| Thursday, 25th June 2026, 11:55 am

'പാകിസ്ഥാനില്‍ പോകൂ' എന്നുള്ള കമന്റുകള്‍ കാണാറില്ലേ; ഇത് കേള്‍ക്കുമ്പോഴുള്ള വേദന ആലോചിച്ചിട്ടുണ്ടോ?: അന്‍സിബ ഹസന്‍

അക്ഷര

കൊച്ചി: ചലച്ചിത്ര മേഖലയിലെ സമീപകാല വിവാദങ്ങളോടും ‘അമ്മ’ സംഘടനയ്ക്കുള്ളില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളോടും പ്രതികരിക്കുകയാണ് നടി അന്‍സിബ ഹസന്‍. തന്നെ ഒരു വര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ വലിയ വിഷമവും ഭയവും തോന്നിയെന്ന് അന്‍സിബ ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യയില്‍ ജനിച്ചുവളര്‍ന്നവരോട് ‘പാകിസ്താനിലേക്ക് പോകൂ’ എന്ന് ചിലര്‍ കമന്റ് ചെയ്യുന്നത് ഇന്ന് നമ്മള്‍ കാണുന്നുണ്ടല്ലോയെന്നും വലിയ വേദനയുണ്ടാക്കുന്ന കാര്യങ്ങളാണ് ഇതെല്ലാമെന്നും താരം പറഞ്ഞു.

കേരളം പോലെ മതസൗഹാര്‍ദ്ദമുള്ള ഒരു സ്ഥലത്തുനിന്നും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നത് സങ്കടകരമാണ്. ഒരാളെ മാത്രം വംശീയമായി ലക്ഷ്യം വെച്ച് മാറ്റിനിര്‍ത്തുന്ന ഈ രീതി ഇനിയൊരാള്‍ക്കും ഉണ്ടാകരുത് എന്ന് കരുതിയാണ് പരസ്യമായി പ്രതികരിച്ചതെന്നും അന്‍സിബ പറഞ്ഞു.

‘ഒരു അഭിനേത്രിയെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിക്കുന്നതിലുപരി എനിക്ക് വിഷമമുള്ള ഒരു കാര്യം നമ്മുടെ ഇന്നത്തെ ഒരു സാമൂഹിക വ്യവസ്ഥ എല്ലാവര്‍ക്കും അറിയാം. പത്രം വായിക്കുന്നവരാണ് എല്ലാവരും. ഇനി പത്രം വായിക്കാത്തവരാണെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ നമ്മള്‍ എല്ലാ ന്യൂസുകളും കാണുന്ന ആള്‍ക്കാരാണ്.

ഞാന്‍ ഇസ്‌ലാം മത വിശ്വാസിയാണ് എങ്കില്‍ പോലും എല്ലാ റൂള്‍സും പാലിച്ചു ജീവിക്കുന്ന ഒരാളല്ല ഞാന്‍. അങ്ങനെയുള്ള എന്നെ വര്‍ഗീയവാദി ആക്കാന്‍ ഇത്ര ഈസി ആയിട്ട് പറ്റുമെങ്കില്‍ ഈ റൂള്‍സ് എല്ലാം പാലിച്ചു ജീവിക്കുന്ന ഒരുപാട് പേരുണ്ട് ഇവിടെ. അങ്ങനെയുള്ളവരെ അങ്ങനെ ആക്കില്ലേ? ഞാന്‍ പെട്ടെന്ന് ഭയപ്പെട്ട ഒരു കാര്യം അതാണ്.

ഒരു മതത്തില്‍ നിന്നല്ല, എല്ലാ മതത്തിലുള്ള ആളുകളെയും വര്‍ഗീയവാദികളാക്കാന്‍ എളുപ്പമുള്ള ഒരു സാഹചര്യം എന്തിനാണ് സൃഷ്ടിക്കുന്നത്, പ്രത്യേകിച്ച് കലാകാരന്മാരുടെ ഇടയില്‍?

