| Saturday, 3rd May 2025, 11:05 pm

ബജറ്റിലും കൈവെച്ച് ട്രംപ്; 163 ബില്യണ്‍ ഡോളറിന്റെ ചെലവ് വെട്ടിക്കുറയ്ക്കാന്‍ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കന്‍ ബജറ്റില്‍ കൂടുതല്‍ വെട്ടിക്കുറയ്ക്കലുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത വര്‍ഷത്തെ ബജറ്റ് വിലയിരുത്തിയ ട്രംപ്, 163 ബില്യണ്‍ ഡോളറിന്റെ ചെലവ് നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചു.

ഇത് പ്രധാനമായും യു.എസിലെ ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, തൊഴില്‍ എന്നീ മേഖലകളെ ബാധിക്കും. നിലവിലുള്ള ബജറ്റ് 127 ബില്യണ്‍ ഡോളറാണ് ആരോഗ്യമേഖലക്കായി വകയിരുത്തിയിരിക്കുന്നത്.

ഇത് 93.8 ബില്യണ്‍ ഡോളര്‍ ആയി കുറയ്ക്കാനാണ് ട്രംപ് നിര്‍ദേശിച്ചത്. അതായത് 33.3 ബില്യണ്‍ ഡോളര്‍ വെട്ടികുറയ്ക്കും. ഇതോടെ ആരോഗ്യമേഖലക്കുള്ള ഫണ്ടിങ്ങില്‍ 26.2 ശതമാനം കുറവുണ്ടാകും.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ മൈനോറിറ്റി ആന്‍ഡ് ഹെല്‍ത്ത് ഡിസ്പാരിറ്റീസ്, ഫോഗാര്‍ട്ടി ഇന്റര്‍നാഷണല്‍ സെന്റര്‍, നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലിമെന്ററി ആന്‍ഡ് ഇന്റഗ്രേറ്റീവ് ഹെല്‍ത്ത്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് റിസര്‍ച്ച് എന്നിവക്കായി വകയിരുത്തിയ ഫണ്ടില്‍ നിന്ന് ഒരു ബില്യണ്‍ ഡോളര്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്.

ഈ തീരുമാനം ഗുരുതരമായ രോഗങ്ങളില്‍ ചികിത്സ തേടിയെത്തുന്നവരെ പ്രതിസന്ധിയിലാക്കും. മെഡികെയര്‍ ആന്‍ഡ് മെഡിക്കെയ്ഡ് സര്‍വീസസ് സെന്ററുകള്‍ക്കുള്ള 674 മില്യണ്‍ ഡോളറിലും വെട്ടികുറയ്ക്കലിന് നിര്‍ദേശമുണ്ട്. എന്നാല്‍ ഇത് മറ്റ് അനുകൂല്യങ്ങളെ ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫെഡറല്‍ പൊതുജനാരോഗ്യ ഏജന്‍സികളെ പുനര്‍നിര്‍മിക്കാന്‍ ലക്ഷ്യമിട്ട് ആരോഗ്യ-മനുഷ്യ സേവന സെക്രട്ടറി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമാണ് ഈ വെട്ടികുറയ്ക്കലുകള്‍.

എഫ്.ഡി.ഐയില്‍ നിന്ന് 3,500, സി.ഡി.സിയില്‍ 2,400, എന്‍.ഐ.എച്ചില്‍ 1,200 ജീവനക്കാരെ പിരിച്ചുവിടുന്നത് ഉള്‍പ്പെടെയുള്ള നീക്കങ്ങളാണ് കെന്നഡി ജൂനിയര്‍ നടത്തിയത്.

എന്നാല്‍ പ്രതിരോധ വകുപ്പിന്റെ ബജറ്റ് 13 ശതമാനമായി ഉയര്‍ത്താന്‍ ട്രംപ് നിര്‍ദേശിച്ചിട്ടുണ്ട്. ഒരു ട്രില്യണ്‍ ഡോളര്‍ ആക്കാനാണ് ട്രംപിന്റെ നിര്‍ദേശം. പ്രസ്തുത നിര്‍ദേശങ്ങള്‍ ട്രംപ് യു.എസ് കോണ്‍ഗ്രസിന് കൈമാറിയിട്ടുണ്ട്.

ഇതിനിടെ അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയിലെ 1,200 തസ്തികകള്‍ വെട്ടി കുറയ്ക്കാനും സെക്യൂരിറ്റി ഏജന്‍സി ഉള്‍പ്പെടെയുള്ള മറ്റ് ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ പിരിച്ച് വിടുന്നതിനും ട്രംപ് ശ്രമം നടത്തുന്നുണ്ട്.

നിലവില്‍ ഇന്റലിജന്‍സ് ഏജന്‍സികളിലെ ഡൈവേഴ്സിറ്റി, ഇക്വറ്റി, ഇന്ക്ലൂഷന്‍ പ്രോഗ്രാമുകളും ട്രംപ് ഭരണകൂടം ഇതിനകം നിര്‍ത്തലാക്കിയിട്ടുണ്ട്. എന്നാല്‍ ഡി.ഇ.എയിലെ 19 ജീവനക്കാരെ പിരിച്ചുവിട്ട തീരുമാനത്തെ ഫെഡറല്‍ ജഡ്ജി താത്ക്കാലികമായി തടഞ്ഞിട്ടുണ്ട്.

Content Highlight: Donald Trump’ cuts $163 billion in US budget

We use cookies to give you the best possible experience. Learn more