| Friday, 2nd October 2026, 4:43 pm

ഫഹദിന്റെ സര്‍വ്വം മായ... പ്രേക്ഷകര്‍ക്ക് ട്രബിള്‍

അമര്‍നാഥ് എം.

സാക്ഷാല്‍ രാജമൗലിയുടെ നിര്‍മാണത്തില്‍ മലയാളത്തിന്റെ ഫഹദ് ഫാസില്‍ തെലുങ്കില്‍ ആദ്യമായി നായകനാകുന്ന ചിത്രം. അനൗണ്‍സ്‌മെന്റ് സമയത്ത് അത്യാവശ്യം ഹൈപ്പ് ലഭിച്ച പ്രൊജക്ടായിരുന്നു ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍. എന്നാല്‍ രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ട് ഈ ഹൈപ്പ് കുറച്ചു. മലയാളത്തിലും തമിഴിലും തെലുങ്കിലും ഫഹദും രാജമൗലിയുമെല്ലാം ഓടിനടന്ന് പ്രൊമോഷന്‍ ചെയ്ത ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.

തെലുങ്കിലും തമിഴിലും വില്ലനായും സഹനടനായും മാത്രം ഒതുങ്ങിനിന്ന ഫഹദ് ആദ്യമായി മറ്റൊരു ഭാഷയില്‍ സോളോ ഹീറോയാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലറും പാട്ടുകളുമൊന്നും വലിയ ഹൈ സമ്മാനിച്ചില്ല. എടുത്തുപറയാന്‍ പുതിയതായി ഒന്നുമില്ലാത്ത ഫാന്റസി ഫീല്‍ ഗുഡ് സിനിമയെന്ന് ഡോണ്ട് ട്രബിള്‍ ദ ട്രബിളിനെ വിശേഷിപ്പിക്കാം.

ട്രോള്‍ വീഡിയോകളിലൂടെ പരിചിതമായ ബാലയ്യയുടെ വിശ്വവിഖ്യാതമായ ഡയലോഗ് ടൈറ്റിലായി അവതരിപ്പിച്ചത് മാത്രമാണ് ചിത്രത്തിലെ പുതുമ. ടൈറ്റിലും സിനിമയും തമ്മിലുള്ള ബന്ധം അന്വേഷിച്ച് ചെന്നാല്‍ നിരാശയാകും ഫലം. കാശുണ്ടാക്കാന്‍ എന്ത് ഉഡായിപ്പും കാണിക്കുന്ന സൂരി എന്ന ആംബുലന്‍സ് ഡ്രൈവറിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

പണമാണ് എല്ലാം എന്ന് വിചാരിച്ച് ജീവിക്കുന്ന സൂരിയുടെ ലൈഫിലേക്ക് ദിവ്യ എന്ന പെണ്‍കുട്ടി കടന്നുവരുന്നതും പിന്നീട് നടക്കുന്ന സംഭവവികാസങ്ങളുമാണ് രണ്ട് മണിക്കൂര്‍ 38 മിനിറ്റുള്ള ഈ ചിത്രം പറയുന്നത്. സിനിമയുടെ ഒരു പോയിന്റെത്തുമ്പോള്‍ ഇത് സര്‍വ്വം മായ അല്ലേ എന്ന് നമുക്ക് തോന്നും.

കോപ്പിയടിയാണെന്ന് നമ്മളെക്കൊണ്ട് പറയാതിരിക്കാന്‍ കുറച്ച് മാജിക്കും പിന്നെ കുറച്ച് ചെയ്‌സിങ്ങുമെല്ലാം കാണിച്ച് ട്രാക്ക് മാറ്റും. അപ്പോഴും കോര്‍ പ്ലോട്ട് സര്‍വ്വം മായയുടേത് തന്നെയാണ്. ഇന്റര്‍വെല്‍ എന്ന് എഴുതി കാണിക്കുമ്പോള്‍ തന്നെ ക്ലൈമാക്‌സ് എന്താകുമെന്ന് ഏറെക്കുറെ പ്രെഡിക്ട് ചെയ്യാന്‍ പറ്റുന്നുണ്ട്. ആ പ്രെഡിക്ടബിളിറ്റിയെ അവസാനം വരെ സംവിധായകന്‍ കാത്തു സൂക്ഷിച്ചിട്ടുണ്ട്.

