വാഷിങ്ടണ്‍: തന്റെ കുടിയൊഴിപ്പിക്കല്‍ നയം വോട്ടര്‍മാര്‍ക്ക് ‘വളരെ കടുപ്പമേറിയതായി’ മാറിയിട്ടുണ്ടാകാമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വരും വര്‍ഷങ്ങളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി സഹകരിച്ച് കുടിയേറ്റവുമായി ബന്ധപ്പെട്ട ഒരു കരാറിലെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
യു.എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. നവംബര്‍ മൂന്നിന് നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലും സെനറ്റിലും ഡെമോക്രാറ്റുകള്‍ വിജയിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കൈവശമുണ്ടായിരുന്ന പല സീറ്റുകളും പിടിച്ചെടുത്ത ഡെമോക്രാറ്റുകളുടെ ഈ വിജയം ട്രംപിന് വലിയ തിരിച്ചടിയായി മാറി.
കുടിയേറ്റ പ്രശ്നം, സമ്പദ് വ്യവസ്ഥ, ഇറാന്‍ യുദ്ധം, വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ് എന്നിവ കൈകാര്യം ചെയ്ത രീതിയില്‍ വോട്ടര്‍മാര്‍ക്കുള്ള അതൃപ്തിയാണ് തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിഫലിച്ചത്. ഞായറാഴ്ച സി.ബി.എസില്‍ സംപ്രേക്ഷണം ചെയ്ത 60 മിനിറ്റ്സ് എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ഇപ്പോള്‍ ട്രംപ് തന്റെ കുടിയേറ്റ നയങ്ങളെക്കുറിച്ച് സംസാരിക്കുന്നത്.
‘ഇത് വളരെ കടുപ്പമേറിയതായിരുന്നിരിക്കാം… നമുക്ക് എന്തെങ്കിലും ഒരു ഒത്തുതീര്‍പ്പിലെത്താന്‍ സാധിക്കും. ഇതൊരു പ്രായോഗികമായ കാര്യമാണെന്ന് എനിക്ക് തോന്നുന്നു,’ എന്ന് 60 മിനിറ്റ്‌സില്‍ ട്രംപ് പറഞ്ഞു. വെള്ളിയാഴ്ച റെക്കോര്‍ഡ് ചെയ്ത ഈ അഭിമുഖം ഞായറാഴ്ച വൈകുന്നേരമാണ് സംപ്രേഷണം ചെയ്തത്.
അഭിമുഖം റെക്കോര്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ, കുടിയേറ്റത്തിനെതിരെ കടുത്ത നിലപാടുകള്‍ പുലര്‍ത്തുന്ന സ്റ്റീഫന്‍ മില്ലറെ ട്രംപ് തന്റെ ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചിരുന്നു. ട്രംപ് തന്റെ നിലപാടുകളില്‍ കാര്യമായ അയവ് വരുത്താന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കും ഈ നടപടികള്‍ കാരണമായി.
സി.ബി.എസിന്റെ പരിപാടിയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിട്ട കനത്ത പരാജയത്തിന്റെ കാരണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇറാന്‍ യുദ്ധവും ഇന്ധനവിലയിലെ വര്‍ധനവുമാണ് അതിന് കാരണമെന്ന് വാദം ട്രംപ് അംഗീകരിച്ചു. ഇസ്രഈലിനോട് ജനത്തിന് എതിര്‍പ്പുണ്ടെന്നും ട്രംപ് പറഞ്ഞു.
‘അവര്‍ക്ക് യുദ്ധം ഇഷ്ടപ്പെട്ടില്ല. ഇന്ധനവില ഉയര്‍ന്നതും അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അതുപോലെ, ഇസ്രായേലിനോട് വലിയൊരു എതിര്‍പ്പും നിലനില്‍ക്കുന്നുണ്ട്,’ ട്രംപ് പറഞ്ഞു. കുടിയേറ്റ നിയന്ത്രണങ്ങള്‍ തിരഞ്ഞെടുപ്പില്‍ തനിക്ക് ‘ഗുണവും ദോഷവും’ ഒരുപോലെ വരുത്തിയെന്നും പ്രസിഡന്റ് പറഞ്ഞു.
