ആലപ്പുഴ: കേരളത്തില്‍ തനിക്കെതിരെയുള്ള വേട്ടയാടല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സി.പി.ഐ.എം മാന്നാര്‍ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതു രീതിയിലും തന്നെ പഴിചാരുക എന്നത് മാത്രമാണ് ഇ.ഡിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ മകള്‍ പഠനം കഴിഞ്ഞ് ആദ്യം ജോലി ചെയ്തത് ‘ഒറാക്കിള്‍’ എന്ന പ്രമുഖ സ്ഥാപനത്തിലാണ്. വിവാഹശേഷം ആ ജോലി ഉപേക്ഷിച്ച് സ്വന്തം നിലയ്ക്ക് സ്ഥാപനം തുടങ്ങുകയായിരുന്നു. അവിടെ തുടര്‍ന്നിരുന്നെങ്കില്‍ വലിയ ശമ്പളം ലഭിക്കുമായിരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം എടുത്തത്.
ഇതിനിടയില്‍, മതതീവ്രവാദികള്‍ നടത്തുന്ന സ്ഥാപനത്തിന് ഐ.ടി സേവനം നല്‍കുന്നു എന്ന ആരോപണം ചിലര്‍ ഉയര്‍ത്തിയപ്പോള്‍, അത് ഉന്നയിച്ചവര്‍ക്ക് തന്നെ തിരിച്ചടിയാകുമെന്ന് അന്ന് ഞാന്‍ പറഞ്ഞിരുന്നു. പിന്നീട് സി.എം.ആര്‍.എല്‍ കമ്പനിക്ക് നല്‍കിയ സേവനങ്ങള്‍ക്ക് കൃത്യമായി ബാങ്ക് അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചതും അതിനുള്ള നികുതികളെല്ലാം അടച്ചതും. ഇതെല്ലാം വ്യക്തമായ രേഖയിലുള്ള കാര്യങ്ങളാണ്. അതില്‍ പറയുന്ന ഘട്ടത്തിലൊന്നും മുഹമ്മദ് റിയാസ് വീണയുടെ ഭര്‍ത്താവായിട്ടു പോലുമില്ല,’പിണറായി പ്രസംഗത്തില്‍ പറഞ്ഞു.
‘എനിക്കു വേണ്ടി വീണ പണം വാങ്ങിയെന്നും ആ പണം റിയാസ് മുഖേന വിദേശത്തേക്ക് കടത്തിയെന്നുമാണ് ഇപ്പോള്‍ ഇ.ഡി കണ്ടെത്തിയെന്ന് പറയുന്നത്. ഇത്രയും ലജ്ജാകരമായ ആരോപണങ്ങള്‍ ഇ.ഡി ഉന്നയിക്കുമ്പോള്‍, ‘പിണറായി വിജയന്‍ മൂന്നു കോടി രൂപ കൈക്കൂലി വാങ്ങി’ എന്ന് വലിയ അക്ഷരങ്ങളിലാണ് ചില മാധ്യമങ്ങള്‍ കൊടുക്കുന്നത്.
വലിയ അച്ചില്‍ കൊടുത്തത് കൊണ്ട് മാത്രം ജനങ്ങള്‍ അത് വിശ്വസിക്കുമോ? മാധ്യമങ്ങളുടെ രോഷവും പകയും കൊണ്ട് വലിയ അക്ഷരത്തില്‍ വാര്‍ത്തകള്‍ കൊടുത്താല്‍ തീരുന്നതല്ല എന്റെ ജീവിതം, അത് ജനങ്ങള്‍ക്ക് മുന്നില്‍ എന്നും തുറന്ന ഒരു പുസ്തകമാണ്,’പിണറായി പറഞ്ഞു.
സി.എം.ആര്‍.എല്‍-എക്സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ച് ഇ.ഡി സംസ്ഥാന ഡി.ജി.പിക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു.
മുഹമ്മദ് റിയാസിനെതിരെയും പിണറായിയുടെ മകള്‍ ടി. വീണക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനും ഇ.ഡിയുടെ കത്തില്‍ ആവശ്യപ്പെടുന്നു. പിണറായി വിജയന്‍ സി.എം.ആര്‍.എല്ലില്‍നിന്ന് 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ഇ.ഡി നല്‍കിയ കത്തില്‍ പറയുന്നതായാണ് വിവരം.
Content Highlights: Don’t think you can break us; the persecution began long ago: Pinarayi Vijayan calls ED’s move shameful.