മഞ്ഞുമ്മല്‍ ബോയ്‌സ് പോലെ ടെന്‍ഷനടിപ്പിക്കുന്ന ക്ലൈമാക്‌സ് വേണമെന്ന ചിന്തയില്‍ അതേ സീന്‍ റീക്രിയേറ്റ് ചെയ്ത് സംവിധായകനും കൂട്ടരും അധ്വാനം കുറച്ചുതന്നതും ‘പുതുമ’ സമ്മാനിച്ചു. രണ്ടാം പകുതിയിലെ ഒരു സീന്‍ കണ്ടപ്പോള്‍ ഈ സിനിമയുടെ പേര് ‘സൂരിയും അത്ഭുതവിളക്കും’ എന്ന് ആക്കിയിരുന്നെങ്കില്‍ നന്നായേനെ എന്ന് തോന്നിപ്പോയി.

പെര്‍ഫോമന്‍സിന്റെ കാര്യത്തിലേക്ക് വന്നാല്‍ ഫഹദിന് കേക്ക് വാക്ക് റോളായിരുന്നു സൂരി. ഞാന്‍ പ്രകാശന്‍, പാച്ചുവും അത്ഭുതവിളക്കും, ഇന്ത്യന്‍ പ്രണയകഥ തുടങ്ങിയ സിനിമകളിലൊക്കെ കണ്ട അതേ ടൈപ്പ് കഥാപാത്രമാണ് സൂരി. ഓവര്‍ ദി ടോപ് പെര്‍ഫോമന്‍സുള്ള സീനുകളെല്ലാം കൈയടക്കത്തോടെ ചെയ്തുവെച്ചിട്ടുണ്ട്.

സാറ പാലേകര്‍… ഫഹദിനൊപ്പം ആദ്യാവസാനം സ്‌ക്രീന്‍ ടൈമുള്ള കഥാപാത്രമായിരുന്നു സാറയുടെ ദിവ്യ. മാജിക്കുകാരിയായി രംഗത്തെത്തുന്ന സാറ ഫഹദിനൊപ്പം കട്ടക്ക് പിടിച്ച് നിന്നിട്ടുണ്ട്. ഇമോഷണല്‍ സീനുകളെല്ലാം സാറയില്‍ ഭദ്രമായിരുന്നു. സൂരി- ദിവ്യ കോമ്പോ സീനുകള്‍ ഒട്ടും മടുപ്പുണ്ടാക്കിയില്ല. സപ്പോര്‍ട്ടിങ് കാസ്റ്റില്‍ സൗരഭ് സച്ച്‌ദേവ, ദിവ്യ പിള്ളൈ, മഹേഷ് മജ്ഞരേക്കര്‍ തുടങ്ങി വലിയ സ്റ്റാര്‍ കാസ്റ്റ് ഉണ്ടെങ്കിലും 80 ശതമാനം സീനുകളിലും ഫഹദും സാറയും മാത്രമാണുള്ളത്.

കാലഭൈരവയുടെ മ്യൂസിക്കും ബ്രാഡ് ഫ്രാന്‍സിസിന്റെ ഫ്രെയിമുകളും സിനിമയുടെ കൂടെ സഞ്ചരിക്കുന്നുണ്ട്. ചില സീനുകള്‍ കുറച്ചുകൂടി വെട്ടിച്ചുരുക്കിയിരുന്നെങ്കില്‍ എന്ന് മാത്രമേ പ്രവീണ്‍ ആന്റണിയുടെ കട്ടുകള്‍ കാണുമ്പോള്‍ തോന്നുള്ളൂ. രാജമൗലി നിര്‍മിക്കുന്ന സിനിമയായതുകൊണ്ട് വി.എഫ്.എക്‌സ് രംഗങ്ങള്‍ മികച്ചുനിന്നു. ഒരു മാജിക്കല്‍ ഫാന്റസി സിനിമയുടെ അതേ മൂഡ് വി.എഫ്.എക്‌സില്‍ ലഭിച്ചു.

മൊത്തത്തില്‍ നോക്കുമ്പോള്‍ ഒട്ടും മോശമെന്ന് തോന്നാത്ത, എന്നാല്‍ അത്ര നല്ലതെന്ന് പറയാനാകാത്ത സിനിമാനുഭവമാണ് ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍. ഒരു സീന്‍ കഴിഞ്ഞാല്‍ അടുത്തത് എന്താകുമെന്ന് പ്രേക്ഷകര്‍ക്ക് പ്രെഡിക്ട് ചെയ്യാന്‍ കഴിയുന്ന സ്‌ക്രിപ്റ്റാണ് ചിത്രത്തിന് തിരിച്ചടിയായത്. ആ സ്‌ക്രിപ്റ്റാണ് സിനിമയുടെ ഏറ്റവും വലിയ ട്രബിളെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല.

Content Highlight: Don’t Trouble the Trouble review

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more