| Monday, 13th July 2026, 3:20 pm

ഇതെന്താ സൂരിയുടെ അത്ഭുതവിളക്കോ? തെലുങ്കില്‍ ഫഫ കലക്കുമെന്ന് തോന്നുന്നു, ഫാന്റസി കോമഡി എന്റര്‍ടൈനറായി ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍

അമര്‍നാഥ് എം.

ഒരു വര്‍ഷത്തിനടുത്തായി മലയാളത്തില്‍ കാണാന്‍ സാധിക്കാത്ത നടനാണ് ഫഹദ് ഫാസില്‍. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ഓടും കുതിര ചാടും കുതിരക്ക് ശേഷം ഫഹദ് മറ്റൊരു മലയാളസിനിമയും കമ്മിറ്റ് ചെയ്തിരുന്നില്ല. തെലുങ്കില്‍ ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍ എന്ന ചിത്രം ചെയ്യുന്നതിനാലായിരുന്നു ഇത്തരത്തില്‍ മറ്റൊരു സിനിമയും ഫഹദ് ചെയ്യാതിരുന്നത്.

വന്‍ ഹൈപ്പിലും ബജറ്റിലുമൊരുങ്ങിയ ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഫാന്റസി കോമഡി ഴോണറിലൊരുങ്ങുന്ന ചിത്രമാണ് ഇതെന്ന് ടീസര്‍ അടിവരയിടുന്നുണ്ട്. സൂരി എന്ന മജീഷ്യനായാണ് ഫഹദ് ഈ ചിത്രത്തില്‍ വേഷമിടുന്നത്. സൂരിയുടെ അടുത്ത് ഒരു പെണ്‍കുട്ടിയെത്തുന്നതും പിന്നീട് അയാള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ കഥയെന്ന് ടീസര്‍ സൂചന നല്‍കുന്നുണ്ട്.

ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍ Photo: Arka Mediaworks/ X.com

ഫഹദിന്റെ ട്രേഡ്മാര്‍ക്ക് കോമഡിയാണ് സിനിമയിലുടനീളമെന്നും ടീസറില്‍ പറഞ്ഞുവെക്കുന്നുണ്ട്. ഫാന്റസി ഴോണറിന് വലിയ സ്‌കോപ്പുള്ള തെലുങ്കില്‍ ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍ ഹിറ്റാകുമെന്നാണ് പ്രതീക്ഷ. സൂരി എന്ന കഥാപാത്രത്തിലൂടെ തെലുങ്കില്‍ നായകനായി ആദ്യ ഹിറ്റ് ഫഫ സ്വന്തമാക്കുമെന്നും സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നു.

ബാഹുബലിയുടെ നിര്‍മാതാക്കളായ അര്‍ക്ക് മീഡിയ വര്‍ക്ക്‌സാണ് ചിത്രത്തിന്റെ നിര്‍മാണം. നവാഗതനായ ശശാങ്ക് യെലേട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജമൗലിയുടെ മകന്‍ എസ്.എസ്. കാര്‍ത്തികേയയും ചിത്രത്തിന്റെ നിര്‍മാണത്തില്‍ ഭാഗമാണ്. അനിമല്‍, എക്കോ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സൗരഭ് സച്ച്‌ദേവയും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. സെപ്റ്റംബര്‍ 11ന് ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍ തിയേറ്ററുകളിലെത്തും.

ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍ Photo: Arka Mediaworks/ X.com

ആവേശത്തിന് ശേഷം എടുത്തുപറയാന്‍ വലിയ ഹിറ്റില്ലാത്ത അവസ്ഥയിലൂടെയാണ് ഫഹദ് കടന്നുപോകുന്നത്. വേട്ടൈയന്‍, ബോഗെയ്ന്‍വില്ല,പുഷ്പ 2 തുടങ്ങിയ സിനിമകളില്‍ ഫഹദിന്റെ കഥാപാത്രം ഒരുപാട് ട്രോളുകള്‍ക്ക് വിധേയമായി. നായകനായി അഭിനയിച്ച മാരീസന്‍, ഓടും കുതിര ചാടും കുതിര എന്നീ ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ പരാജയമായി മാറി.

മലയാളത്തിലും തമിഴിലും നായകനായ സിനിമകള്‍ പരാജയമായ ഫഹദിന് ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍ വലിയ കടമ്പയാണ്. ചിത്രം ഹിറ്റാകാതെ പോയാല്‍ വരാനിരിക്കുന്ന പ്രൊജക്ടുകളെയടക്കം ബാധിച്ചേക്കും. ജീത്തു ജോസഫുമായുള്ള പ്രൊജക്ടക്കം പല സിനിമകളും ഫഹദിന്റെ ഡേറ്റ് ലഭിച്ച ശേഷം ഷൂട്ട് തുടരാന്‍ കാത്തിരിക്കുകയാണ്.

Content Highlight: Don’t Trouble the Trouble teaser out Now

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more