| Thursday, 19th June 2025, 5:28 pm

പാകിസ്ഥാന് ഇറാനെ നന്നായറിയാം; പാക് സൈനിക മേധാവിയെ കണ്ടത് ബഹുമതിയായി കാണുന്നു: ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ ഇരുരാജ്യങ്ങളിലേയും നേതാക്കളെ അഭിനന്ദിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആണവ യുദ്ധത്തിലേക്ക് പോവേണ്ടിയിരുന്ന ഒരു യുദ്ധം തുടരേണ്ടതില്ലെന്ന് തീരുമാനിച്ചത് ഇരുരാജ്യങ്ങളിലേയും ബുദ്ധിമാന്മാരായ നേതാക്കള്‍ ആണെന്നും പാക് സൈനിക മേധാവി അസീം മുനീറുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ട്രംപ് പറഞ്ഞു.

വൈറ്റ് ഹൗസില്‍വെച്ച് അസീം മുനീറിന് ട്രംപ് വിരുന്ന് ഒരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് മാധ്യമങ്ങളെ കണ്ടത്. മുനീറിനെ കാണാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി കരുതുന്നുവെന്നും ട്രംപ് പറയുകയുണ്ടായി.

ഇന്ത്യയുമായി യുദ്ധത്തില്‍ ഏര്‍പ്പെടാതിരിക്കുന്നതിനും യുദ്ധം അവസാനിപ്പിച്ചതിനും മുനീറിനോട് താന്‍ നന്ദി പറയുന്നെന്ന് പറഞ്ഞ ട്രംപ് അത് പറയാനാണ് അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്ക് കൊണ്ടുവന്നെതെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുമായി യു.എസ് വ്യാപാരക്കരാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അതേപോലെ പാകിസ്ഥാനുമായി കരാര്‍ ഉണ്ടാക്കാന്‍ പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യന്‍ പ്രധാനമന്ത്രി മോദി കുറച്ചുനാളുകള്‍ക്ക് മുമ്പാണ് ഇവിടെ നിന്ന് പോയത്. ഞങ്ങള്‍ ഇന്ത്യയുമായി ഒരു വ്യാപാര കരാറില്‍ ഏര്‍പ്പെടാന്‍ പ്രവര്‍ത്തിക്കുകയാണ്. അതുപോലെ പാകിസ്ഥാനുമായി ഒരു വ്യാപാര കരാറിലെത്താനും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌,’ ട്രംപ് പറഞ്ഞു.

മുനീറുമായുള്ള കൂടിക്കാഴ്ചയില്‍ ഇറാനെക്കുറിച്ച് ചര്‍ച്ച ചെയ്‌തോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പാകിസ്ഥാന് ഇറാനെ നന്നായി അറിയാമെന്നാണ് ട്രംപ് മറുപടി നല്‍കിയത്.

‘അവര്‍ക്ക് ഇറാനെ നന്നായി അറിയാം, മറ്റുള്ളവരെക്കാള്‍ നന്നായി തന്നെ. അതിനര്‍ത്ഥം അവര്‍ക്ക് ഇസ്രഈലുമായി മോശം ബന്ധമാണെന്നല്ല. അവര്‍ക്ക് ഇരുരാജ്യങ്ങളേയും അറിയാം. പക്ഷേ അവര്‍ക്ക് ഇറാനെ കൂടുതല്‍ അറിയാം. ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ നോക്കി കാണുകയാണ്. അദ്ദേഹവും എന്നോട് യോജിച്ചു,’ ട്രംപ് പറഞ്ഞു.

മുമ്പ് പലതവണ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചത് താനാണെന്ന്‌ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ അവകാശവാദം പലപ്പോഴും ഇന്ത്യ തള്ളുകയാണുണ്ടായത്. വെടിനിര്‍ത്തലില്‍ ആരും മധ്യസ്ഥത വഹിച്ചിട്ടില്ലെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പലപ്പോഴും വ്യക്തമാക്കിയത്.

ഡി.ജി.എം.ഒ തലത്തില്‍ മാത്രമാണ് ചര്‍ച്ച നടന്നതെന്നാണ് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞിരുന്നത്.വെടിനിര്‍ത്തലിനായി പാകിസ്ഥാനാണ് ഇന്ത്യയെ സമീപിച്ചതെന്നും ശക്തമായി തിരിച്ചടിക്കുമെന്ന ഇന്ത്യയുടെ നിലപാട് ലോകരാഷ്ട്രങ്ങള്‍ പാകിസ്ഥാനെ അറിയിച്ചിട്ടുണ്ടാകുമെന്നുമാണ് ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ ജയ്‌സ്വാള്‍ പറഞ്ഞത്.

Content Highlight: Donald Trump host Lunch for Pak Army Asim Munir and discuss Iran issue

We use cookies to give you the best possible experience. Learn more