ടെഹ്‌റാന്‍: ഇറാനില്‍ താത്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ടാഴ്ചത്തേക്കാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാനും നിര്‍ദേശം അംഗീകരിച്ചു.
ഇറാനെ പൂര്‍ണമായി നശിപ്പിക്കുമെന്ന ഭീഷണി മുഴക്കി ഡൊണാള്‍ഡ് ട്രംപ് നല്‍കിയ സമയപരിധി അവസാനിക്കാന്‍ രണ്ട് മണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഈ നിര്‍ണായക പ്രഖ്യാപനം.
ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ പൂര്‍ണമായും സുരക്ഷിതമായി തുറന്നുകൊടുക്കണമെന്ന നിബന്ധനയിലാണ് ട്രംപ് ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാന്‍ സമ്മതിച്ചത്. അടുത്ത രണ്ടാഴ്ചത്തേക്ക് ഇറാനിയന്‍ സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ ഈ പാതയിലൂടെയുള്ള ഗതാഗതം സാധ്യമാകും.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും സൈനിക മേധാവി ജനറല്‍ അസിം മുനീറിന്റെയും ഇടപെടലുകളാണ് ഈ വെടിനിര്‍ത്തലിലേക്ക് നയിച്ചത്. ലെബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും വെടിനിര്‍ത്തല്‍ ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് പാക് പ്രധാനമന്ത്രി അറിയിച്ചു.
വെള്ളിയാഴ്ച (ഏപ്രില്‍ 10) പാക് തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കും.
ഇതൊരു ചരിത്രപരമായ വിജയമാണെന്നാണ് ഇറാന്‍ പ്രതികരിച്ചത്. തങ്ങള്‍ മുമ്പോട്ടുവെച്ച പത്ത് ഇന സമാധാന പദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും ചര്‍ച്ചകളെന്നും അവര്‍ വ്യക്തമാക്കി.
ഉപരോധങ്ങള്‍ നീക്കുക, മരവിപ്പിച്ച സ്വത്തുകള്‍ വിട്ടുനല്‍കുക, മേഖലയില്‍ നിന്ന് യു.എസ് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുക എന്നിവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങള്‍.
അമേരിക്കയുടെ എല്ലാ സൈനിക ലക്ഷ്യങ്ങളും ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയതായി ട്രംപ് പറഞ്ഞു. ഇറാന്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ എന്നിവരുമായി ദീര്‍ഘകാല സമാധാനത്തിനായുള്ള കരാറിന് വളരെ അടുത്തെത്തിയതായും അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അറിയിച്ചു.
ഇറാന്‍ സമര്‍പ്പിച്ച പത്ത് ഇന നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. നേരത്തെ തര്‍ക്കത്തിലായിരുന്ന മിക്കവാറും എല്ലാ കാര്യങ്ങളിലും നിലവില്‍ അമേരിക്കയും ഇറാനും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്. ഈ കരാര്‍ അന്തിമമാക്കുന്നതിനാണ് രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഒരുപക്ഷേ, ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ശക്തമായ തിരിച്ചടി നല്‍കാന്‍ തങ്ങളുടെ കൈകള്‍ ട്രിഗറിലുണ്ടെന്ന് ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സിലും പ്രസ്താവിച്ചു.
അതേസമയം, വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 15 ശതമാനത്തോളം ഇടിഞ്ഞു. അമേരിക്കന്‍, ഏഷ്യന്‍ ഓഹരി വിപണികളില്‍ വലിയ മുന്നേറ്റമുണ്ടായി.
സമാധാന പ്രഖ്യാപനം വന്നെങ്കിലും ഇസ്രഈല്‍, യു.എ.ഇ, ഖത്തര്‍, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ മിസൈല്‍ മുന്നറിയിപ്പുകളും ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എതിരാളികളുടെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങള്‍ അവസാനിച്ചാല്‍ മാത്രമേ പ്രതിരോധ നടപടികള്‍ നിര്‍ത്തുകയുള്ളൂ എന്ന് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നേരത്തെ ട്രംപിന്റെ യുദ്ധഭീഷണികള്‍ക്കെതിരെ അമേരിക്കയില്‍ ഡെമോക്രാറ്റിക് പ്രതിനിധികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ട്രംപിനെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നും ഇംപീച്ച്മെന്റ് നടപടികള്‍ വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
Content Highlight: Donald Trump announces temporary ceasefire in Iran, Iran accepts proposals