അപ്പോള്‍ അത് ചിലര്‍ പറയും അത് തമാശയായിട്ട് പറഞ്ഞതല്ലേ എന്ന്. പക്ഷേ ഇതെങ്ങനെയാണ് തമാശയായിട്ട് പറയാന്‍ പറ്റുക? ഇതില്‍ ഒരിക്കലും തമാശ കാണാന്‍ പറ്റാത്ത ഒരു കാര്യമാണത്. വര്‍ഗീയത പറയുക അല്ലെങ്കില്‍ ജാതി പറയുക അല്ലെങ്കില്‍ വര്‍ണ്ണവിവേചനം, ഇതൊക്കെ നമ്മള്‍ കണ്ടിട്ടുണ്ട് കേട്ടിട്ടുണ്ട്.

നമ്മള്‍ പണ്ട് മുതലേ കണ്ടിട്ടുണ്ടാവും കേട്ടിട്ടുണ്ടാവും. പക്ഷേ ഞാന്‍ എന്റെ ഡയറക്റ്റ് ലൈഫില്‍ അങ്ങനെ ഇതുവരെ കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല. പക്ഷേ അതൊക്കെ കേള്‍ക്കാന്‍ തുടങ്ങുമ്പോള്‍ നമുക്ക് ഉള്ളിന്റെ ഉള്ളില്‍ ഒരു നമ്മുടെ സമൂഹം എങ്ങോട്ടാണ് പോകുന്നത് എന്നുള്ള ഒരു ഭയം എന്തായാലും ഉണ്ടാകും.

‘ഈ സമൂഹത്തിലാണ് ഞാന്‍ ജീവിക്കേണ്ടത്. ഒരു കാര്യത്തില്‍ എനിക്ക് വ്യക്തതയുണ്ട്, ഞാന്‍ സിനിമാ നടി ആകുമെന്ന് വിചാരിച്ച് ജനിച്ച ആളൊന്നുമല്ല.

നാളെ സിനിമ ഇല്ലെങ്കില്‍ ഞാന്‍ മറ്റൊരു തൊഴില്‍ ചെയ്ത് ജീവിക്കേണ്ട ആളാണ്. അപ്പോള്‍ അതുകൊണ്ട് ആ ഒരു ഭയം എനിക്ക് എന്തായാലും ഇല്ല. എനിക്കിപ്പോള്‍ നാളെ ഒരു സിനിമ ഇല്ലെങ്കിലും ഞാന്‍ എന്നെക്കൊണ്ട് പറ്റുന്ന ഒരു ജോലി ചെയ്തിട്ട് ഞാന്‍ ജീവിക്കും, എന്റെ ഫാമിലി ഞാന്‍ റണ്‍ ചെയ്യും. ആ ഒരു കറേജ് ഉള്ള ആളാണ് ഞാന്‍. അതുകൊണ്ട് അത് പറഞ്ഞ് ഭയപ്പെടുത്തി നിശബ്ദയാക്കാനൊന്നും പറ്റില്ല.

പക്ഷേ എനിക്കത് പിന്നീട് പറയണമെന്ന് തോന്നി. ആദ്യം എനിക്ക് കേട്ടപ്പോള്‍ ഭയങ്കരമായിട്ട് വേദനയാണ് തോന്നിയത്.

‘നമ്മുടെ കൂടെ ഇരിക്കുന്നവര്‍ തന്നെ ഡയറക്ട് പറയുന്നത് കേട്ടില്ലല്ലോ എന്നൊക്കെ ചോദിച്ചു. വളരെ വിശ്വസനീയമായിട്ടുള്ള, നീന കുറുപ്പ് എന്ന് പറഞ്ഞ ചേച്ചി എത്രയോ വര്‍ഷമായിട്ട് സിനിമയിലുള്ള ഒരാളാണ്.

ഞാന്‍ ജനിക്കുന്നതിനു മുന്‍പേ സിനിമയില്‍ വന്ന ആളാണ് നീന ചേച്ചി. അത്രയും അന്തസ്സോടെ ജീവിക്കുന്ന ഒരു സ്ത്രീ എന്നോട് വന്ന് നുണ പറയേണ്ട ആവശ്യമില്ല.

അപ്പോള്‍ അത് കൂടെ ഇരിക്കുന്നവരല്ലേ ആദ്യം മനസ്സിലാക്കേണ്ടത്, ഈ സമൂഹം അത് മനസ്സിലാക്കുന്നുണ്ട്. പക്ഷേ കൂടെ ഇരിക്കുന്നവര്‍ക്ക് അറ്റ്‌ലീസ്റ്റ് അതൊന്ന് ചോദിക്കാലോ.

