| Friday, 21st November 2025, 6:27 pm

ഇതിലേറെ അത്യാഗ്രഹിയാവാന്‍ എങ്ങനെ സാധിക്കും; ബീഹാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ ചിരാഗ് പാസ്വാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം ചോദിച്ച് അത്യാഗ്രഹിയാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്‍. തന്റെ പാര്‍ട്ടിയായ ലോക് ജനശക്തി പാര്‍ട്ടിക്ക് (രാം വിലാസ്) രണ്ട് സീറ്റ് നല്‍കിയതിന് പ്രധാനമന്ത്രിക്ക് നന്ദിയുണ്ടെന്നും ബീഹാറിന് പുറമെ എന്‍.ഡി.എയുടെ സഖ്യകക്ഷിയെന്ന നിലയില്‍ തന്റെ പാര്‍ട്ടിയെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പട്‌നയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചിരാഗ് പാസ്വാന്‍.

‘എന്‍.ഡി.എ സഖ്യത്തിന്റെ ഭാഗമായി ഞങ്ങളുടെ പാര്‍ട്ടിക്ക് ലഭിച്ച 29 സീറ്റില്‍ 19 എണ്ണത്തില്‍ ജയിച്ചു. സഖ്യത്തില്‍ ദുര്‍ബലമെന്ന് കരുതിയ സീറ്റിലാണ് ഞങ്ങള്‍ മത്സരിച്ചത്. പ്രധാനമന്ത്രിയുടെ പിന്തുണകൊണ്ടും ജനങ്ങളുടെ അനുഗ്രഹവും കൊണ്ടാണ് ഇത് സാധ്യമായത്.

ബീഹാറിലെ പുതിയ മന്ത്രിസഭയില്‍ ഇപ്പോള്‍ എല്‍.ജെ.പിക്ക് രണ്ട് സ്ഥാനങ്ങള്‍ ലഭിച്ചു. അത് ധാരാളമാണ്. ചിരാഗ് പാസ്വാന് ഇതിലേറെ അത്യാഗ്രഹിയാവാന്‍ എങ്ങനെ സാധിക്കും?,’ ചിരാഗ് പാസ്വാന്‍ പറഞ്ഞു.

എൽ.ജെ.പിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ ദുഖമുണ്ടോയെന്ന ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകവെയായിരുന്നു ചിരാഗ് പാസ്വാന്റെ പ്രതികരണം.

2021ല്‍ തന്റെ കൂടെ ആരുമുണ്ടായിരുന്നില്ലെന്നും പാര്‍ട്ടി പിളര്‍ന്നെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു. പക്ഷേ, 2024ല്‍ പ്രധാനമന്ത്രി തന്നില്‍ വിശ്വാസമര്‍പ്പിച്ചു. ഞങ്ങള്‍ക്ക് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ അഞ്ച് സീറ്റുകള്‍ നല്‍കി. അതില്‍ അഞ്ചിലും ജയിച്ചു. ഇപ്പോള്‍ ഞാന്‍ സഖ്യത്തില്‍ നിന്ന് കൂടുതല്‍ ആവശ്യപ്പെട്ടാല്‍ എന്നേക്കാള്‍ അത്യാഗ്രഹി വേറെയാരുമുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ബീഹാറില്‍ 19 സീറ്റുകള്‍ ലഭിച്ചതിനാല്‍ ഞങ്ങള്‍ വെസ്റ്റ് ബംഗാള്‍, ഉത്തര്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലേക്ക് കൂടി പാര്‍ട്ടിയെ വ്യാപിപ്പിക്കാന്‍ ഗൗരവമായി ആലോചിക്കുന്നുണ്ട്. അവിടെ എന്‍.ഡി.എയുടെ ഭാഗമായി ഞങ്ങള്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും,’ ചിരാഗ് പാസ്വാന്‍ പറഞ്ഞു.

Content Highlight: Don’t wish to come across as greedy by demanding Bihar deputy CM’s post: Chirag Paswan

We use cookies to give you the best possible experience. Learn more