അതിര്‍ത്തികള്‍ അടച്ച നടപടിക്ക് തനിക്ക് എ പ്ലസ് ഗ്രേഡ് ലഭിക്കുമെന്നും, ‘മോശം ആളുകളെ പുറത്താക്കിയതിന്’ വളരെ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.
‘നല്ല ജോലിയുണ്ടായിരുന്ന ആളുകളെയും ഇതില്‍ ഉള്‍പ്പെടുത്തിയതില്‍ എനിക്ക് വിഷമമുണ്ട്. അവര്‍ ചെയ്ത ഒരേയൊരു തെറ്റ്, അല്ലെങ്കില്‍ നിയമലംഘനം എന്നത്, അവര്‍ അനധികൃതമായി രാജ്യത്തേക്ക് കടന്നുവന്നു എന്നത് മാത്രമാണ്.
ഇപ്പോള്‍, അവരെ രാജ്യത്തിന് പുറത്താക്കണമെന്ന് കരുതുന്ന ഒരു വലിയ വിഭാഗം ആളുകള്‍ ഇവിടെയുണ്ട്. അതേസമയം, ലാന്‍ഡ്സ്‌കേപ്പിംഗ് കമ്പനികളിലോ ഹോട്ടലുകളിലോ ജോലി ചെയ്യുന്നവരോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും മാന്യമായ തൊഴില്‍ ചെയ്യുന്നവരോ ആയ നല്ല മനുഷ്യരെ ഇവിടെ തുടരാന്‍ അനുവദിക്കണമെന്ന് കരുതുന്ന മറ്റൊരു വലിയ വിഭാഗവും ഉണ്ട്. ചിലര്‍ കൃത്യമായി നികുതി അടയ്ക്കുന്നവരുമാണ്,’ ട്രംപ് പറഞ്ഞു.
തന്റെ പിന്‍ഗാമിയാകാന്‍ സാധ്യതയുള്ള ഒരാളെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന്, ‘ഒരുപക്ഷേ ആകാം, എന്നാല്‍ ആവണമെന്ന് നിര്‍ബന്ധമില്ല’ എന്നും ടെലിവിഷന്‍ ഷോയില്‍ ട്രംപ് മറുപടി നല്‍കി. ‘ഞങ്ങള്‍ക്ക് കഴിവുള്ള ഒരു വലിയ നിര തന്നെയുണ്ട്. എനിക്ക് വളരെ നല്ല ബന്ധമുള്ള ഒട്ടേറെ ആളുകള്‍ എന്റെ കൂടെയുണ്ട്,’ ട്രംപ് പറഞ്ഞു.
വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന് പുറമെ മറ്റാരൊക്കെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് സാധ്യതയുള്ള സ്ഥാനാര്‍ത്ഥികള്‍ എന്ന ചോദ്യത്തിന്, 2028-ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയുള്ള ഒരാളായി കരുതപ്പെടുന്ന സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ പേര് മാത്രമാണ് ട്രംപ് പരാമര്‍ശിച്ചത്.
‘മാര്‍ക്കോ വളരെ മികച്ച വ്യക്തിയാണ്. എന്നാല്‍ വേറെയും പലരുണ്ട്, അവരുടെ പേരുകള്‍ ഇപ്പോള്‍ പറയുന്നില്ല. മികച്ച സെനറ്റര്‍മാരായ ചിലരുണ്ട്. എനിക്കവരെ എല്ലാവരെയും അറിയാം, അവരെ എനിക്ക് വലിയ ഇഷ്ടവുമാണ്. അതിനാല്‍, ഞാന്‍ ഇതില്‍ ഇടപെടാം, അല്ലെങ്കില്‍ ഇടപെടാതിരിക്കാം. എനിക്കറിയില്ല. ഒരുപക്ഷേ ഇടപെടാതിരിക്കുന്നതാകും നല്ലത്,’ ട്രംപ് പറഞ്ഞു.
Content Highlight: Donald Trump admits tough immigration stance after midterm setback, reaches out to Democrats