വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള ബന്ധത്തിലെ വിള്ളലുകള്‍ പരിഹരിക്കാന്‍ ഒരുങ്ങി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയുമായുള്ള വിലപേശല്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വരും ദിവസങ്ങളില്‍ തന്നെ സംസാരിക്കുമെന്നും ട്രംപ് പ്രതികരിച്ചു. ഇന്ത്യയുമായി മികച്ച വ്യാപാര ബന്ധത്തിലെത്താനാകുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവെച്ചു.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനെ ചൊല്ലി ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയത് വലിയ രീതിയില്‍ ഇരുരാജ്യങ്ങളുടെയും ബന്ധത്തെ ഉലച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപ് മുന്‍കയ്യെടുത്ത് ചര്‍ച്ചക്കിറങ്ങുന്നത്.
‘വ്യാപാരത്തിലെ തടസങ്ങള്‍ മറികടക്കാന്‍ ഇന്ത്യയും യു.എസും തമ്മില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. എന്റെ അടുത്ത സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരുന്ന ആഴ്ചകളില്‍ തന്നെ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു’, ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പ്രതികരിച്ചു. വൈകാതെ തന്നെ ഇരുരാജ്യങ്ങളും വിജയകരമായ ഒരു തീരുമാനത്തിലെത്തുമെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഡൊണാള്‍ഡ് ട്രംപും സാമ്പത്തിക ഉപദേഷ്ടാവ് പീറ്റര്‍ നവാരൊയും
അതേസമയം, ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവായ പീറ്റര്‍ നവാരൊ കഴിഞ്ഞ ദിവസവും ഇന്ത്യക്ക് എതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ന്യായമല്ലാത്ത രീതിയില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ യു.എസില്‍ വിറ്റഴിക്കുകയായിരുന്നു എന്നാണ് നവാരോ കുറ്റപ്പെടുത്തിയത്. ഇത്തരത്തിലുള്ള വ്യാപാരത്തിലൂടെ യു.എസിന്റെ രക്തമൂറ്റിയെടുക്കുന്ന രക്തരക്ഷസായി മാറിയിരിക്കുകയാണ് ഇന്ത്യയും ബ്രിക്‌സ് രാജ്യങ്ങളുമെന്നും നവാരൊ പറഞ്ഞു. ഇന്ത്യ ബ്രിക്‌സ് രാജ്യങ്ങളുമായി നയയതന്ത്രബന്ധം മെച്ചപ്പെടുത്തിയ സാഹചര്യത്തിലായിരുന്നു നവാരൊയുടെ പരാമര്‍ശം.
ചരിത്രപരമായി നോക്കുമ്പോള്‍ ബ്രിക്സ് രാജ്യങ്ങള്‍ പരസ്പരം വെറുക്കുകയും കൊല്ലുകയും ചെയ്യുകയായിരുന്നു. യു.എസുമായി വ്യാപാരം ചെയ്യാതെ ബ്രിക്സ് രാജ്യങ്ങള്‍ക്ക് അധികകാലം നിലനില്‍ക്കാനാകില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ‘ഏറെ കാലം ഈ സഖ്യം നിലനില്‍ക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇവര്‍ക്ക് ആര്‍ക്കും യു.എസില്‍ സാധനങ്ങള്‍ വിറ്റഴിക്കാതെ നിലനില്‍ക്കാനാകില്ല’, നവാരൊ പറഞ്ഞു.
ഇന്ത്യ-ചൈന ബന്ധത്തെ എതിര്‍ത്ത നവാരൊ, ഇന്ത്യയും ചൈനയും പതിറ്റാണ്ടുകളായി യുദ്ധത്തിലാണെന്നും കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യയെ താരിഫുകളുടെ രാജാവെന്ന് വിളിച്ച് നവാരൊ അവഹേളിക്കുകയും ചെയ്തിരുന്നു.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങി വ്യാപാരം നടത്തി ഇന്ത്യയിലെ ഉന്നത ജാതിക്കാര്‍ സാധാരണക്കാരായ ജനങ്ങളുടെ ചെലവില്‍ നേട്ടമുണ്ടാക്കുകയാണ് എന്ന നവാരൊയുടെ പരാമര്‍ശം ഇന്ത്യയില്‍ വലിയ രീതിയിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും കാരണമായിരുന്നു.
Content Highlight: Donald Trump says he will speak to PM Modi soon