ബെംഗളൂരു: ചോദ്യങ്ങൾ ചോദിക്കുന്നവരുടെ വായടപ്പിക്കാൻ ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ടെന്ന് നടൻ പ്രകാശ് രാജ്. കർണാടകയിലെ പ്രമുഖ നാടക കൂട്ടായ്മയായ ‘സമുദായ’യുടെ 50-ാം വാർഷിക ആഘോഷച്ചടങ്ങിൽ പങ്കെടുക്കാൻ ധാർവാഡിലെത്തിയ തനിക്ക് നേരെ ബി.ജെ.പി ഗുണ്ടകളെ അയച്ചതായി അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു.
രാജ്യത്തെയും യുവാക്കളെയും ബാധിക്കുന്ന സമകാലിക വിഷയങ്ങളും സമൂഹത്തിൽ കലയുടെ പങ്കും ചർച്ച ചെയ്യുന്ന മൂന്ന് ദിവസത്തെ ശില്പശാലകളും സെമിനാറുകളുമാണ് ‘സമുദായ’ സംഘടിപ്പിച്ചത്. എന്നാൽ ഇത്തരം ചർച്ചകൾ നടക്കുന്നതിലുള്ള അസഹിഷ്ണുത കാരണമാണ് പരിപാടി തടസ്സപ്പെടുത്താൻ ബി.ജെ.പി ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
തന്റെയും സഹപ്രവർത്തകരായ അഭിജിത് ദീപ്‌കേ, നേഹ ബോറ എന്നിവരുടെയും പോസ്റ്ററുകളിൽ മഷിയൊഴിച്ചതിനെതിരെ പ്രകാശ് രാജ് ശക്തമായി പ്രതികരിച്ചു.
‘ഞങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നു എന്ന ഒരൊറ്റ കാരണത്താൽ ഞങ്ങൾക്ക് നേരെ മഷി ഒഴിക്കുകയാണോ? ‘മഷി കൊണ്ട് എഴുതൂ, വായിക്കൂ… അത് വലിച്ചെറിയരുത്’ എന്ന് വിദ്യാസമ്പന്നയായ പെൺകുട്ടി നേഹ ബോറ പറഞ്ഞത് നിങ്ങൾ കേട്ടില്ലേ? ഇത്തരം ബാലിശമായ കളികൾ നിർത്തൂ.’എന്ന് അദ്ദേഹം പറഞ്ഞു.
സിനിമയും യഥാർത്ഥ ജീവിതവും തമ്മിൽ വേർതിരിച്ചു കാണണമെന്ന് പ്രകാശ് രാജ് ഓർമിപ്പിച്ചു. സിനിമകളിൽ ഗുണ്ടായിസവും തോക്കും പ്രയോഗിക്കുന്നത് പണവും പേരും നേടിത്തരുമെങ്കിലും യഥാർത്ഥ ജീവിതത്തിൽ അത് നിയമവിരുദ്ധവും ക്രിമിനൽ ചിന്താഗതിയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചോദ്യങ്ങളെ ഭയപ്പെടുന്ന ഭീരുവിന്റെ പ്രവൃത്തികളാണിതെന്നും ഒരു അഭിമാനിയായ ‘ദിമാഗി നക്സലി’ന്റെ ഉപദേശമായി ഇത് കാണണമെന്നും പറഞ്ഞാണ് പ്രകാശ് രാജ് വീഡിയോ അവസാനിപ്പിക്കുന്നത്.
Content Highlight:Don’t try to silence me by sending goons to threaten me, says Prakash Raj, hitting out at the BJP.