| Friday, 10th April 2026, 10:54 pm

കപ്പലുകളില്‍ ആയുധങ്ങള്‍ നിറയ്ക്കുകയാണ്; ഇസ്‌ലാമാബാദിലെ ചര്‍ച്ച പരാജയപ്പെട്ടാല്‍ ആക്രമിക്കും; ഇറാന് ഭീഷണിയുമായി ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാനായി ഇറാന്‍-യു.എസ് ഉന്നതതല യോഗം പാകിസ്ഥാനിലെ ഇസ്‌ലാമാബാദില്‍ ആരംഭിക്കാനിരിക്കെ ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചര്‍ച്ച പരാജയപ്പെടുകയും ഒരു കരാറിലെത്താന്‍ സാധിക്കാതെ വരികയും ചെയ്താല്‍ ഇറാനെതിരെ ആക്രമണങ്ങള്‍ നടത്തുമെന്ന് ട്രംപ് പറഞ്ഞു.

പാകിസ്ഥാനില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഒരു കരാര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇറാനെ ആക്രമിക്കാന്‍ യു.എസ് യുദ്ധക്കപ്പലുകളില്‍ ആയുധങ്ങള്‍ നിറയ്ക്കുകയാണെന്നും ട്രംപ് ഭ്രീഷണി മുഴക്കി.

‘ഞങ്ങള്‍ ഒരു പുനസജ്ജീകരണം നടത്തുകയാണ്. ഞങ്ങള്‍ കപ്പലുകളില്‍ ഏറ്റവും മികച്ച വെടിക്കോപ്പുകള്‍, ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും മികച്ച ആയുധങ്ങള്‍ എന്നിവ നിറയ്ക്കുകയാണ്. അവയെ തകര്‍ക്കാന്‍ മുമ്പ് ചെയ്തതിനേക്കാള്‍ മികച്ചതാണിത്.

ഒരു കരാറിലെത്താനായില്ലെങ്കില്‍, ഞങ്ങള്‍ അവ ഉപയോഗിക്കും,അത് ഞങ്ങള്‍ വളരെ ഫലപ്രദമായി ഉപയോഗിക്കും,’ ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ശനിയാഴ്ചയിലെ ചര്‍ച്ചകളില്‍ പങ്കെടുക്കാനായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ഇസ്‌ലാമാബാദിലെത്തി. ചാള്‍സ്റ്റന്‍ വിമാനത്തിലാണ് വാന്‍സ് വെള്ളിയാഴ്ച പാകിസ്ഥാനിലെ നൂര്‍ ഖാന്‍ ബേസിലെത്തിയത്.

വാന്‍സ് നയിക്കുന്ന അമേരിക്കന്‍ പ്രതിനിധി സംഘത്തില്‍ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും പ്രസിഡന്റിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നറും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഇറാന്‍ സംഘത്തില്‍ ആരൊക്കെയുണ്ടാകുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ പ്രതിനിധി സംഘം വെള്ളിയാഴ്ച എത്തുമെന്ന് പറയുന്ന എക്‌സ് പോസ്റ്റ് പാകിസ്ഥാനിലെ ഇറാനിയന്‍ എംബസി പിന്‍വലിക്കുകയും ചെയ്തിരുന്നു.

ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്ന് അറിയിച്ച ഈജിപ്ത്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികള്‍ പാകിസ്ഥാനിലെത്തുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

രണ്ടാഴ്ചത്തേക്ക് പരസ്പര ധാരണയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പൂര്‍ണമായ തോതില്‍ നടപ്പിലാക്കിയിട്ടില്ലെന്ന് ഇരുപക്ഷവും പരസ്പരം ആരോപണമുന്നയിക്കുന്നുണ്ട്.

വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കേണ്ടതായിരുന്നു. എന്നാല്‍, ഇറാന്‍ ഇതിന് തയ്യാറാകാത്തതില്‍ ട്രംപ് അതൃപ്തി ഇറിയിച്ചിരുന്നു.

എന്നാല്‍ ലെബനനില്‍ ഇസ്രഈല്‍ ആക്രമണം തുടരുന്നതാണ് ഇറാനെ ചൊടിപ്പിച്ചിരിക്കുന്നത്. ലെബനനെതിരായ ആക്രമണങ്ങളും വെടിനിര്‍ത്തല്‍ കരാറിന്റെ കീഴില്‍ വരുമെന്നും ഉടനെ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ വെടിനിര്‍ത്തല്‍ ലംഘനമായി കണക്കാക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ലെബനനിലെ വെടിനിര്‍ത്തലുമായി ബന്ധിപ്പെട്ടായിരിക്കും യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ ഭാവിയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയില്‍ ബാഗേയ് പ്രതികരിച്ചിരുന്നു.

Content Highlight: Donald Trump’s fresh threaten against Iran, hours before truce discussion

We use cookies to give you the best possible experience. Learn more