| Saturday, 23rd August 2025, 8:56 am

ഇന്ത്യയിലെ യു.എസ് അംബാസഡറായി സെര്‍ജിയോ ഗോറിനെ നിയമിച്ച് ഡൊണാള്‍ഡ് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇന്ത്യയിലെ യു.എസ് അംബാസഡറായി തന്റെ വിശ്വസ്തനും സുഹൃത്തുമായ സെര്‍ജിയോ ഗോറിനെ നിയമിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസ് പേഴ്‌സണല്‍ ഡയറക്ടര്‍ സ്ഥാനം വഹിക്കുന്ന സെര്‍ജിയോ ഗോറിനെ ഇന്ത്യയിലെ അംബാസഡറായും ദക്ഷിണ, മധ്യേഷ്യന്‍ കാര്യങ്ങളുടെ പ്രത്യേക ദൂതനായും നിയമിക്കുന്നതായി വെള്ളിയാഴ്ച ട്രംപ് പ്രഖ്യാപിച്ചു.

‘ഇന്ത്യയിലെ അടുത്ത അമേരിക്കന്‍ അംബാസഡറായും ദക്ഷിണ, മധ്യേഷ്യന്‍ കാര്യങ്ങളുടെ പ്രത്യേക ദൂതനായും നിയമിക്കുന്നതായി അറിയിക്കുന്നു. ഇതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. സെര്‍ജിയോയും അദ്ദേഹത്തിന്റെ ടീമും ഓരോ ഡിപ്പാര്‍ട്‌മെന്റിലും അമേരിക്കയോട് ആദ്യകൂറുള്ള നാലായിരത്തിലധികം ദേശസ്‌നേഹികളെ നിയമിച്ചു. ഞങ്ങളുടെ ഡിപ്പാര്‍ട്‌മെന്റുകളും ഏജന്‍സികളും 95 ശതമാനത്തിലധികം നിറഞ്ഞു’ ഗോറിനെ നിയമിച്ചതിന് പിന്നാലെ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ച പോസ്റ്റില്‍ പറഞ്ഞു.

തന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാളാണ് ഗോറെന്നും വര്‍ഷങ്ങളായി തന്നോടൊപ്പം ഉള്ളയാളാണ് അദ്ദേഹമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇലക്ഷന്‍ പ്രചരണങ്ങള്‍ക്ക് വേണ്ടി തന്നോടൊപ്പം അയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും തന്റെ നാല് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സെര്‍ജിയോ ഗോര്‍ കൂടെ നിന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ലോകത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള പ്രദേശത്ത് എന്റെ അജണ്ട നടപ്പിലാക്കാനും അമേരിക്കയെ കൂടുതല്‍ മഹത്തരമാക്കാന്‍ വേണ്ടി സഹായിക്കാനും എനിക്ക് പൂര്‍ണമായും വിശ്വസിക്കാന്‍ കഴിയുന്ന ഒരാളാണ് സെര്‍ജിയോ ഗോര്‍. ഇദ്ദേഹം അത്ഭുതകരമായ ഒരു അംബാസഡറായി മാറും,’ ഡോണാള്‍ഡ് ട്രംപ് കൂട്ടിച്ചേര്‍ത്തു.

പിന്നാലെ ട്രംപിന് മറുപടിയുമായി സെര്‍ജിയോ ഗോര്‍ രംഗത്തെത്തി. ഇന്ത്യയിലെ അംബാസഡറായും ദക്ഷിണ- മധ്യേഷ്യന്‍ കാര്യങ്ങളുടെ ദൂതനായും നിയമിക്കുന്നതിലൂടെ എന്റെ മേലെ വെച്ച വലിയ വിശ്വാസത്തിന് പ്രസിഡന്റ് ട്രംപിനോട് നന്ദി പറഞ്ഞുകൊണ്ടാണ് ഗോര്‍ തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ഭരണകൂടത്തിന്റെ മഹത്തായ പ്രവൃത്തിയിലൂടെ അമേരിക്കന്‍ ജനതയെ സേവിക്കുന്നതിനെക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്നും ഗോര്‍ തന്‍രെ പോസ്റ്റില്‍ കുറിച്ചു.

ട്രംപിന്റെ ഭരണത്തില്‍ വലിയ സ്വാധീനം സൃഷ്ടിച്ച ഗോര്‍ ഗവണ്മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പുകള്‍ പരിശോധിക്കുന്നതിന് മേല്‍നോട്ടം വഹിച്ചിട്ടുണ്ട്. ടെക് കോടീശ്വരനായ ജാരെഡ് ഐസക്മാനെ നാസയെ നയിക്കാന്‍ നാമനിര്‍ദേശം ചെയ്തതും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ വിവാദമായതോടെ ഇത് പിന്‍വലിക്കുകയും ചെയ്തിരുന്നു. 2023 മുതല്‍ ഇന്ത്യയിലെ യു.എസ്. അംബാസഡറായി ചുമതല വഹിച്ച എറിക് ഗാര്‍സെറ്റിയുടെ പിന്‍ഗാമിയായാണ് സെര്‍ജിയോ ഗോര്‍ അധികാരത്തിലേറുന്നത്.

Content Highlight: Donald Trump appoints his loyalist Sergio Gor as the next  Ambassador in India

We use cookies to give you the best possible experience. Learn more