| Wednesday, 2nd July 2025, 7:28 am

ഗസയിൽ 60 ദിവസത്തെ വെടിനിർത്തലിന് ഇസ്രഈൽ സമ്മതിച്ചുവെന്ന് ട്രംപ്; കരാർ അംഗീകരിക്കാൻ ഹമാസിന് നിർദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഗസയിൽ 60 ദിവസത്തെ വെടിനിർത്തലിന് ഇസ്രഈൽ സമ്മതിച്ചതായി പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെടിനിർത്തൽ അന്തിമമാക്കുന്നതിന് ആവശ്യമായ വ്യവസ്ഥകൾ ഇസ്രഈൽ അംഗീകരിച്ചതായും ഹമാസിനോട് ഈ നിർദേശം അംഗീകരിക്കാൻ ആവശ്യപ്പെടുന്നതായും ട്രംപ് പറഞ്ഞു.

തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു പ്രഖ്യാപനം. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്താൻ തയ്യാറെടുക്കുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം.

‘ഗസയിൽ ഇന്ന് എന്റെ പ്രതിനിധികൾ ഇസ്രഈലികളുമായി ദീർഘവും ഫലപ്രദവുമായ ഒരു കൂടിക്കാഴ്ച നടത്തി. 60 ദിവസത്തെ വെടിനിർത്തൽ അന്തിമമാക്കുന്നതിന് ആവശ്യമായ വ്യവസ്ഥകൾ ഇസ്രഈൽ അംഗീകരിച്ചു. യുദ്ധം അവസാനിപ്പിക്കാൻ ഞങ്ങൾ എല്ലാ കക്ഷികളുമായും പ്രവർത്തിക്കും.

സമാധാനം കൊണ്ടുവരാൻ വളരെയധികം പരിശ്രമിച്ച ഖത്തറികളും ഈജിപ്തുകാരും ഈ നിർദേശത്തിന്റെ അന്തിമ പ്രൊപോസൽ അവതരിപ്പിക്കും. മിഡിൽ ഈസ്റ്റിന്റെ നന്മയ്ക്കായി, ഹമാസ് ഈ കരാർ അംഗീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം യുദ്ധം മുന്നോട്ട് പോകുന്നത് ഒരിക്കലും ഗുണം ചെയ്യില്ല,’ ട്രംപ് കുറിച്ചു.

അതേസമയം ഹമാസ് ഇതുവരെയും കരാറിൽ ഒപ്പ് വെച്ചിട്ടില്ലെന്ന് ട്രംപ് ഭരണകൂടത്തിലെ ചില ഉദ്യോഗസ്ഥർ പറഞ്ഞു. ഗസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി 60 ദിവസത്തെ വെടിനിർത്തലിനുള്ള പുതിയ നിർദേശം ഖത്തരി ഉദ്യോഗസ്ഥർ ഇസ്രഈലിനും ഹമാസിനും സമർപ്പിച്ചതായി സി.എൻ.എൻ റിപ്പോർട്ട് നേരത്തെ വന്നിരുന്നു.

ജനുവരി 19 ന്, ട്രംപ് വീണ്ടും അധികാരത്തിലെത്തുന്നതിന് ഒരു ദിവസം മുമ്പ്, ഇസ്രഈലും ഹമാസും വെടിനിർത്തൽ അംഗീകരിച്ചിരുന്നു. മാർച്ച് വരെ വെടിനിർത്തൽ തുടരുകയും ചെയ്തിരുന്നു. എന്നാൽ ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ആരോപിച്ച് ഇസ്രഈൽ വീണ്ടും ഗസയെ ലക്ഷ്യമിടാൻ തുടങ്ങി. പിന്നാലെ ഇസ്രഈൽ ഗസയിൽ വൻ തോതിൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു.

ഇതോടെ ഗസയെ അതിരൂക്ഷമായ ക്ഷാമം ബാധിക്കുകയും പോഷകാഹാരക്കുറവ് മൂലം കുഞ്ഞുങ്ങൾ മരിക്കുകയും ചെയ്തു. പിന്നാലെ അന്താരാഷ്ട സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും പ്രതിഷേധം കടുപ്പിച്ചു. ഒടുവിൽ താത്കാലികമായി ഇസ്രഈൽ ഗസയിലെ ഉപരോധം അവസാനിപ്പിച്ചു.

എങ്കിലും വളരെ പരിമിതമായ അളവിൽ മാത്രം ഭക്ഷണമാണ് ഗസയിലേക്ക് ഇസ്രഈൽ അനുവദിച്ചത്. ഗസയിലേക്ക് മാനുഷിക സഹായങ്ങൾ അനുവദിച്ചെന്ന ഇസ്രഈലിന്റെ വാദം ഉപരോധം നിർത്തലാക്കിയെന്ന് ലോകത്തെ കാണിക്കാനുള്ള പ്രഹസനമാണെന്ന് വിമർശിച്ച് ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് വിമർശിച്ചിരുന്നു. ഇസ്രഈൽ അനുവദിച്ച് നൽകിയ മാനുഷിക സഹായം ഗസയിലെ 2.4 ദശലക്ഷം വരുന്ന ജനങ്ങൾക്ക് പര്യാപ്തമല്ലെന്ന് സംഘടന പറഞ്ഞു.

Content Highlight: Donald Trump announces Israel’s agreement to 60-day ceasefire in Gaza, urges Hamas to accept it

We use cookies to give you the best possible experience. Learn more