ന്യൂയോര്‍ക്: തന്റെ അടുത്ത അനുയായിയായ ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തിന് പിന്നാലെ അമേരിക്കന്‍ ഫാസിസ്റ്റ് വിരുദ്ധ സംഘടനയായ ആന്റിഫ (Antifa)യെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലാണ് ‘തീവ്ര ഇടതുപക്ഷ’മായ ആന്റിഫയെ തീവ്രവാദപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചത്.
ആന്റി ഫാസിസ്റ്റ് ആക്ഷന്‍ എന്നതിന്റെ ചുരുക്കപ്പേരാണ് ആന്റിഫ. തീവ്ര വലതുപക്ഷ ആശയങ്ങളുടെയും ഫാസിസത്തെിന്റെയും നിരന്തര വിമര്‍ശകരായ ആന്റിഫ ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരെയും സദാ പ്രതിഷേധമുയര്‍ത്തിയിരുന്നു.
ഫാസിസ്റ്റ് വിരുദ്ധത, സാമ്രാജ്യത്വ വിരുദ്ധത, മുതലാളിത്ത വിരുദ്ധ, ട്രംപ് വിരുദ്ധ, അനാര്‍ക്കിസം, സോഷ്യലിസം, കമ്മ്യൂണിസം എന്നീ ആശയധാരകളില്‍ വിശ്വസിക്കുന്ന ഇടതുപക്ഷ സംഘടനയാണ് ആന്റിഫ. ഫാസിസത്തിനെതിരെയുള്ള അക്രമാസക്തമായ ചെറുത്തുനില്‍പ് സ്വയം പ്രതിരോധത്തിന്റെ ഭാഗമാണെന്ന് ആന്റിഫ വിശ്വസിക്കുന്നു.
വിവിധ സംഘടനകളുടെ നെറ്റ്‌വര്‍ക് എന്ന നിലയിലാണ് ആന്റിഫ പ്രവര്‍ത്തിക്കുന്നത്. ഇതുകൊണ്ടുതന്നെ കൃത്യമായ നേതൃത്വമോ അധികാര ഘടനയോ പ്രത്യേകിച്ച് ഒരു പ്രവര്‍ത്തന മാതൃകകളോ ഇവര്‍ക്കില്ല.
ചെറുപ്പക്കാരായ, സാങ്കേതികവിദ്യ രംഗത്ത് മികച്ചുനില്‍ക്കുന്ന ഒരു കൂട്ടം ആന്റിഫയുടെ അനുഭാവികളായുണ്ട്. സമൂഹമാധ്യമങ്ങളുടെയടക്കം സാധ്യതകളുപയോഗിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.
ഇപ്പോള്‍ ട്രംപ് ആന്റിഫയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചതിനാല്‍ ഇവര്‍ക്കെതിരെ നടപടികള്‍ കൂടുതല്‍ ശക്തമായേക്കും.
സെപ്റ്റംബര്‍ പത്തിന് യൂട്ടാ യൂണിവേഴ്‌സിറ്റിയില്‍ വെച്ചാണ് ചാര്‍ളി കിര്‍ക് വെടിയേറ്റ് കൊല്ലപ്പെടുന്നത്. വിദ്യാര്‍ത്ഥികളോട് സംസാരിക്കവെ കഴുത്തില്‍ വെടിയേറ്റായിരുന്നു കിര്‍ക്കിന്റെ മരണം.
ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തില്‍ മുഖ്യപങ്ക് വഹിച്ചവരില്‍ പ്രധാനിയായിരുന്നു ചാര്‍ളി കിര്‍ക്ക്. ടേണിങ് പോയിന്റ് എന്ന യു.എസ് ആക്ടിവിസ്റ്റ് യൂത്ത് ഗ്രൂപ്പിന്റെ സ്ഥാപകന്‍ കൂടിയായിരുന്നു അദ്ദേഹം.
കിര്‍ക്കിന്റെ കൊലപാതകിയെ പിടികൂടിയെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു ഫോക്‌സ് ന്യൂസിലെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്.
‘ഞങ്ങള്‍ക്ക് അവനെ കിട്ടി’ ട്രംപ് പ്രതി പൊലീസില്‍ പിടിയിലായെന്ന വിവരം പങ്കുവെച്ചുകൊണ്ട് പറഞ്ഞു. ‘കുറ്റവാളി പിടിയിലായെന്ന് ഉറപ്പിക്കാം. അവനുമായി വളരെ അടുപ്പമുള്ളയാള്‍ തന്നെയാണ് അവനെ ഞങ്ങളെ ഏല്‍പ്പിച്ചത്. ഏറ്റവും ഉയര്‍ന്ന ശിക്ഷയായ വധശിക്ഷ തന്നെ അവന് ലഭിക്കുമെന്നാണ് പ്രതീക്ഷ’, ട്രംപ് പറഞ്ഞു.
Content Highlight: Donald Trump designate Antifa as a terrorist group