വാഷിങ്ടണ്‍: 70ല്‍ അധികം രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് 10 ശതമാനം മുതല്‍ 41 ശതമാനം വരെ പരസ്പര തീരുവ ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ച് ഡൊണാള്‍ഡ് ട്രംപ്. ഇന്നലെ (വ്യാഴാഴ്ച) ആയിരുന്നു അദ്ദേഹം ഈ ഉത്തരവില്‍ ഒപ്പുവെച്ചത്.
25 ശതമാനമാകും ഇന്ത്യയുടെ മേല്‍ ചുമത്തുന്നത്. 20 ശതമാനം തീരുവ തായ്‌വാനില്‍ നിന്നുള്ള സാധനങ്ങള്‍ക്കും 30 ശതമാനം തീരുവ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള സാധനങ്ങള്‍ക്കും ചുമത്താനാണ് തീരുമാനം. ഇത് ഏഴ് ദിവസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ഉത്തരവില്‍ പറയുന്നത്.
ആഗോള സമ്പദ് വ്യവസ്ഥയെ വെല്ലുവിളിക്കുകയും അന്താരാഷ്ട്ര സഖ്യങ്ങളെ സമ്മര്‍ദത്തിലാക്കുകയും ചെയ്യുന്ന ട്രംപിന്റെ നീക്കത്തിന്റെ ഭാഗം തന്നെയാണിത്. വിവിധ രാജ്യങ്ങളുടെ മേല്‍ ചുമത്തുന്ന പുതുക്കിയ തീരുവയുടെ നിരക്കുകള്‍ വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടുണ്ട്.
സിറിയയുടെ മേല്‍ ചുമത്തുന്നത് 41 ശതമാനം തീരുവയാകും. ലാവോസ്, മ്യാന്‍മര്‍ എന്നിവയുടെ മേല്‍ 40 ശതമാനവും സ്വിറ്റ്‌സര്‍ലാന്‍ഡിന് മേല്‍ 39 ശതമാനവുമാണ് ചുമത്തിയത്.
ഇറാഖ്, സെര്‍ബിയ എന്നിവയുടെ മേല്‍ 35 ശതമാനം തീരുവ ചുമത്തി. ദക്ഷിണാഫ്രിക്കക്ക് പുറമെ അള്‍ജീരിയ, ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിന, ലിബിയ എന്നിവയുടെ മേലിലും 30 ശതമാനം തീരുവ ചുമത്തുമെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഇന്ത്യയ്ക്ക് ഒപ്പം കസാഖ്സ്ഥാന്‍, ടുണീഷ്യ, മോള്‍ഡോവ എന്നീ രാജ്യങ്ങളുടെ മേലെയും 25 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്. ബംഗ്ലാദേശ്, ശ്രീലങ്ക, വിയറ്റ്‌നാം എന്നിവയുടെ മേല്‍ 20 ശതമാനവും പാകിസ്ഥാന്‍, തായ്‌ലാന്‍ഡ്, ഫിലിപ്പിന്‍സ്, മലേഷ്യ എന്നീ രാജ്യങ്ങള്‍ക്ക് 19 ശതമാനം തീരുവയുമാകും ഉണ്ടാകുക.
15 ശതമാനം തീരുവ ചുമത്തുന്നത് ഇസ്രഈല്‍, തുര്‍ക്കി, ജപ്പാന്‍, നൈജീരിയ, ഘാന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ മേലെയാകും. അതേസമയം ബ്രസീല്‍, യു.കെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ മേല്‍ 10 ശതമാനം മാത്രം തീരുവയാണ് ചുമത്തുക.
Content Highlight: Donald Trump signs executive order imposing reciprocal tariffs of up to 41% on imports