നു,’ ഉച്ചകോടിയില്‍ സംസാരിക്കവെ ട്രംപ് പറഞ്ഞു.

അമേരിക്കയിലെ നിരവധി ടെക് കമ്പനികളെ നേരിട്ട് വിമര്‍ശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസ്താവന. അമേരിക്ക നല്‍കുന്ന സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുകയാണ് ഇവരെന്ന് ട്രംപ് പറഞ്ഞു.

‘ഇവിടുത്തെ ഏറ്റവും വലിയ ടെക് കമ്പനികളില്‍ പലതും രാജ്യം നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ എല്ലാ നല്ല ഗുണങ്ങളും കൈപ്പറ്റിയവരാണ്.

അതോടൊപ്പം അവര്‍ ചൈനയില്‍ ഫാക്ടറികള്‍ പണിയുകയും ഇന്ത്യന്‍ തൊഴിലാളികളെ നിയമിക്കുകയും അയര്‍ലണ്ടിലുള്‍പ്പെടെ നമുക്ക് ലഭിക്കേണ്ട ലാഭം കുറയ്ക്കുകയും ചെയ്തുവെന്ന് നിങ്ങള്‍ക്കറിയാം. എന്നാല്‍ ഇവര്‍ സ്വന്തം പൗരന്മാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്യുന്നു. എന്റെ ഭരണകാലയളവില്‍ ഇനിയത് തുടരാനാവില്ല അക്കാലം അവസാനിച്ചു,’ ട്രംപ് പറഞ്ഞു.

അമേരിക്കയെ ഒന്നാമതെത്തിക്കാന്‍ മുന്‍ കൈ എടുക്കേണ്ടത് ഇവിടുത്തെ ടെക് ഭീമന്‍മാരാണെന്നും ഉച്ചകോടിയില്‍ ട്രംപ് ആവശ്യപ്പെട്ടു.

‘അമേരിക്കയ്ക്ക് എല്ലാ പിന്തുണയും നല്‍കിക്കൊണ്ട് യു.എസ് ടെക്‌നോളജി കമ്പനികള്‍ മുന്നോട്ട് വരേണ്ടതുണ്ട്. നിങ്ങള്‍ അമേരിക്കയ്ക്ക് ഒന്നാം സ്ഥാനം നല്‍കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ അത് ചെയ്യണം. അതുമാത്രമേ ഞാന്‍ ആവശ്യപ്പെടുന്നുള്ളൂ,’ ട്രംപ് പറഞ്ഞു.

സാങ്കേതികവിദ്യയില്‍ ചൈനയെ മറികടക്കാനും അമേരിക്കയുടെ മുന്‍തൂക്കം നിലനിര്‍ത്തുന്നതിനുമായി പരിസ്ഥിതി നിയമങ്ങള്‍ ലഘൂകരിക്കാനും സഖ്യ രാജ്യങ്ങളുമായുള്ള കയറ്റുമതി വിപുലീകരിക്കാനും ലക്ഷ്യമിട്ടുള്ള പുതിയ എ.ഐ ഇന്റലിജന്‍സ് ബ്ലൂപ്രിന്റ് ട്രംപ് ഭരണകൂടം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. 21-ാം നൂറ്റാണ്ടില്‍ നടക്കുന്ന ഒരു പോരാട്ടമാണ് ഇതെന്നാണ് പുതിയ നീക്കത്തെ ട്രംപ് വിശേഷിപ്പിച്ചത്.

Content Highlight: Donald Trump Slams US Tech Giants

We use cookies to give you the best possible experience. Learn more