| Friday, 6th March 2026, 8:24 am

ആദ്യം ഇറാനെ അവസാനിപ്പിക്കണം, അടുത്തത് ക്യൂബ; ഭരണമാറ്റം സമയത്തിന്റെ മാത്രം പ്രശ്‌നമെന്ന് ട്രംപ്

ആദര്‍ശ് എം.കെ.

വാഷിങ്ടണ്‍: ഇറാനില്‍ ഇസ്രഈലിനൊപ്പം അമേരിക്ക നടത്തുന്ന യുദ്ധത്തിന് ശേഷം അടുത്ത ലക്ഷ്യം ക്യൂബയെന്ന പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ക്യൂബയിലെ ഭരണകൂടത്തെ താഴെയിറക്കുക എന്നതാണ് ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു.

വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ മേജര്‍ ലീഗ് സോക്കര്‍ സൂപ്പര്‍ ടീം ഇന്റര്‍ മയാമിയെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കവെയാണ് ട്രംപിന്റെ പരാമര്‍ശം.

ഇറാനിലെ യുദ്ധം അവസാനിപ്പിച്ച ശേഷം ക്യൂബയിലെ ഭരണകൂടത്തെ അധികാരത്തില്‍ നിന്നും പുറത്താക്കുമെന്നും ഇത് കേവലം സമയത്തിന്റെ പ്രശ്‌നം മാത്രമാണെന്നും ട്രംപ് പറഞ്ഞു.

ഉപരോധങ്ങളിലൂടെ ക്യൂബയെ വരിഞ്ഞുമുറുക്കുകയാണ് അമേരിക്കന്‍ ഭരണകൂടം. ഈ ഉപരോധങ്ങള്‍ കടുപ്പിച്ചതിന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോയെ ട്രംപ് അഭിനന്ദിക്കുകയും ചെയ്തു.

‘ക്യൂബയില്‍ സംഭവിക്കുന്നതെന്തോ, അതെല്ലാം ഏറെ മനോഹരമാണ്. ആദ്യം ഒന്നിനെ (ഇറാന്‍) അവസാനിപ്പിച്ച ശേഷം മറ്റൊന്നിലേക്ക് (ക്യൂബ) കടക്കാം എന്നാണ് ഞങ്ങള്‍ ചിന്തിക്കുന്നത്,’ ട്രംപ് പറഞ്ഞു.

ക്യൂബയുമായി കരാറിലേര്‍പ്പെടാന്‍ അമേരിക്ക ആഗ്രഹിക്കുന്നുണ്ടെന്നും, അവിടെ നിന്ന് പലായനം ചെയ്ത അമേരിക്കക്കാര്‍ക്ക് ഉള്‍പ്പെടെയുള്ള ക്യൂബന്‍ വംശജര്‍ക്ക് തിരിച്ചെത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ക്യൂബയുടെ പ്രധാന ഇന്ധന സ്രോതസ്സായ വെനസ്വേലയില്‍ നിന്നുള്ള എണ്ണ വിതരണം തടഞ്ഞത് ദ്വീപ് രാഷ്ട്രത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ജനുവരിയില്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്ക തട്ടിക്കൊണ്ടുപോയതിന് പിന്നാലെയാണ് എണ്ണ വിതരണത്തിലും പ്രതിസന്ധി ഉയര്‍ന്നത്.

ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ സൈനിക ശക്തി ഉപയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും അതിന് ചെവികൊടുക്കാന്‍ ട്രംപ് തയ്യാറാകുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം, ഇറാന്‍ യുദ്ധം അവസാന ഘട്ടത്തിലാണെന്നും നിശ്ചയിച്ച സമയത്തേക്കാള്‍ വേഗത്തില്‍ യുദ്ധം പുരോഗമിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. യു.എസിന്റെയും ഇസ്രഈലിന്റെയും സൈന്യം ശത്രുക്കളെ പൂര്‍ണമായും തകര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്റെ വ്യോമസേനയും വ്യോമ പ്രതിരോധ സംവിധാനങ്ങളും നാവികസേനയും തകര്‍ക്കപ്പെട്ടതായും, മൂന്ന് ദിവസത്തിനുള്ളില്‍ 24 ഇറാനിയന്‍ കപ്പലുകള്‍ അമേരിക്ക നശിപ്പിച്ചതായും ട്രംപ് അവകാശപ്പെട്ടു.

ഇറാന്‍ ഭരണകൂടം ചര്‍ച്ചകള്‍ക്കായി അമേരിക്കയെ സമീപിക്കുന്നുണ്ടെന്നും എന്നാല്‍ യുദ്ധം തുടരാന്‍ തന്നെയാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

‘അവര്‍ വിളിച്ചുകൊണ്ടിരിക്കുകയാണ്, അവര്‍ ഒരു കരാറിലെത്താന്‍ തയ്യാറാണെന്നാണ് ഇപ്പോള്‍ പറയുന്നത്. നിങ്ങള്‍ വൈകിപ്പോയി എന്ന് മാത്രമാണ് എനിക്ക് അവരോട് പറയാനുള്ളത്. അവരേക്കാള്‍ കൂടുതല്‍ ഞങ്ങളാണ് ഇപ്പോള്‍ യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നത്,’ ട്രംപ് കൂട്ടിച്ചേര്‍ത്തു.

യുദ്ധത്തില്‍ ഇതുവരെ 1230ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Donald Trump announces Cuba as next target after Iran war ends

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more