‘അതുപോലെ ഞാനിപ്പോള്‍ എന്താ പറയുക, ഒരു മതസ്ഥാപനത്തില്‍ നിന്ന് ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കരുത് എന്ന് പറയുന്നതിന്റെ റീസണ്‍ എന്താണെന്ന് വെച്ചാല്‍, ആ മതസ്ഥാപനത്തിന്റെ പണം ആ മതസ്ഥാപനത്തിനുള്ളതാണ്.

അവിടെ വരുന്ന ഡിവോട്ടീസിന് ഉള്ളതാണ് ആ പണം. അത് ഏത് മതസ്ഥാപനം ആയിക്കോട്ടെ, അത് ഒരു ചലച്ചിത്ര മേഖലയ്ക്ക് സംഭാവന ചെയ്യേണ്ട ഒരു പണമല്ല അത്. അത് നമ്മള്‍ വാങ്ങിക്കാനും പാടില്ല.

അപ്പോള്‍ ഞാന്‍ അത് പറഞ്ഞത് ഞാന്‍ മുസ്‌ലിം ആയതുകൊണ്ടാണ് എന്ന് കേള്‍ക്കുമ്പോള്‍ എനിക്കുള്ള ഒരു വേദനയുണ്ട്. ഞാന്‍ ഒരു ഇന്ത്യന്‍ പൗരയാണ്. അപ്പോള്‍ ചില കമന്റുകളൊക്കെ കാണാറുണ്ടല്ലോ, ‘പാകിസ്ഥാനില്‍ പോകൂ’ എന്നൊക്കെ പറയുന്നത്.

അത് ഞാന്‍ ഓപ്പണ്‍ ആയിട്ട് പറയുകയാണ്. നമ്മള്‍ കാണുന്ന കമന്റുകളാണിത്. ഇത് കേള്‍ക്കുമ്പോഴുള്ള ഒരു വേദന ആലോചിച്ചിട്ടുണ്ടോ? അത് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന വേദന ചിലര്‍ അത് വളരെ നെഗ്ലക്റ്റ് ചെയ്തു കളയും.

ഞാന്‍ നെഗ്ലക്റ്റ് ചെയ്തു കളയാറുണ്ടെങ്കില്‍ പോലും ‘എന്തിന് എന്നോട് അത് പറയുന്നു’ എന്നുള്ള ഒരു ചോദ്യം വരുന്നില്ലേ? അത് ഭയങ്കര വിഷമം ഉണ്ടാക്കുന്ന കാര്യമാണ്.

ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന എല്ലാവരും ഇന്ത്യക്കാര്‍ തന്നെയാണ്. അപ്പോള്‍ പെട്ടെന്ന് ഒരാളോട് മാത്രം ആ ഒരു ചോദ്യം ചോദിക്കുമ്പോള്‍ പെട്ടെന്ന് ആ ഒരാളെ മാത്രം പിക്ക് ചെയ്ത് അപ്പുറത്ത് ഇട്ടപോലെ തോന്നും. അത് ഭയങ്കര വിഷമം ഉണ്ടാക്കുന്ന കാര്യമാണ്.

പ്രത്യേകിച്ച് നമ്മള്‍ ഒരിക്കലും അങ്ങനെയൊന്നും ചിന്തിക്കാതെ ജീവിക്കുന്ന ഒരു സ്ഥലമാണ് കേരളം. അങ്ങനെയുള്ള ഒരു സ്ഥലത്ത് നിന്ന് ഇങ്ങനെയുള്ള ഒരു അനുഭവം വരുന്നത് വേദന ഉളവാക്കുന്ന കാര്യമാണ്. ഇനി ഒരാള്‍ക്കും ഇങ്ങനെ ഉണ്ടാവരുത് എന്നതുകൊണ്ടാണ് ഞാന്‍ അത് പബ്ലിക് ആയിട്ട് എനിക്ക് പറയണമെന്ന് തീരുമാനിച്ചത്,’ അന്‍സിബ പറഞ്ഞു.

Content Highlight: Don’t you see comments like ‘Go to Pakistan’; have you ever thought about the pain of hearing this?Ansiba Hassan

അക്ഷര

We use cookies to give you the best possible experience. Learn more