| Monday, 22nd December 2025, 5:49 pm

സാധാരണക്കാരെ കൊള്ളയടിക്കാനുള്ള ഒരവസരവും പാഴാക്കരുത്; റെയില്‍വേ നിരക്ക് വര്‍ധനവില്‍ മോദിയോട് ഖാര്‍ഗെ

അനിത സി

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ റെയില്‍വേ നിരക്ക് വര്‍ധനവിനെ വിമര്‍ശിച്ച് എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രവും ജനങ്ങള്‍ക്ക് മേല്‍ അമിതഭാരം ഏല്‍പ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങളെ കൊള്ളയടിക്കാനുള്ള ഒരു അവസരവും മോദി സര്‍ക്കാര്‍ പാഴാക്കില്ല. ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാം തവണയാണ് റെയില്‍വേ നിരക്ക് കേന്ദ്രം വര്‍ധിപ്പിച്ചിരിക്കുന്നത്. വ്യാജപ്രചാരണങ്ങള്‍ നടത്തുന്നതിലാണ് മോദി സര്‍ക്കാരിന്റെ ശ്രദ്ധ, അല്ലാതെ കൃത്യമായ റെയില്‍വേയുടെ പ്രവര്‍ത്തനങ്ങളിലല്ലെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.

കേന്ദ്ര സര്‍ക്കാര്‍ റെയില്‍വേ ബജറ്റ് റദ്ദാക്കിയതോടെ റെയില്‍വേയ്ക്ക് മേലുള്ള കേന്ദ്രത്തിന്റെ ഉത്തരവാദിത്തം കുറഞ്ഞു. റെയില്‍വേയുടെ മോശം അവസ്ഥ പരിഹരിക്കുന്നതിന് പകരം സര്‍ക്കാര്‍ സ്വയം പ്രമോഷന്‍ ചെയ്യാനുള്ള തിരക്കിലാണെന്ന് അദ്ദേഹം എക്‌സ് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.

2014നും 2023നും ഇടയിലുണ്ടായ ട്രെയിന്‍ അപകടങ്ങളില്‍ 2.18 ലക്ഷം പേരാണ് മരിച്ചതെന്നും എന്‍.സി.ആര്‍.ബി ഡാറ്റ ചൂണ്ടിക്കാണിച്ചുകൊണ്ട് ഖാര്‍ഗെ ആശങ്ക ഉന്നയിച്ചു.

ഇക്കാലയളവില്‍ ട്രെയിന്‍ യാത്ര സുരക്ഷിതമല്ലാതായി. കേന്ദ്രം കൊണ്ടുവന്ന കവച് സുരക്ഷാ സംവിധാനം റെയില്‍ റൂട്ടുകളുടെ 3 ശതമാനത്തില്‍ താഴെയും ലോക്കോമോട്ടീവുകളുടെ ഒരു ശതമാനത്തില്‍ താഴെയും മാത്രമെ ഉള്‍ക്കൊള്ളുന്നുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു.

സി.എ.ജി റിപ്പോര്‍ട്ട് പ്രകാരം 2,604 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഖാര്‍ഗെ ആരോപിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള യാത്രാ ഇളവുകള്‍ പിന്‍വലിച്ചതിലൂടെ മാത്രം റെയില്‍വേ 8913 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചതായും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

കഴിഞ്ഞദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ റെയില്‍വേ നിരക്കുകള്‍ വര്‍ധിപ്പിച്ച് വിജ്ഞാപനമിറക്കിയത്. 215 കി.മി കൂടുതലുള്ള ജനറല്‍ ക്ലാസ് യാത്രയ്ക്ക് കിലോമീറ്ററിന് ഒരു പൈസ വര്‍ധിക്കും. മെയില്‍/ എക്‌സ്പ്രസ് നോണ്‍ എ.സി, എ.സി ക്ലാസികള്‍ക്ക് കിലോമീറ്ററിന് 2 പൈസയും വര്‍ധിപ്പിച്ചു. 215 കിലോമീറ്ററില്‍ താഴെ ദൂരം സഞ്ചരിക്കുന്നവര്‍ക്കും സബര്‍ബന്‍ ട്രെയിന്‍ യാത്രകള്‍ക്കും യാത്രാ നിരക്കില്‍ മാറ്റമുണ്ടാകില്ല.

പുതുക്കിയ നിരക്ക് നിലവില്‍ വന്നാല്‍, നോണ്‍ എ.സി, എ.സി കോച്ചുകളില്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ പത്ത് രൂപ അധികം നല്‍കേണ്ടി വരും. സീസണല്‍ ടിക്കറ്റുകളുടെ നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. പുതുക്കിയ നിരക്ക് ഡിസംബര്‍ 26 മുതല്‍ നിലവില്‍ വരും. പ്രതിവര്‍ഷം 600 കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ടാണ് നിരക്ക് വര്‍ധന.

Content Highlight: Don’t waste any opportunity to loot common people: Kharge to Modi on railway fare hike

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more