ന്യുദൽഹി: മോദി സർക്കാർ അധികാരത്തിൽ നിന്ന് താഴെയിറങ്ങാതെ തന്റെ മകൻ ഉമർ ഖാലിദ് ജയിലിൽ നിന്ന് പുറത്തിറങ്ങുമെന്ന് കരുതുന്നില്ലെന്ന് ഉമർ ഖാലിദിന്റെ മാതാവ് സബീഹ ഖാൻ. ആറ് വർഷമായി മകൻ ജയിലിലാണെങ്കിലും നീതിന്യായ വ്യവസ്ഥയിൽ ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും സമ്മർദങ്ങളില്ലാതെ ശരിയായ വിധി പുറപ്പെടുവിക്കുന്ന ഒരു ജഡ്ജി ഉണ്ടാകുമെന്ന് വിശ്വസിക്കുന്നതായും അവർ പറഞ്ഞു.
ഉമർ ഖാലിദിന്റെ പുതിയ പുസ്തകമായ Fractured Communities: Adivasi Histories and the Politics of Power പ്രകാശനവുമായി ബന്ധപ്പെട്ട് ദൽഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സബീഹ ഖാൻ. ഉമർ ഖാലിദിന്റെ 39-ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി.
എഴുത്തിലൂടെയും പുസ്തകങ്ങളിലൂടെയും ഉമർ ഇപ്പോഴും ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്നും ഇത് അദ്ദേഹത്തെ കൂടുതൽ അടുത്തറിയാൻ സഹായിക്കുമെന്നും സബീഹ ഖാൻ പറഞ്ഞു. ദീർഘകാല ജയിൽവാസത്തിനിടയിലും വലിയ ധൈര്യത്തോടെയാണ് ഉമർ സാഹചര്യങ്ങളെ നേരിടുന്നതെന്നും തന്റെ നിലപാടുകൾ എഴുത്തിലൂടെ ജനങ്ങളിലെത്തിക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
2020ലെ ദൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ യു.എ.പി.എ ചുമത്തി ജയിലിലടച്ച ആക്ടിവിസ്റ്റും ജെ.എൻ.യു മുൻ ഗവേഷകനുമായ ഉമർ ഖാലിദിന് കഴിഞ്ഞ ആറ് വർഷമായി ജാമ്യം ലഭിച്ചിട്ടില്ല.
അതേസമയം, ഉമർ ഖാലിദിന്റെ വിഷയത്തിൽ പ്രതിപക്ഷം മൗനം പാലിക്കുകയാണെന്നും സബീഹ ഖാൻ വിമർശിച്ചു. വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയമായിരിക്കാം പ്രതിപക്ഷത്തിന്റെ മൗനത്തിന് കാരണമെന്നും അവർ പറഞ്ഞു.
ഉമർ ഖാലിദിനെ ‘ദേശദ്രോഹി’യായി ചിത്രീകരിക്കുന്നതിൽ മാധ്യമങ്ങൾക്കും വലിയ പങ്കുണ്ടെന്ന വിമർശനം സബീഹ ഖാൻ ഉന്നയിച്ചു. സർക്കാർ നിശ്ചയിച്ച പരിധിക്കപ്പുറം സംസാരിച്ചാൽ ഉമർ ഖാലിദിന് സംഭവിച്ചതുപോലെ നടപടികൾ നേരിടേണ്ടിവരുമെന്ന സന്ദേശമാണ് മുസ്‌ലിം യുവാക്കൾക്ക് നൽകുന്നതെന്നും അവർ പറഞ്ഞു.
Content Highlight :“Don’t think my son will be released unless the Modi government steps down”: Umar Khalid’s mother