| Tuesday, 10th February 2026, 10:31 pm

ട്രംപ് ഭരണകൂടം യൂറോപ്യന്‍ വിരുദ്ധം; ഒരു നിമിഷത്തേക്ക് പോലും വിശ്വസിക്കരുത്: ഇമ്മാനുവല്‍ മാക്രോണ്‍

അനിത സി

പാരീസ്: യൂറോപ്യന്‍ യൂണിയന് മേല്‍ യു.എസ് ഭരണകൂടത്തിന്റെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.

അമേരിക്കയുടെ ഭീഷണികള്‍ അവസാനിപ്പിച്ചിട്ടില്ല. ഗ്രീന്‍ലാന്‍ഡ് വിഷയം ഓര്‍മിയിലുണ്ടായിരിക്കണമെന്നും അതില്‍ നിന്നും പാഠം പഠിക്കണമെന്നും യൂറോപ്യന്‍ യൂണിയനോട് മാക്രോണ്‍ ആവശ്യപ്പെട്ടു.

ചൈനയേയും യു.എസിനേയും എതിര്‍ക്കാനായി യൂറോപ്പിലെ രാജ്യങ്ങള്‍ സ്വന്തം ശേഷി വികസിപ്പിക്കണമെന്നും അത്തരം മാറ്റങ്ങള്‍ തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോവണമെന്നും മാക്രോണ്‍ ആഹ്വാനം ചെയ്തു.

നേരത്തെ, ദേശീയ സുരക്ഷയ്ക്ക് ഡെന്‍മാര്‍ക്കിന്റെ സ്വയം ഭരണ പ്രദേശമായ ഗ്രീന്‍ലാന്‍ഡ് നിര്‍ണായകമാണെന്നും ഗ്രീന്‍ ലാന്‍ഡിനെ ഏറ്റെടുക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് മാക്രോണിന്റെ മുന്നറിയിപ്പ്. അടുത്തകാലത്തായി യു.എസിന്റെ ഭാഗത്ത് നിന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരായ ഭീഷണികളിലുണ്ടായ കുറവ് ശാശ്വതമാണെന്ന് തെറ്റിദ്ധരിക്കരുത്.

ട്രംപ് പരസ്യമായി തന്നെ യൂറോപ്യന്‍ വിരുദ്ധമാണെന്നും യൂറോപ്യന്‍ യൂണിയനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മാക്രോണ്‍ ആരോപിച്ചു.

‘ഭീഷണികള്‍ ഉയര്‍ത്തി പൊടുന്നനെ യു.എസ് അതില്‍ നിന്നും പിന്‍വാങ്ങുന്നു. എല്ലാം അവസാനിച്ചെന്ന് നമ്മള്‍ കരുതും, പക്ഷെ യു.എസിനെ ഒരു നിമിഷത്തേക്ക് പോലും വിശ്വസിക്കരുത്,’ മാക്രോണ്‍ പറഞ്ഞു.

പ്രത്യക്ഷമായ ആക്രമണം ഉണ്ടാകുമ്പോള്‍ അതിന് വഴങ്ങരുത്. ഒരു ഒത്തുതീര്‍പ്പിനും നിന്നുകൊടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യൂറോപ്പിനെ ആശ്രിതത്വത്തിലേക്ക് തള്ളിവിടാനാണ് ട്രംപിന്റെ ശ്രമങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡിജിറ്റല്‍ നിയന്ത്രണത്തിന്റെ പേരിലായിരിക്കും വൈകാതെ ട്രംപിന്റെ യൂറോപിന് നേരെയുള്ള ആക്രമണമെന്നും അദ്ദേഹം വിശദീകരിച്ചു.

Content Highlight: Don’t trust the US even for a moment: Emmanuel Macron

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more