| Tuesday, 4th March 2025, 6:34 am

ട്രംപ്-സെലെൻസ്‌കി വാക്പോരിന് പിന്നാലെ ഉക്രൈനുള്ള സൈനിക സഹായം നിർത്തിവെച്ച് യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: ഉക്രൈനുള്ള എല്ലാ സൈനിക സഹായങ്ങളും താത്കാലികമായി നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ വെച്ച് ട്രംപും ഉക്രൈൻ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലെൻസ്‌കിയും തമ്മിൽ വാക്പോരുണ്ടായതിന് പിന്നാലെയാണ് ട്രംപിന്റെ ഈ നീക്കം.

ഉക്രൈനുള്ള സൈനിക സഹായം താത്ക്കാലികമായി നിർത്തുകയാണെന്ന് യു.എസ് ഉദ്യോഗസ്ഥൻ തിങ്കളാഴ്ച റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഡൊണാൾഡ് ട്രംപ് തീരുമാനിക്കുന്നത് വരെ ഈ നിർത്തലാക്കാൻ തുടരുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

‘ഇത് ഉക്രൈനുള്ള സൈനിക സഹായം സ്ഥിരമായി നിർത്തലാക്കലല്ല, മറിച്ച് താത്കാലികം മാത്രമാണ്,’ ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

നിലവിൽ ഉക്രൈന് നൽകി വരുന്ന എല്ലാ യു.എസ് സൈനിക ഉപകരണങ്ങളും താത്ക്കാലികമായി നിർത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിൽ വിമാനങ്ങളിലും കപ്പലുകളിലും കൊണ്ടുപോകുന്ന ആയുധങ്ങൾ അടക്കം ഉൾപ്പെടും.

ഉക്രൈനുള്ള സൈനിക സഹായം നിർത്തലാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്നും എന്നാൽ വാഷിങ്ടൺ ഉക്രൈന് നൽകുന്ന പിന്തുണയ്ക്ക് സെലെൻസ്‌കി കൂടുതൽ നന്ദിയുള്ളവനായിരിക്കണമെന്നും ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷമാണ് സഹായം നിർത്തലാക്കിയ റിപ്പോർട്ടുകൾ വരുന്നത്.

റഷ്യ- ഉക്രൈൻ യുദ്ധം ഏകദേശം മൂന്ന് വർഷം ആകുമ്പോൾ, വാഷിങ്ടൺ ഉക്രെയ്നിന് ഇതുവരെയും കോടിക്കണക്കിന് ഡോളർ സഹായം നൽകിയിട്ടുണ്ട്.

അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള വാക്പോരിന് പിന്നാലെ യു.എസുമായി ധാതുക്കരാര്‍ ഒപ്പുവെക്കാന്‍ ഉക്രൈന്‍ ഇപ്പോഴും തയ്യാറാണെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി പറഞ്ഞിരുന്നു.

കക്ഷികള്‍ തയ്യാറാണെങ്കില്‍ ചര്‍ച്ചയിലുള്ള കരാറില്‍ ഒപ്പുവെക്കുമെന്ന് ലണ്ടനില്‍ നടന്ന ഉച്ചകോടിക്ക് ശേഷം സെലന്‍സ്‌കി മാധ്യമങ്ങളോട് പറഞ്ഞു. റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ഉക്രൈനെ അമേരിക്ക സഹായിച്ചതിന് പ്രത്യുപകരമായി ഒപ്പുവെക്കാനിരുന്ന ഈ കരാര്‍ വെള്ളിയാഴ്ച ഓവല്‍ ഓഫീസില്‍വെച്ച് ട്രംപുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഒപ്പുവെച്ചിരുന്നില്ല.

വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, ഉക്രൈനിയന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി എന്നിവര്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് വാക്പോര് ഉണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് ട്രംപ് സെലന്‍സ്‌കിയോട് വൈറ്റ് ഹൗസില്‍ നിന്ന് പുറത്ത് പോകാന്‍ ആവശ്യപ്പെടുകയും പിന്നാലെ യു.എസ് സംയുക്ത പത്രസമ്മേളനം റദ്ദാക്കുകയും ചെയ്തു.

Content Highlight: Donald Trump pauses all US military aid to Ukraine

We use cookies to give you the best possible experience. Learn more