മോസ്‌കോ: റഷ്യയിലെ പ്രധാന എണ്ണക്കമ്പനികള്‍ക്ക് യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ പ്രതികരിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ഉപരോധം ഗുരുതരമാണെങ്കിലും അത് റഷ്യയുടെ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കില്ലെന്ന് പുടിന്‍ പറഞ്ഞു.
‘തീര്‍ച്ചയായും നമുക്ക് ഉപരോധം ഗുരുതരമാണ് അത് വ്യക്തവുമാണ്. പ്രത്യാഘാതങ്ങള്‍ ഉണ്ടാവുകയും ചെയ്യും. എന്നാല്‍ അവ നമ്മുടെ സാമ്പത്തിക ക്ഷേമത്തെ കാര്യമായി ബാധിക്കില്ല’, പുടിന്‍ പറഞ്ഞു.
യു.എസിന്റെ പ്രവൃത്തിയെ സൗഹൃദവിരുദ്ധമെന്നും പുടിന്‍ വിമര്‍ശിച്ചു. യു.എസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പുടിന്‍ സൂചന നല്‍കി. തര്‍ക്കങ്ങളേക്കാള്‍ നല്ലത് ചര്‍ച്ചയാണ്. യുദ്ധത്തേക്കാള്‍ നല്ലത് സംഭാഷണങ്ങളാണ് എന്നതിനാല്‍ റഷ്യ എന്നും ചര്‍ച്ചയെ പിന്തുണക്കുന്നുണ്ടെന്ന് പുടിന്‍ വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
യു.എസ് ഉക്രൈന് ആയുധം നല്‍കുന്നതിനെയും റഷ്യന്‍ പ്രസിഡന്റ് വിമര്‍ശിച്ചു. യു.എസ് നിര്‍മിത ടോമോഹാക്ക് മിസൈല്‍ ഉപയോഗിച്ച് ഉക്രൈന്‍ റഷ്യയെ ആക്രമിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി.
റഷ്യയിലെ ഏറ്റവും വലിയ എണ്ണ കമ്പനികളായ റോസ്‌നെഫ്റ്റിനും ലുക്കോയിലും നേരെയാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപരോധം ഏര്‍പ്പെടുത്തിയത്. ബുധനാഴ്ചയായിരുന്നു പ്രഖ്യാപനം. ട്രംപിന്റെ രണ്ടാം ഭരണകൂടത്തിന്റെ ആദ്യത്തെ റഷ്യക്ക് എതിരായ ഉപരോധമാണിത്. ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനായി സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമാണ് ഉപരോധമെന്നാണ് വിശദീകരണം.
അതേസമയം, ട്രംപിന്റെ ഉപരോധ പ്രഖ്യാപനത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില വര്‍ധിച്ചു. അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞനിരക്കില്‍ വ്യാപാരം നടക്കുകയായിരുന്ന ക്രൂഡോയില്‍ വിലയില്‍ 3 ശതമാനത്തിലേറെ വര്‍ധനയാണുണ്ടായത്.
Content Highlight: Oil company sanctions are serious; Don’t think can use US Tomahawk against Russia: Putin